Sports

യൂറോ കപ്പ്; ടൂര്‍ണമെന്റിലെ ടീമിനെ പ്രഖ്യാപിച്ച് യുവേഫ, റൊണാള്‍ഡോയ്ക്ക് ഇടമില്ല

യൂറോ കപ്പ് ടൂര്‍ണമെന്റിലെ ടീമിനെ തിരഞ്ഞെടുത്ത് യുവേഫ. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ ഉള്‍പ്പെട്ട ടീമില്‍ കിരീട ജേതാക്കളായ ഇറ്റലിയില്‍ നിന്നുമാണ് കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇറ്റാലിയന്‍ ടീമില്‍ നിന്നും അഞ്ച് കളിക്കാരാണ് യുവേഫയുടെ ടീമില്‍ ഉള്‍പ്പെട്ടത്. അതേസമയം ടൂര്‍ണമെന്റില്‍ കൂടുതല്‍ ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് കരസ്ഥമാക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ അഞ്ച് ഗോളുകള്‍ നേടിയ റൊണാള്‍ഡോയ്ക്ക് ടീമില്‍ ഇടം ലഭിക്കാത്തത്തിനെ ചൊല്ലി ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ടൂര്‍ണമെന്റിലെ മറ്റൊരു ശ്രദ്ധേയ അസാന്നിധ്യം ഫ്രാന്‍സിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പോള്‍ പോഗ്ബയുടേതാണ്. റൊണാള്‍ഡോയുടെ അസാന്നിധ്യം ഒഴിച്ചാല്‍ വളരെ ശക്തമായ ഒരു ടീമിനെ തന്നെയാണ് യുവേഫ പ്രഖ്യാപിച്ചിട്ടുള്ളത്. അഞ്ച് ഇറ്റലിക്കാര്‍ ഉള്‍പ്പെട്ട ടീമില്‍ ഫൈനലില്‍ അവരോട് പരാജയപ്പെട്ട ഇംഗ്ലണ്ടിന്റെ മൂന്ന് താരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ടീമിലെ ബാക്കിയുള്ള താരങ്ങള്‍ സ്‌പെയിന്‍, ഡെന്മാര്‍ക്ക്, ബെല്‍ജിയം എന്നീ ടീമുകളില്‍ നിന്നുമാണ്.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഇറ്റലിയുടെ ജിയാന്‍ലൂയിജി ഡൊണ്ണരുമ്മയാണ് ടീമിലെ ഗോള്‍കീപ്പര്‍. പ്രതിരോധ നിരയിലെ നാല് താരങ്ങളും ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരം കളിച്ചവരാണ്. വിങ് ബാക്കുകളായി വലത് വശത്ത് ഇംഗ്ലണ്ടിന്റെ കെയ്ല്‍ വാക്കറും ഇടത് വശത്ത് ഇറ്റലിയുടെ സ്പിനാസോളയും ഇടം പിടിച്ചപ്പോള്‍ സെന്റര്‍ ബാക്കുകളായി ഹാരി മഗ്വയറും വെറ്ററന്‍ താരമായ ലിയനാര്‍ഡോ ബൊന്നുച്ചിയും ഇടം നേടി.

മധ്യനിരയില്‍ ഇറ്റാലിയന്‍ താരം ജോര്‍ജീഞ്ഞോ, ഡെന്മാര്‍ക്ക് താരം ഹൊജ്‌ബെര്‍ഗ് എന്നിവര്‍ക്കൊപ്പം ടൂര്‍ണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം നേടിയ സ്‌പെയിനിന്റെ പെഡ്രിയും ഇടം നേടി. മുന്നേറ്റനിരയില്‍ ഇറ്റാലിയന്‍ ടീമിന് വേണ്ടി അപ്രതീക്ഷിത പ്രകടനം നടത്തിയ ഫെഡറിക്കോ കിയേസക്കൊപ്പം ഇംഗ്ലണ്ടിന്റെ സ്റ്റെര്‍ലിംഗും ബെല്‍ജിയത്തിന്റെ സൂപ്പര്‍ സ്ട്രൈക്കറായ ലുക്കാക്കുവുമാണ് ഇടം നേടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker