Environment

മഞ്ഞും മഴയും മാടി വിളിക്കുന്ന കാനനഭംഗി; കേരളത്തിന്റെയും തമിഴ്നാടിന്റെയും സ്വന്തം ശിരുവാണി…!

യാത്ര: ഏബ്രഹാം വറുഗീസ്

പാലക്കാട് ജില്ലയിൽ തമിഴ്നാടിനോട് ചേർന്ന് നിറയെ ഔഷധസസ്യങ്ങളുള്ള കൊടും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമാണ് ശിരുവാണി. ശിരുവാണി ഡാമും കാടിന്റെ ഒത്ത നടുവിലുള്ള പട്യാർ ബംഗ്ലാവിലെ താമസവുമാണ് ഇവിടുത്തെ മുഖ്യ ആകർഷണങ്ങൾ. പാലക്കാടൻ മലനിരകളിലെ തന്നെ ഏറ്റവും ഭംഗിയേറിയ അഗളി ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമാണ് ശിരുവാണി. പാലക്കിട്ടുനിന്നും മണ്ണാര്‍ക്കാട്, ചിറക്കല്‍പടി, പാലക്കയം വഴി 18 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ ശിരുവാണി ഡാമിലെത്താം. ഡാമിന്റെ എട്ടുകിലോമീറ്റർ മുമ്പിലായി ഇഞ്ചികുത്ത് എന്ന സ്ഥലത്ത് ഒരു ചെക് പോസ്റ്റുണ്ട്.

ചെക്പോസ്റ്റ് വരെ ആൾതാമസമുള്ള സ്ഥലങ്ങളാണ്. പാലക്കാടൻ ഭൂപ്രകൃതിയ്ക്കും കാലാവസ്ഥയ്ക്കും ഒട്ടും ചേരാത്ത റബർ കൃഷിയാണ് ഇവിടങ്ങളിൽ നിറയെ. പിന്നെ കൊടും കാടാണ്. ഇവിടെ നിന്ന് ഡാമിലേക്കുള്ള യാത്രയും കൊടുംവനത്തിനകത്തെ പട്യാര്‍ ബംഗ്ലാവിലെ താമസവുമാണ് ശിരുവാണി യാത്രയിലെ പ്രധാന ആകർഷണം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് മൂന്നുവരെയാണ് ഇവിടേക്കു സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. സ്വകാര്യ വാഹനങ്ങള്‍ക്കും വനത്തിനുള്ളിലേക്കു കടന്നുപോകാം. സര്‍ക്കാര്‍ വാഹനത്തില്‍ ഒരാള്‍ക്ക് 230 രൂപയും സ്വകാര്യ വാഹനത്തില്‍ 500 രൂപയുമാണ് ചാര്‍ജ്, ഗൈഡ് ഫീസ് വേറെയും. മൂന്നു മണിക്കൂറാണ് വനയാത്ര. തമിഴ്‌നാട് അതിര്‍ത്തിയില്‍ യാത്ര അവസാനിക്കും. പിന്നെ മലമുകളിലേക്കുള്ള കയറ്റമാണ്.

ബംഗ്ലാവിലെ താമസം

എം.എല്‍.എ, മന്ത്രി, ജില്ലാ ഫോറസ്റ്റ് ഓഫിസര്‍, ഇവരിൽ ആരുടെയെങ്കിലും അനുവാദത്തോടു മാത്രമേ പട്യാര്‍ ബംഗ്ലാവിലെ താമസം സാധ്യമാവുകയുള്ളൂ. ഒരാള്‍ക്ക് 600 രൂപയാണ് ചാർജ്. വൈകിട്ട് നാലിനു മുന്‍പായി ഇവിടെ എത്തുണം. ഇരുട്ടായാല്‍ കാട്ടാനകള്‍ കൂട്ടമായി ഇറങ്ങാന്‍ സാധ്യതയുണ്ട്. രണ്ടു റൂമുകളുള്ള ബംഗ്ലാവില്‍ ഒരു റൂമില്‍ അഞ്ചു പേര്‍ക്കു താമസിക്കാം. കിച്ചണും കുക്കും ഇവിടെയുണ്ട്. പുലര്‍ച്ചെ അഞ്ചിനു മുമ്പെങ്കിലും എഴുന്നേറ്റാലെ കാടിന്റെ മനോഹരദൃശ്യങ്ങൾ മുഴുവനായും ആസ്വദിക്കാൻ കഴിയൂ. കാടിന്റെ ഏകദേശ ഭാഗങ്ങളും ഡാമും ബംഗ്ലാവിലിരുന്നു തന്നെ കാണാം. കേരളത്തിലെ മറ്റു വന്യജീവി വനങ്ങളെ അപേക്ഷിച്ച് ശിരുവാണി വനം കൂടുതല്‍ സാന്ദ്രതയുള്ളതാണ്. ആനയും പുലിയും കരടിയും എല്ലാം യഥേഷ്ടം വിഹരിക്കുന്ന കാട്. അൽപ്പം ഭീതിയോടെയാണെങ്കിലും ശിരുവാണി യാത്ര വളരെ ആസ്വാദ്യകരമായ ഒന്നാണ്.

ഡാമിന്റെ നിര്‍മാണം

ശിരുവാണി ഡാമിന്റെ നിര്‍മാണം തുടങ്ങിയത് 1927ല്‍ ആണ്. പക്ഷേ, ഭൂമിശാസ്ത്രപരമായ കിടപ്പും വന്യമൃഗങ്ങളുടെ ശല്യവും നിര്‍മാണത്തിനു കനത്ത വെല്ലുവിളിയായി. തൊഴിലാളികളെ ഇരുട്ടുപാളയം എന്ന സ്ഥലത്തു താമസിപ്പിച്ചാണ് നിര്‍മാണം നടത്തിയത്. ഡാമിന്റെ പണിക്കായി തൊഴിലാളികൾ കുതിരപ്പുറത്തു പോകുമ്പോള്‍ തോക്കേന്തിയ സെക്യൂരിറ്റിക്കാരും ഒപ്പമുണ്ടാകുമായിരുന്നു. വെറും 23 അടി മാത്രം ഉയരമുള്ള ഡാം അന്ന് ഉണ്ടാക്കിയത് 2,17,725 രൂപയ്ക്കാണ്. പിന്നീട് 1973ല്‍ കേരള-തമിഴ്‌നാട് ഗവണ്മന്റുകള്‍ തമ്മിലുള്ള ധാരണ പ്രകാരമാണ് ഇപ്പോഴത്തെ രീതിയിലുള്ള ഡാം പണി കഴിപ്പിച്ചത്. അതിന്റെ ഉയരം 57 മീറ്റര്‍ ആണ്. നീളം 224 മീറ്ററും. ചെറുതും വലുതുമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 1984 വരെയും തുടര്‍ന്നു. കേരളത്തിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ഈ ഡാമിലെ വെള്ളം മുഴുവന്‍ ഉപയോഗിക്കുന്നത് തമിഴ്‌നാടാണ്. പഴയ കരാർ പ്രകാരമാണത്.

മുത്തികുളം വെള്ളച്ചാട്ടം

പാട്യാര്‍ പിന്നിട്ട് ഏകദേശം18 കിലോമീറ്റര്‍ മുന്നോട്ടുപോയാല്‍, മുത്തികുളം വെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യങ്ങൾ കാണാം. മുത്തിക്കുളമാണ് പ്രദേശത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം. അടുത്തടുത്തായി ധാരാളം കൊച്ചു കൊച്ചു വെള്ളച്ചാട്ടങ്ങളും ഉണ്ട്. വിദൂരത്തായി ഒരു കരിവീരനെപ്പോലെ തലയുയർത്തി നിൽക്കുന്ന കരിമലയുടെ ദൃശ്യം ഒന്നു കാണേണ്ടതു തന്നെ…! കാഴ്ചയില്‍ തന്നെ ഒരു രൗദ്രഭാവമാണ് കരിമലയ്ക്ക്.

നിഗൂഢമായ ഒട്ടനവധി രഹസ്യങ്ങള്‍ പേറുന്നതാണ് ഈ വനഭൂമി. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ഔഷധസസ്യങ്ങൾ ഉള്ളത് ഇവിടെയാണത്രെ! രണ്ടാം ലോകമഹായുദ്ധ കാലത്തു ജര്‍മനിയുടെ ഒരു ആയുധ വിമാനം ഈ വനത്തിനുള്ളില്‍ തകര്‍ന്നു വീണിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ അവശിഷ്ടങ്ങള്‍ ഒന്നും ഇനിയും കണ്ടെത്താനായിട്ടില്ല. ആദിവാസികള്‍ക്കു മാത്രമാണ് വനത്തിന്റെ ഉള്‍ഭാഗത്തേക്കു കടക്കാന്‍ അനുവാദമുള്ളത്.

തമിഴ്‌നാട്ടിലേക്ക്

ബംഗ്ലാവില്‍ നിന്നു ഏകദേശം മൂന്നു കിലോമീറ്റര്‍ കൂടി ചെന്നാല്‍ തമിഴ്‌നാട് അതിര്‍ത്തിയായ കേരളമേടിലെത്തും. അതിര്‍ത്തിക്കിരുവശവും ഓരോ ചെക്‌പോസ്റ്റുണ്ട്. കടുവ, മാന്‍, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ ജീവികളെ രാത്രികാലങ്ങളില്‍ ചെക്‌പോസ്റ്റിനടുത്തു കാണാൻ സാധിക്കും. തമിഴ്‌നാട് ചെക്‌പോസ്റ്റിനു മുകളില്‍ കയറി നോക്കിയാല്‍ കോയമ്പത്തൂര്‍ പട്ടണം കാണാം. പ്രകൃതി സ്‌നേഹികൾക്ക് നല്ലൊരു വിരുന്നാണ് പട്യാര്‍ ബംഗ്ലാവിലെ താമസവും വനയാത്രയും. അത്രയ്ക്കു മനോഹരങ്ങളായ കാഴ്ചകളാണ് ഇവിടുള്ളത്. ശിരുവാണി ട്രക്കിങ്ങിന്റെ സുഖം എടുത്തുപറയേണ്ട ഒന്നുതന്നെ.

ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ ജലമാണത്രെ പാട്ടിയാര്‍ (ശിരുവാണി) പുഴയിലേത്. വനത്തിൽക്കൂടി എണ്ണമറ്റ ഔഷധ സസ്യങ്ങളെ തഴുകി ഒലിച്ചുവരുന്നതുകൊണ്ടാണത്രേ ഇത്. ഗവേഷണങ്ങള്‍ ഇതിനു പിൻബലവും നല്‍കുന്നു. ഇതു കൊണ്ടാവാം തമിഴ്നാട് ശിരുവാണിക്കുമേലുള്ള പിടി അയക്കാത്തത് !!

കേരളത്തിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ശിരുവാണി ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണ്. മുല്ലപ്പെരിയാർ പോലെതന്നെ പഴയ കരാറാണ് വില്ലൻ. കോയമ്പത്തൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്നതും ഇവിടെ നിന്നാണ്. ഹോട്ടലിലോ ലോഡ്ജിലോ എന്നല്ല ഇനി വാടകവീട് തേടിയാണെങ്കിൽപ്പോലും കോയമ്പത്തൂരിൽ എത്തിയാൽ ആദ്യ ചോദ്യം ഇതായിരിക്കും: ശിരുവാണി വാട്ടർ ഇരിക്കറുതാ !

ചരിത്രം

1916ലെ കോടമഞ്ഞ് ഇറങ്ങിയ ഒരു പകലില്‍ ശിരുവാണി കാടിനുള്ളില്‍ ഒരു കുതിരവണ്ടിയുടെ കുളമ്പടി ശബ്ദം മുഴങ്ങിക്കേട്ടു. അപരിചിതമായ ശബ്ദം കേട്ട ജന്തുമൃഗാദികള്‍ അപകടം മണത്തറിഞ്ഞ് ഉള്‍ക്കാട്ടിലേക്കു വലിഞ്ഞു. വാഹനത്തിനു പിന്നാലെ വന്നവര്‍ കുതിരവണ്ടിയില്‍ ഉണ്ടായിരുന്ന സായിപ്പ് ജോണ്‍ ഹണ്ടിന്റെ അജ്ഞാനുസരണം കാടുകള്‍ കീറി വഴിച്ചാലുകള്‍ വെട്ടി. ശിരുവാണിയെന്ന നിബിഡവനത്തില്‍ ആദ്യമായി അങ്ങനെ മനുഷ്യഗന്ധം വീണു. കാടു വെട്ടി 3000 ഏക്കറില്‍ റബര്‍ വച്ചുപിടിപ്പിക്കുകയായിരുന്നു സായിപ്പിന്റെ പദ്ധതി. അതിന്റെ ആദ്യപടിയെന്നവണ്ണം കുതിരകൾക്കു പോകത്തക്കവിധം വഴികള്‍ തീര്‍ത്തു. കൂടെ ഒരു റബര്‍ നഴ്സറിയും കെട്ടിപ്പടുത്തു.

എന്നാല്‍, വിധി മറ്റൊന്നായിരുന്നു.1921ല്‍ മലബാര്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. ലഹളക്കാര്‍ വരുന്നതറിഞ്ഞ് സായിപ്പ് കാട്ടിലൊളിച്ചു. സായിപ്പിനെ തെരഞ്ഞ് കാണാതെ ക്ഷുഭിതരായ ലഹളക്കാര്‍ ബംഗ്ലാവില്‍ ഉണ്ടായിരുന്ന പട്ടികള്‍ക്കു നേരെ തിരിഞ്ഞു. പട്ടികള്‍ പൂട്ട്പൊട്ടിച്ച് നേരെ ഓടിയത് യജമാനന്റെ അടുത്തേക്കും. പട്ടികളെ പിന്തുടര്‍ന്ന് എത്തിയ ലഹളക്കാര്‍ കുഴിയില്‍ ഒളിച്ചിരുന്ന സായിപ്പിനെ കണ്ടെത്തി ആ കുഴിയില്‍ തന്നെയിട്ട് അയാളുടെ കഥ കഴിച്ചു എന്നാണ് ചരിത്രം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker