NEWSWorld

മാസപ്പിറവി ദൃശ്യമായില്ല, കേരളത്തിൽ റംസാൻ വ്രതം ഞായറാഴ്ച തുടങ്ങുമെന്ന് ഹിലാൽ കമ്മിറ്റി

കോഴിക്കോട്: റംസാൻ ഒന്ന് ഞായറാഴ്ചയായിരിക്കും  എന്ന് മുജാഹിദ് വിഭാഗം വ്യക്തമാക്കി. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റമദാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ എൻ എം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനി അറിയിച്ചു. എന്നാൽ  സുന്നി വിഭാഗങ്ങൾ നാളെയെ തീരുമാനം അറിയിക്കുകയുള്ളൂ.

സൗദിയില്‍ നാളെ റമദാന്‍ ഒന്ന്

സൗദിയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായി. സൗദിയില്‍ നാളെ മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും.
മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്നാണ് നാളെ മുതല്‍ റംസാന്‍ വ്രതം ആരംഭിക്കുകയെന്ന് സുപ്രീം കൗണ്‍സില്‍ അറിയിച്ചു.

ദക്ഷിണ ഓസ്ട്രേലിയയിൽ മാസപ്പിറവി ദൃശ്യമായതിനാൽ നാളെ വ്രതം തുടങ്ങും. ഈജിപ്തും നാളെ വ്രതാരംഭം എന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അടുത്ത 11 മാസത്തെ ഉത്തമ ജീവിതത്തിനുള്ള പരിശീലന കാലമാണ് റമദാൻ.

ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതാണ് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം. വിശ്വാസ പ്രഖ്യാപനം, ദിവസത്തിൽ അഞ്ച് നേരം നമസ്കാരം, സകാത്ത് അഥവാ നിർബന്ധ ദാനം, ജീവിതത്തിൽ ഒരിക്കൽ കഴിവുള്ളവൻ ഹജ്ജ് നിർവഹിക്കൽ എന്നിവയാണ് മറ്റു നാല് സ്തംഭങ്ങൾ. ഇവ അഞ്ചും നിർവഹിക്കുമ്പോൾ മാത്രമേ ഒരാൾ യഥാർത്ഥ ഇസ്ലാം മത വിശ്വാസിയാവുകയുള്ളൂ. ശാരീരികവും മാനസികവും സാമ്പത്തികവുമായ മാനങ്ങളുള്ളതാണ് ഇസ്ലാമിലെ മേൽപറഞ്ഞ നിർബന്ധ ആരാധനകൾ.

റമദാനിലെ നോമ്പ് ഒരേസമയം മാനസികവും ശാരീരികവുമായ മാനങ്ങൾ ഉൾക്കൊള്ളുന്ന ആരാധന കർമ്മമാണ്. ഇസ്ലാം മത വിശ്വാസ പ്രകാരം രണ്ട് തരം നോമ്പുകളുണ്ട്. ഒന്ന് നിർബന്ധ നോമ്പ് (ഫർദ് നോമ്പ്), രണ്ട്, ഐച്ഛിക നോമ്പ് (സുന്നത്ത് നോമ്പ്).
നിർബന്ധ നോമ്പ് ആണ് ഇസ്ലാമിക കാലഗണന സമ്പ്രദായ പ്രകാരമുള്ള 12 മാസങ്ങളിൽ ഒന്നായ ‘റമദാൻ’ ലേതാണ്. മറ്റ് 11 മാസങ്ങളിലെ ചില വിശേഷ ദിവസങ്ങളിലും മറ്റും എടുക്കുന്ന നോമ്പാണ് ഐച്ഛിക നോമ്പ് അഥവാ സുന്നത്ത് നോമ്പ്. മറ്റു ആരാധന കർമ്മങ്ങളിൽനിന്ന് ചില വ്യത്യാസങ്ങൾ നോമ്പിനുണ്ട്.

സൗം എന്നാണ് ഖുർആനിൽ വ്രതാനുഷ്ഠാനത്തിന് നൽകിയിട്ടുള്ള പേര്. ഉപേക്ഷിക്കൽ, വെടിയൽ എന്നിവയൊക്കെയാണ് അതി ഭാഷാർഥം. പ്രഭാതം മുതൽ (ഇസ്‌ലാമിന്റെ സാേങ്കതിക സംജ്ഞ പ്രകാരം ഫജ്ർ) പ്രദോഷം വരെ അന്നപാനീയങ്ങളും ലൈംഗിക ബന്ധവും പൂർണമായും ഉപേക്ഷിക്കുക എന്നതാണ് നോമ്പിന്റെ ഭൗതിക രൂപം. ആരാധനാ കർമ്മങ്ങളിലും പ്രാർഥനകളിലും ദാനധർമ്മങ്ങളിലും വർധന വരുത്തി, സദാ ദൈവത്തെ ധ്യാനിച്ച്, മോശം വാക്കും പ്രവൃത്തിയും ഉപേക്ഷിച്ച് മനസ്സിനെ ശുദ്ധീകരിക്കുക എന്നതാണ് നോമ്പിന്റെ ആത്മീയ രൂപം. ബുദ്ധിയും പ്രായപൂർത്തിയും നോമ്പനുഷ്ഠിക്കാൻ ആരോഗ്യ ശേഷിയുമുള്ള എല്ലാ മുസ്‌ലിമിനും റമദാൻ വ്രതാനുഷ്ഠാനം നിർബന്ധമാണ്. രോഗികൾക്കും യാത്രക്കാർക്കും ആർത്തവകാരികൾക്കും പ്രസവരക്തമുള്ളവർക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പിൽ ഇളവുണ്ട്. ഏഴ് വയസ്സായ കുട്ടിയെ നോമ്പനുഷ്ഠിക്കാൻ രക്ഷിതാക്കൾ പരിശീലിപ്പിച്ചു തുടങ്ങണം.

Back to top button
error: