IndiaNEWS

ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചുതൂങ്ങി തെല്ലുനേരം, പിന്നെ പിടിവിട്ട് ഒമ്പതാംനിലയില്‍നിന്ന് യുവതി താഴേക്ക്…

ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭർത്താവ് തന്നെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്

ഗാസിയബാദ്: ഒമ്പതാം നിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വീഡിയോയിലുള്ളവരെ തിരിച്ചറിഞ്ഞതായും എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ചൊവ്വാഴ്ചയാണ് ഗാസിയബാദ് ക്രോസിങ്സ് റിപ്പബ്ലിക്കിലെ ഫ്ളാറ്റിൽനിന്ന് വീണ് 30 വയസ്സുകാരിക്ക് ഗുരുതരമായി പരിക്കേറ്റത്. ഒമ്പതാം നിലയിലെ ഫ്ളാറ്റിന്റെ ബാൽക്കണിയിൽനിന്നാണ് യുവതി വീണത്. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

യുവതി അല്പനേരം ഭർത്താവിന്റെ കൈയിൽ പിടിച്ചുതൂങ്ങി ബാൽക്കണിയിൽ നിൽക്കുന്നതും പിന്നീട് പിടിവിട്ട് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. വീഡിയോയിലുള്ള ദമ്പതിമാർ കഴിഞ്ഞ രണ്ടു വർഷമായി ക്രോസിങ്സ് റിപ്പബ്ലിക്കിലെ സാവിയർ ഗ്രീൻഐസിൽ അപ്പാർട്ട്മെന്റിൽ താമസിച്ചുവരികയാണത്രേ. അപകടത്തിന് മുമ്പ് ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ മൊഴി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അപകടം നടന്നതെന്നും എന്നാൽ വഴക്കിന് കാരണം എന്താണെന്നോ എങ്ങനെയാണ് യുവതി വീണതെന്നോ ഇതുവരെ വ്യക്തമായിട്ടില്ലെന്നും സമീപവാസികൾ പറയുന്നു.

യുവതി താഴേക്ക് വീണതിന് പിന്നാലെ ഭർത്താവ് ഒമ്പതാം നിലയിൽനിന്ന് ഓടിയെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഭർത്താവ് തന്നെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് ഭർത്താവോ സമീപവാസികളോ ഹൗസിങ് സൊസൈറ്റിയിലെ സുരക്ഷാ ഏജൻസിയോ പോലീസിൽ വിവരമറിയിച്ചില്ല. പോലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഇവർ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായാൽ പോലീസിൽ വിവരമറിയിക്കണമെന്ന് താമസക്കാർക്കും സുരക്ഷാ ഏജൻസിക്കും കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് വിജയ്നഗർ എസ്.എച്ച്.ഒ മഹാവീർ സിങ് പറഞ്ഞു. യുവതിയുടെ ഭർത്താവിനെ പോലീസ് ബന്ധപ്പെട്ടിരുന്നു. നിലവിൽ അദ്ദേഹം ഭാര്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലാണുള്ളത്. വൈകാതെ പോലീസ് സംഘം അദ്ദേഹത്തെ വിശദമായി ചോദ്യംചെയ്യും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker