Movie

സിനിമാ മേഖല കുറച്ചു വൈകി തുറന്നാലും കുഴപ്പമില്ല, സിനിമാക്കാരെല്ലാം സമ്പന്നരല്ലേ എന്ന ധാരണ തെറ്റെന്ന് വിധുവിന്‍സെന്‍റ്

ഒന്നാം നിരയില്‍ പെട്ട വിരലില്‍ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാല്‍ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്നവരാണ്

കൊവിഡ് സാഹചര്യത്തിന്റെ പേരില്‍ സിനിമ മേഖലയെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധവുമായി സംവിധായിക വിധു വിന്‍സന്റ്.
ഒരു നിര്‍മ്മാണ മേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന ഉത്പന്ന മേഖലയേയും എന്ന് വിധു പറയുന്നു.
സാംസ്‌കാരിക മേഖലയുടെ പ്രധാനപ്പെട്ട ഉല്പന്നമാണ് സിനിമ. കൂടാതെ ആയിരക്കണക്കിന് പേര്‍ തൊഴിലെടുക്കുന്ന ഇടവും. സിനിമാക്കാരൊക്കെ കാശുകാരല്ലേ എന്ന തോന്നല്‍ വലിയ തെറ്റാണ്. സിനിമയിലെ കാണുന്നതും കാണാത്തതുമായ ജോലികള്‍ ചെയ്യുന്ന ആയിരകണക്കിന് തൊഴിലാളികള്‍ പട്ടിണിയിലാണ്. ഇതൊക്കെ അധികാരത്തില്‍ ഇരിക്കുന്നവര്‍ സൗകര്യ പൂര്‍വ്വം മറക്കുന്നത് എന്താണെന്നാണ് വിധു വിന്‍സന്റ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നത്.

വിധു വിന്‍സന്റിന്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം :

“നിര്‍മ്മാണമേഖല പോലെ തന്നെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ് സിനിമ എന്ന ഉല്പാദന മേഖലയേയും. ഈ കാര്യത്തില്‍ സര്‍ക്കാറിന് തന്നെ ആശയ കുഴപ്പമുണ്ടെന്ന് തോന്നുന്നു. വിനോദത്തിനും വ്യവസായത്തിനും ഇടയില്‍ കൂട്ടുപിണഞ്ഞു കിടക്കുന്ന ഇഴകള്‍ വ്യക്തതയോടെ കാണാന്‍ കാഴ്ചയുള്ളവരുടെ അഭാവമുണ്ടോ സര്‍ക്കാറിന്. സാംസ്‌കാരിക മേഖലയുടെ പ്രധാനപ്പെട്ട ഉല്പന്നമാണ് സിനിമ എന്നതും ആയിരക്കണക്കിന് പേര്‍ ഉപജീവനം നടത്തുന്ന തൊഴിലിടമാണതെന്നും വിനോദനികുതിയടക്കമുള്ള വലിയ വരുമാനം സര്‍ക്കാരിലേക്ക് എത്തുന്ന മേഖലയാണിതെന്നും ഓര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നതെന്ത്…?
സിനിമാ മേഖല ഇത്തിരി വൈകി തുറന്നാലും കുഴപ്പമില്ല, സിനിമാക്കാരെല്ലാം സമ്പന്നരന്നല്ലേ എന്ന തോന്നിലാണെന്ന് തോന്നുന്നു സര്‍ക്കാരും പൊതുജനങ്ങളും.

ചില സ്വകാര്യ സംഭാഷണങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകരായ ചിലര്‍ക്ക് പോലും ഇങ്ങനെയൊരഭിപ്രായം ഉള്ളതായി കണ്ടു. സിനിമാ തൊഴിലാളികള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ചില കമ്പനികളോടു സഹായം ചോദിച്ചപ്പോഴും ഇതേ പ്രതികരണങ്ങള്‍ കേട്ടു. സിനിമാക്കാരൊക്കെ കാശുകാരല്ലേ എന്ന്…?
സിനിമയിലെ കാണുന്നതും കാണാത്തതുമായ ജോലികള്‍ ചെയ്യുന്ന ആയിരകണക്കിന് തൊഴിലാളികള്‍ – ലൈറ്റ് ബോയ്സ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റുകള്‍, ആര്‍ട്ടിലും മേക്കപ്പിലുമൊക്കെ സഹായ പണി ചെയ്യുന്നര്‍ , കേറ്ററിംഗ് ജോലി എടുക്കുന്നവര്‍, ഡ്രൈവര്‍മാര്‍, വിതരണ മേഖലയിലെ പണിക്കാര്‍. ദിവസവേതനക്കാരായ ഇവരാണോ സിനിമയിലെ സമ്പന്നര്‍

ഒന്നാം നിരയില്‍ പെട്ട വിരലില്‍ എണ്ണാവുന്ന ഏതാനും പേരൊഴിച്ചാല്‍ ബഹുഭൂരിപക്ഷവും തുച്ഛമായ കൂലിക്ക് പണിയെടുക്കുന്ന നടീ നടന്മാരാണ് അഭിനയ മേഖലയിലുള്ളത്. കുടുംബത്തിലെ സകല പേരും മിക്കവാറും ഈ ഒരൊറ്റയാളുടെ വരുമാനത്തെ ആശ്രയിച്ചാവും ജീവിക്കുന്നത്. ഇവരാണോ സമ്പന്നര്‍. ദിവസം 600 രൂപയും 3 നേരം ഭക്ഷണവും മാത്രം പ്രതീക്ഷിച്ച് സിനിമയില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായുള്ള ആയിര കണക്കിന് പേര്‍, വര്‍ഷങ്ങളായി അസോസിയേറ്റും അസിസ്റ്റന്റുമൊക്കെയായി സംവിധായകരുടെ പിറകേ നടന്ന് എല്ലുമുറിയെ പണിയെടുക്കുന്ന നൂറുകണക്കിന് ചെറുപ്പക്കാര്‍, ഒരു വിധ ബാറ്റയുടെയും ആനുകൂല്യമില്ലാതെ നിര്‍മ്മാതാവിന്റെ ഔദാര്യത്തില്‍ മാത്രം കൂലി കിട്ടുന്ന ഇത്തരക്കാരോ സിനിമയിലെ സമ്പന്നര്‍

എന്തിനധികം പറയുന്നു…!
മര്യാദക്ക് ശമ്പളം കിട്ടിയിരുന്ന പണികളുപേക്ഷിച്ച് സിനിമയാണ് തന്റെ തട്ടകമെന്ന് തിരിച്ചറിഞ്ഞ്, സിനിമയില്‍ നില്ക്കാന്‍ തീരുമാനിച്ച എന്നെ പോലുള്ള കുറേയധികം വിവരദോഷികള്‍ – ഞങ്ങളാണോ ഈ സമ്പന്നര്‍.തൊഴില്‍ ചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ട് ചിലര്‍ കേരളത്തിന് പുറത്തേക്ക് ഷൂട്ടിംഗ് മാറ്റിയതിനെ കുറിച്ച് അടുത്തിടെ കേട്ടു. മാനദണ്ഡങ്ങള്‍ വച്ചു കൊണ്ട് ഇനിയെങ്കിലും ഈ മേഖല തുറക്കാനായില്ലെങ്കില്‍ കൂടുതല്‍ പേര്‍ പുറം വഴികള്‍ നോക്കാന്‍ നിര്‍ബന്ധിതരാവും.

ഇവിടെയുള്ള സിനിമാ തൊഴിലാളികള്‍ പണിയില്ലാതെ നട്ടം തിരിയുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ കൊണ്ട് ജോലി എടുപ്പിക്കേണ്ട നാഹചര്യമുണ്ടാവും. ആ ഒരു സാഹചര്യത്തിലേക്ക് ഞങ്ങളെ തള്ളിയിടരുത് എന്നു മാത്രമേ സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും അപേക്ഷിക്കാനുള്ളൂ. മിനിമം 50 പേരെ പങ്കെടുപ്പിച്ചു കൊണ്ടെങ്കിലും ചിത്രീകരണം തുടങ്ങാന്‍ പറ്റുന്ന തരത്തില്‍ സിനിമാ മേഖല തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിച്ചേ മതിയാവൂ…”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker