KeralaNEWS

“ലൈംഗിക വീരന്മാരായ വൈദികർക്ക് ഇരയാകുന്ന കന്യാസ്ത്രീകളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നു…”

പൊലീസ് സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി

കൊച്ചി: ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ സംഭവത്തിനാണ് ഇന്ന് ഹൈക്കോടതി സാക്ഷ്യം വഹിച്ചത്. ശിരോ വസ്ത്രം അണിഞ്ഞ് കോടതിയില്‍ സ്വന്തം ഭാഗം വാദിച്ച ആദ്യ കന്യാസ്ത്രീയായി ലൂസി കളപ്പുരക്കല്‍.
മഠത്തിനുള്ളില്‍ നിന്നു കൊണ്ടു നീതിക്കായി പോരാടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വ്യക്തമാക്കി . യാതൊരു കാരണവശാലും മഠത്തില്‍ നിന്ന് ഇറങ്ങില്ല. പൊലീസ് സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി.

ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ട വിഷയമാണ്. താന്‍ എവിടെ താമസിച്ചാലും സുരക്ഷ നല്‍കണം എന്നാണ് ഉത്തരവ്.
‘സഭയിലെ ലൈംഗിക വീരന്‍മാരായ വൈദികരെ സംരക്ഷിക്കുന്ന സഭാ നേതൃത്വം പീഡനത്തിന് ഇരയാകുന്ന കന്യാസ്ത്രീകളെ തെരുവിലേക്ക് വലിച്ചിഴയ്ക്കുകയാണ്’ സിസ്റ്റര്‍ ലൂസി കളപ്പുര ആരോപിച്ചു.
സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ കൊവിഡ് കാലമായതിനാല്‍ ഹിയറിങ് നടക്കുന്നില്ല. ഹര്‍ജിയില്‍ തീരുമാനം ആകുന്നത് വരെ മഠത്തില്‍ നിന്ന് ഇറങ്ങില്ലെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി. ഹൈക്കോടതിയില്‍ സ്വയം കേസ് വാദിച്ച ശേഷം സിസ്റ്റര്‍ ലൂസി കളപ്പുര മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അഭിഭാഷകരായ രണ്ട് കന്യാസ്ത്രീകള്‍ ഇതിന് മുന്‍പ് കോടതിയില്‍ ഹാജരായിട്ടുണ്ട്.    ‘ ‘ കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് അവസാന നിമിഷം സിസ്റ്റര്‍ ലൂസി കളപ്പുര സ്വയം വക്കാലത്ത് ഏറ്റെടുത്തത്.     ‘സാമ്പത്തിക പരിമിതികളും സ്വയം വാദിക്കുന്നതിന് കാരണമായെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് അനുസരിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തങ്ങാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

മഠത്തില്‍ താമസിക്കുമ്പോള്‍ സുരക്ഷ നല്‍കാനാകില്ല. മഠത്തിന് പുറത്ത് എവിടെ താമസിച്ചാലും സ്വത്തിനും ജീവനും സുരക്ഷ നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കാന്‍ കോടതി പറഞ്ഞു.

മഠത്തില്‍ നിന്ന് പുറത്താക്കിയ ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ രണ്ട് അപ്പീലുകളും വത്തിക്കാന്‍ തള്ളിയതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് മൂന്നാമതും അപ്പീല്‍ ചെയ്യാനും വ്യവസ്ഥയുണ്ടെന്നും ഇതിനുള്ള അവസരം നല്‍കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര വാദിച്ചു.   കാല്‍നൂറ്റാണ്ടിലധികമായി സന്യാസിനിയായി തുടരുന്ന തന്നെ സേവനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് സിസ്റ്റര്‍ ആവശ്യപ്പെട്ടു. പോകാന്‍ മറ്റിടമില്ലെന്നും പൊലീസ് സുരക്ഷ ഇല്ലെങ്കിലും നീതിക്കായി പോരാട്ടം തുടരുമെന്നും ലൂസി കളപ്പുര വ്യക്തമാക്കി. മഠം വിട്ട് പുറത്ത് പോകാറില്ലെന്ന സിസ്റ്റര്‍ ലൂസിയുടെ വാദത്തെ സഭയുടെ അഭിഭാഷകന്‍ എതിര്‍ത്തു. നിരവധി തവണ ലൂസി മഠം വിട്ട് പുറത്ത് പോകുകയും പലയിടങ്ങളിലും യാത്ര ചെയ്യുകയും താമസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
വയനാട് കാരയ്ക്കാമലയിലെ മഠത്തില്‍ നിന്നും കൊച്ചിയില്‍ എത്തിയാണ് കേസ് നടത്തുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker