KeralaNEWS

പോലീസിന് വ്യക്തതയില്ലെന്നും അതിവിചിത്ര അന്വേഷണമെന്നും കെ.സുരേന്ദ്രൻ്റെ പരിഹാസം

ഈ കേസിൽ ഒരു തരത്തിലും പാർട്ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രീയ നാടകമാണ് നടക്കുന്നത്

തൃശ്ശൂർ: നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ടും സമ്മർദ്ദങ്ങളും ബലംപിടുത്തവും കൊണ്ടുള്ള പ്രതിരോധത്തിനുമൊടുവിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്മാർക്കു മുന്നിൽ ഹാജരായി. അതിവിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നും പോലീസ് എന്തൊക്കെയോ ചോദിച്ചുവെന്നും പോലീസ് ക്ലബ്ബിൽ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം പരിഹാസരൂപേണ കെ.സുരേന്ദ്രൻ മാധ്യമങ്ങളോേടു പറഞ്ഞു.

“കുറേ കാര്യങ്ങൾ ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അന്വേഷണം പ്രധാനമായും, പരാതിക്കാരന്റെ കോൾ ലിസ്റ്റൽ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചാണ്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു…”
ഒന്നും തന്നെ ബാധിക്കില്ല എന്ന ധാർഷ്ട്യത്തോടെയായിരുന്നു കെ. സുരേന്ദ്രൻ്റെ പ്രതികരണം.
“അന്വേഷണത്തെക്കുറിച്ച് പോലീസിന് തന്നെ വ്യക്തതയില്ല, വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ഈ കേസിൽ ഒരു തരത്തിലും പാർട്ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാൻമാർ ഇതൊക്കെ ചെയ്യിക്കുന്നതാണെന്നു തീർച്ച…” സുരേന്ദ്രൻ ആരോപിച്ചു.

പലതരത്തിലും പ്രതിക്കൂട്ടിലായ, സ്വർണക്കടത്തിലും ഡോളർക്കടത്തിലും സ്ത്രീപീഡനത്തിലും അകപ്പെട്ട ഒരു സർക്കാർ ബി.ജെ.പിയെ അപമാനിക്കാൻ വേണ്ടി ചോദ്യം ചെയ്യൽ നാടകങ്ങൾ നടത്തികൊണ്ടിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ബി.ജെ.പി അധ്യക്ഷൻ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച് വരുത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker