NEWS

കൊല്ലത്ത് മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊല്ലം: വേനൽമഴയ്ക്കൊപ്പം കാറ്റും ചേർന്നതോടെ കൊല്ലം ജില്ലയിൽ വ്യാപക നാശനഷ്ടം.പത്തനാപുരം തലവൂര്‍,വിളക്കുടി, പട്ടാഴി തുടങ്ങിയ പ്രദേശങ്ങളിലാണ്  മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്.
മരം വീണ് നാല് വീടുകള്‍ തകര്‍ന്നു.കുണ്ടറ പടി തിരുവോണം വീട്ടില്‍ അജയകുമാര്‍, മഞ്ഞക്കാല ഗീത ഭവനത്തില്‍ വിജയമ്മ , സത്യമുക്ക് ചന്ദ്രവിലാസത്തില്‍ രാഘവന്‍ പിള്ള, കമുകുംചേരി ലളിത എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.വാഴ, മരച്ചീനി, ചേന, വെറ്റില, പയര്‍, പടവലം, പാവല്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ കാര്‍ഷികവിളകള്‍ നശിച്ചു.പനംപറ്റ പുനലൂര്‍ പ്രധാന പാതയില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

പത്തനാപുരം ഫയര്‍ഫോഴ്സ് യൂണിറ്റിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ച്‌ മാറ്റി ഗതാഗതം പുനരാരംഭിച്ചത്. പിടവൂര്‍, പനംപറ്റ , കമുകുംചേരി . പുളി വിള, പഴഞ്ഞീക്കടവ് , പട്ടാഴി , തലവൂര്‍,ആവണീശ്വരം മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.

കുന്നത്തൂർ താലൂക്കിലെ മിക്ക പ്രദേശങ്ങളിലും മഴ നാശം വിതച്ചു. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞു വീണും ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും നിലം പതിച്ചതിനാൽ വൈദ്യുതി ബന്ധം താറുമാറായി. താലൂക്കിലെ മിക്ക പാടശേഖരങ്ങളിലും വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചത്. നേന്ത്രവാഴ, വെറ്റില, മരച്ചീനി, പയർ അടക്കമുള്ളവ നശിച്ചു. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്തിരുന്ന ആയിരക്കണക്കിന് ഏത്ത വാഴകൾ ഒടിഞ്ഞു വീണു. കര പ്രദേശങ്ങളിലെ കൃഷിയും നശിച്ചിട്ടുണ്ട്.
ശാസ്താംകോട്ട പഞ്ചായത്തിലെ കരിന്തോട്ടുവ പെരുവേലിക്കര ലക്ഷ്മിയിൽ രാജീവിന്റ 900 മൂട് ഏത്ത വാഴകൾ ഒടിഞ്ഞു വീണു. കുലച്ചതും കുലയ്ക്കാറായതുമായ വാഴകളാണ് നിലം പതിച്ചത്. കുന്നത്തൂർ തൊളിക്കൽ ഏല, തമിഴംകുളം ഏല, മൈനാഗപ്പള്ളി വെട്ടിക്കോട്ട് ഏല, പോരുവഴി വെൺകുളം ഏല, മുതുപിലാക്കാട്, പടിഞ്ഞാറെ കല്ലട എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശം സംഭവിച്ചു. വീട്ടുപറമ്പുകളിൽ മരങ്ങൾ പിഴുവീണു. പലയിടത്തും വൈകിട്ടോടെ നിലച്ച വൈദ്യുതി ബന്ധം രാത്രി വൈകിയും പുന: സ്ഥാപിക്കാനായിട്ടില്ല. മരങ്ങൾ വീണും മറ്റും വിവിധയിടങ്ങളിൽ വീടുകൾക്കും. തൊഴുത്തുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വേനൽ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റും ഇടിയും മിന്നലും താലൂക്കിലെ ഇന്റർനെറ്റ് സംവിധാനത്തെയും ബാധിച്ചിട്ടുണ്ട്.
അതേസമയം കനത്തമഴയിൽ പത്തനംതിട്ട കോന്നി ആനക്കൂട് റോഡിലെ കടകളിൽ വെള്ളം കയറി.

Back to top button
error: