Big BreakingKerala

വ്യാപാരികളുടെ പ്രതിഷേധത്തിന് വൻ ജനപിന്തുണ; മുഖ്യമന്ത്രിക്ക് അതേ നാണയത്തിൽ തിരിച്ചടി

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ നടത്തുന്ന പ്രതിഷേധത്തിന് വൻ ജനപിന്തുണ. പ്രതിപക്ഷം ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടയാളുകൾ പ്രതിഷേധത്തിന് പിന്തുണയുമായി എത്തി. സിപിഎം അനുകൂല വ്യാപാര സംഘടനയായ വ്യാപാരി വ്യവസായ സമിതിയും സർക്കാറിനെതിരെ രംഗത്തു വന്നു. ഇത് സർക്കാറിനെ തീർത്തും പ്രതിരോധത്തിലാക്കി. വ്യാപാരി പ്രതിഷേധത്തോട് വെല്ലുവിളിയുടെ രൂപത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായി. പ്രതിപക്ഷം അതേ നാണയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്.

‘എനക്കാ കാര്യത്തിൽ ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കാൻ കഴിയും. അതിനൊപ്പം നിൽക്കുന്നതിനും വിഷമമില്ല. പക്ഷേ മറ്റൊരു രീതിയിൽ തുടങ്ങിയാൽ അതിനെ സാധാരണ ഗതിയിൽ നേരിടേണ്ട രീതിയിൽ നേരിടും. അതു മനസ്സിലാക്കി കളിച്ചാൽ മതി. അത്രയേ പറയാനുള്ളൂ’ – എന്നായിരുന്നു മുഖ്യമന്ത്രി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതിപക്ഷത്തിന് വീണു കിട്ടിയ രാഷ്ട്രീയ ആയുധമായി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ, മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവർ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്.

മനസ്സിലാക്കി കളിച്ചാൽ മതിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ‘ഇത് കേരളമാണ് അങ്ങനെയാരും വിരട്ടാൻ നോക്കണ്ട, അങ്ങനെ പേടിപ്പിച്ചിട്ട് ഇവിടെ ഭരിക്കാമെന്ന് ആരും വിചാരിക്കണ്ട. ആ രീതി മുഖ്യമന്ത്രി കൈവിടണം, അത് മുഖ്യമന്ത്രിയുടെ പഴയ രീതിയാണ് അത് ഇവിടെ എടുക്കേണ്ട. അത് പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ എടുക്കേണ്ട രീതിയാണ്. മുഖ്യമന്ത്രിയായി ഇരുന്നുകൊണ്ട് സമരം ചെയ്യുന്നവരെ വിരട്ടി അത് ചെയ്തു കളയും ഇത് ചെയ്തുകളയും എന്നൊന്നും പേടിപ്പിക്കണ്ട ഞങ്ങളവർക്ക് പിന്തുണ കൊടുക്കും’- അദ്ദേഹം പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker