KeralaNEWS

ഭർത്താവിന്റെ വീട്ടിൽ സിറ്റൗട്ടിൽ കഴിഞ്ഞ യുവതിക്കും കുഞ്ഞിനും സംരക്ഷണം

ഭര്‍ത്താവ് വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് സിറ്റൗട്ടില്‍ കഴിഞ്ഞ യുവതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കി വനിതാ കമ്മീഷന്‍. യുവതിയെ വിളിച്ചു വിവരങ്ങള്‍ ആരാഞ്ഞ കമ്മിഷന്‍ അംഗം ഷിജി ശിവജി ഹേമാംബിക നഗര്‍ പൊലീസിനും വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കും ഇതു സംബന്ധിച്ചു നിര്‍ദേശം നല്‍കി. പത്തനംതിട്ട സ്വദേശി ശ്രുതിയും (24) 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് ഭര്‍ത്താവ് ധോണി ശരണ്യശ്രീയില്‍ മനു കൃഷ്ണന് (31) വീട്ടില്‍ കയറ്റാത്തതിനെ തുടര്‍ന്ന് ഒരാഴ്ചയായി വീടിന്റെ സിറ്റൗട്ടില്‍ കഴിയുന്നത്.

ഭര്‍ത്താവ് മനുവിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്തു. ഒരു വര്‍ഷം മുന്‍പാണു ഇവര്‍ വിവാഹിതരായത്. ഈ മാസം ഒന്നിനാണു പത്തനംതിട്ടയില്‍ നിന്ന് ഇവര്‍ ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭര്‍ത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒന്‍പതാം തീയതി വരെ സമീപത്തെ വീടുകളില്‍ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്ത് വീടിന്റെ സിറ്റൗട്ടില്‍ താമസമാക്കുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടും മറ്റും ഭര്‍ത്താവ് ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും പറയുന്നു. ഇന്‍സ്‌പെക്ടര്‍ എ.സി. വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു.

യുവതിക്കും കുഞ്ഞിനും സംരക്ഷണം നല്‍കണമെന്ന കോടതി നിര്‍ദേശം പാലിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. വീടിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് ഇടപെട്ടു ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ സഹായം നല്‍കുമെന്നും കോടതി ഉത്തരവു ലഭിച്ചാല്‍ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആരോപണങ്ങളൊന്നും ശരിയല്ലെന്നും തിരിച്ചാണ് ഉപദ്രവമെന്നും മനു കൃഷ്ണന്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker