KeralaNEWS

ഡോ. മുഹമ്മദ് അഷീൽ ഇനി പയ്യന്നൂർ താലൂക്കാശുപത്രിയിൽ

2012 ൽ ഡോക്ടർമാരും ഐ.എ.എസ് കാരുമടങ്ങുന്ന Young Leaders in Health എന്ന പന്ത്രണ്ട് പേരടങ്ങുന്ന കമ്മിറ്റിയെ ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തപ്പോൾ അതിലൊരാൾ ഡോ. മുഹമ്മദ്‌ അഷീൽ ആയിരുന്നു

പയ്യന്നൂർ: കോവിഡിനെതിരെ പട പൊരുതുന്നതിൽ മുൻപന്തിയിൽ നിന്ന ഡോ. മുഹമ്മദ് ആഷിലിനെ പയ്യന്നൂർ താലൂക്കാശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി നിയമിച്ച് ഉത്തരവായി.

സാമൂഹിക സുരക്ഷാ മിഷൻ മുൻ എക്സിക്യുട്ടീവ് ഡയറക്ടർ ആയിരുന്നു ഡോ. മുഹമ്മദ് അഷീൽ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡെപ്യുട്ടേഷനിലാണ് ഡോ. അഷീൽ സാമൂഹിക സുരക്ഷാ മിഷനിലേത്തുന്നത്. എക്സിക്യുട്ടീവ് ഡയറക്ടർ ചുമതലയിൽ അഞ്ചുവർഷം പൂർത്തിയാക്കിയ ശേഷമാണ് മാതൃവകുപ്പായ ആരോഗ്യവകുപ്പിലേക്ക് തിരികെ എത്തിയത്. കോവിഡ് പ്രതിരോധം സംബന്ധിച്ച് ഒട്ടേറെ ബോധവത്കരണ വീഡിയോകൾ ചെയ്ത് ഡോ. അഷീൽ ശ്രദ്ധനേടിയിരുന്നു.

2008 ൽ സർക്കാർ സർവീസിലിരിക്കെ ലീവെടുത്ത് പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ഡിഗ്രിയെടുത്തു. ഈ പഠനത്തിന്റെ ഭാഗമായി ഡോ. അഷീൽ ട്രോമാ കെയർ മോഡൽ ഡെവലപ്പിങ്ങിൽ തയ്യാറാക്കിയ പ്രബന്ധം ലോകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 2010 ൽ ലോകാരോഗ്യ സംഘടന ഇംഗ്ലണ്ടിൽ സംഘടിപ്പിച്ച കോൺഫറൻസിൽ പങ്കെടുത്ത് ഡോ.അഷീൽ അവതരിപ്പിച്ച ഈ പ്രബന്ധം ട്രോമാ കെയറുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന അംഗീകരിച്ച അഞ്ച് പ്രബന്ധങ്ങളിലൊന്നാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്.
അതിനുശേഷം പകർച്ചവ്യാധി പ്രതിരോധ സെല്ലിന്റെ കൺസൽറ്റന്റായി സേവനമനുഷ്ഠിക്കുമ്പോൾ കാസർഗോഡിൽ എൻഡോസൽഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന്റെ അസിസ്റ്റന്റ് നോഡൽ ഓഫീസറിന്റെ അധിക ചുമതലയും 2010 – 11 കാലയളവിൽ ഡോ.അഷീലിനായിരുന്നു. 2011 ൽ നടന്ന ജനീവ കൺവെൻഷനിൽ എൻഡോസൽഫാൻ നിരോധനവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്തത് ഡോ.അഷീൽ ആണ്. കാസർഗോഡിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചും എൻഡോസൽഫാൻ നിരോധിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ജനീവ കൺവെൻഷനിൽ
ഡോ.അഷീൽ വിശദമായി തന്റെ വാദങ്ങൾ അവതരിപ്പിച്ചതിന്റെ കൂടി ഫലമായാണ് എൻഡോസൽഫാന്റെ ഗ്ലോബൽ ബാൻ ആ കൺവെൻഷനിൽ വന്നത്.
2012 ൽ ഡോക്ടർമാരും ഐ.എ.എസ് കാരുമടങ്ങുന്ന Young Leaders in Health എന്ന പന്ത്രണ്ട് പേരടങ്ങുന്ന കമ്മിറ്റിയെ ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തപ്പോൾ അതിലൊരാൾ ഡോ. മുഹമ്മദ്‌ അഷീൽ ആയിരുന്നു. വിവിധ സംസ്ഥാന സർക്കാറുകൾ നിർദ്ദേശിച്ച നൂറ്‌ കണക്കിന് പ്രഗൽഭരിൽ നിന്നാണ് കേന്ദ്ര സർക്കാർ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker