KeralaNEWS

സിക്ക’ പ്രതിരോധം, മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി

സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി.
സംസ്ഥാനം മുഴുവൻ ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദേശം നൽകി.

സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
തിരുവനന്തപുരത്താണ് രോഗം റിപ്പോർട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഫോഗിംഗ് എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇതിനുള്ള മരുന്നുകൾ ആശുപത്രികൾ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാകും.

സംസ്ഥാനത്ത് ആകെ 28 പേർക്കാണ് സിക്ക വൈറസ് ബാധിച്ചത്. നിലവിൽ 8 കേസുകളാണുള്ളത്. അതിൽ മൂന്ന് പേർ ഗർഭിണികളാണ്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്.
സിക്ക വൈറസ് പരിശോധനകൾ വർധിപ്പിക്കും. മൈക്രോ പ്ലാൻ തയ്യാറാക്കിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്.

സിക്ക വൈറസും ഡെങ്കിപ്പനിയും ഈഡിസ് കൊതുകുകളാണ് പരത്തുന്നതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനിൽക്കുന്നു. അതിനാൽ ഇപ്പോഴേ ഫലപ്രദമായി പ്രതിരോധിക്കേണ്ടതാണ്. രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകളുടെ വിവരം ഡി.എം.ഒമാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. അപ്രകാരം തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ഊർജിതമാക്കണം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വരികയാണെന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുതിയ സാഹചര്യം നേരിടാൻ തദ്ദേശ സ്ഥാനങ്ങളെ സജ്ജമാക്കുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദേശം നൽകും. സിക്ക വൈറസ് ബാധിത പ്രദേശങ്ങളിൽ കൊതുക് നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നൽകി വരുന്നു. ഇതോടൊപ്പം ഓരോ വീട്ടിലും ബോധവത്ക്കരണം നടത്തും. വാർഡ് തലം മുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ടു പോകും. രണ്ട് വകുപ്പുകളും ചേർന്ന് യോജിച്ച് പ്രവർത്തിച്ചാൽ മാത്രമേ സിക്ക വൈറസിനെ നേരിടാൻ സാധിക്കൂ. ആരോഗ്യ വകുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എല്ലാ പിന്തുണയും നൽകുന്നതായും മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വിദ്യാർത്ഥികളിലൂടെയും അവബോധം ശക്തമാക്കാനും യോഗം നിർദേശിച്ചു. ഓൺലൈൻ പഠത്തിന്റെ ഭാഗമായി തന്നെ ബോധവത്ക്കരണം വീടുകളിലെത്തിച്ചാൽ വലിയ ഗുണം ലഭിക്കും. കുടുംബശ്രീ വഴിയും ബോധവത്ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ഡി.എം.ഒ.മാർ, ഇരു വകുപ്പിലേയും ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker