Sports

ഇംഗ്ലണ്ട് പര്യടനം; ഋഷഭ് പന്തിന് കൊവിഡ് പോസിറ്റീവ്

ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ ടീമിന് തിരിച്ചടിയായി വിക്കറ്റ് കീപ്പർ- ബാറ്റ്സ്മാൻ ഋഷഭ് പന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. എട്ടു ദിവസം മുൻപാണു പന്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതേത്തുടർന്നു പന്തിനെ ലണ്ടനിലെ സുഹൃത്തിന്‍റെ വീട്ടിൽ ഐസൊലേഷനിലാക്കി. ഡർഹമിലെ പരിശീലന മത്സരത്തിനുള്ള ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയിട്ടുമുണ്ട്.

ലക്ഷണങ്ങളില്ലാത്ത കൊവിഡാണു പന്തിനെന്ന് ടീം വൃത്തങ്ങൾ. യുകെയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണെന്നും ജാഗ്രത വേണമെന്നും ചൂണ്ടിക്കാട്ടി ബിസിസിഐ സെക്രട്ടറി ജയ് ഷാ ടീമിന് ഇമെയ്‌ൽ അയച്ചതിനു പിന്നാലെയാണ് ടീമിലെ പ്രമുഖ താരത്തിനു തന്നെ രോഗം സ്ഥിരീകരിച്ചത്. പന്ത് ഇപ്പോൾ ടീമിനൊപ്പമില്ലെന്നും മറ്റാർക്കും വൈറസ് ബാധിച്ചിട്ടില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല.

ഇംഗ്ലണ്ടിൽ ഏറെ പടർന്ന ഡെൽറ്റ വകഭേദമാണു പന്തിനു ബാധിച്ചതെന്നാണു വിവരം. കഴിഞ്ഞമാസം യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്‍റ് കാണാൻ പോയിരുന്നു പന്ത്. ഗ്യാലറിയിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങൾ തിരക്കേറിയ പ്രദേശങ്ങൾ ഒഴിവാക്കണമെന്നു ജയ് ഷാ ഇ മെയ്‌ലിലൂടെ നിർദേശിച്ചത്. വിംബ്‌ൾഡണും യൂറോകപ്പും കാണാൻ പോകുന്നതും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടുമായി ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം. അഞ്ചു ടെസ്റ്റ് മത്സരങ്ങളുണ്ട് പരമ്പരയിൽ. 20നാണ് പരിശീലന മത്സരം. അടുത്തിടെ പാക്കിസ്ഥാനുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങളിൽ ചിലർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker