NewsThen Special

വണ്ടിപ്പെരിയാറിലെ മകളും കെ.ആർ. മീര, പെരുമ്പടവം ശ്രീധരൻമാരുടെ മൗനവും

പ്രസാധകനും എഴുത്തുകാരനുമായ പ്രതാപൻ തായാട്ടിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

ആരുടെ വരികളാണ് താഴെ ചേർക്കുന്നത് എന്നറിയില്ല. ആരുടേതായാലും അടുത്തകാലത്ത് വായിച്ചിട്ടുള്ളതിൽ ഗംഭീരം.

ഹൃദയദ്രവീകരണ ശേഷിയുള്ളത്,
ഹൃദയം കൊണ്ടെഴുതിയത്.

“നിനക്ക് വിഷം ചീറ്റാൻ
ഒരു ശരീരം മാത്രം മതിയായിരുന്നെങ്കിൽ ദുഷ്ടാ, ഈ അമ്മ അഴിച്ചിട്ടു തരുമായിരുന്നു ഒരു ശരീരം.”

ഇതിനേക്കാൾ ഹൃദയം രാകുന്നവരികൾ
ഒരു പെണ്ണെഴുത്തിലും ഇന്നേവരെ കണ്ടതായി ഓർക്കുന്നില്ല.
ഫെമിനിസ്റ്റ് ചിന്തകരാരും എഴുന്നള്ളിച്ചിട്ടുമില്ല.

പ്രതി ഡി.വെ.എഫ്. ഐയോ
യൂത്ത് കോൺഗ്രസ്സോ എന്നതല്ല പ്രശ്നം.
ഇതിൽ രാഷ്ട്രീയമില്ല. മനോരോഗത്തിനെന്ത് രാഷ്ട്രീയം…?
(ഡി.വൈ.എഫ്.ഐ എട്ടുമണിക്കുള്ള ന്യൂസ്അവർ ചർച്ചകൾക്ക് പകരം പത്തരമണിക്കുള്ള ക്രൈം പരിപാടികളിൽ അടുത്തകാലത്തായി നിറയുന്നതെന്ത് എന്ന്
അവർ ചിന്തിക്കട്ടെ)

രോഗാതുരമാകുന്ന മലയാളിസൈക്കി
എന്ന നിലയിൽതന്നെ വിശാലമായി സമീപിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.
തീർച്ചയായും നാമെല്ലാം അങ്ങിനെ
കാണേണ്ടതുമുണ്ട്.

ഇന്ന് വണ്ടിപ്പെരിയാർ ഒരു ദേശനാമമല്ല. ഒരു തരത്തിൽ അല്ലങ്കിൽ
മറ്റൊരു തരത്തിൽ
നിറഞ്ഞുനിൽക്കുന്ന പ്രതിഭാസം.
അതെ,
മലയാളിസൈക്കിയുടെ പാതാളഗമനം.

നമ്മുടെ സർവ്വകലാശാലകൾ ഫാക്ടറികളിലെന്ന കണക്കെ വർഷാവർഷം ഉദ്പാദിപ്പിക്കുന്ന സാമൂഹിക ശാസ്ത്രജ്ഞരും
മന:ശാസ്ത്രജ്ഞരും എവിടെ പോയ്മറഞ്ഞു…?

ഊതി വീർപ്പിക്കപ്പെട്ട മീരമാരെ നമുക്ക് വിടാം.
ദന്തഗോപുരസുഖത്തിലും സുരക്ഷിതത്വത്തിലുമപ്പുറം അവർക്കെന്തു ജീവിതം?
(മീര ഫാൻസ് അസോസിയേഷൻ പൊറുക്കണം. വി.ടി ബൽറാമിനെ തോൽപ്പിക്കാൻ തൃത്താലയിലിറങ്ങിയ മീരയെ വണ്ടിപ്പെരിയാറിൽ പ്രതീക്ഷിച്ചു; മറ്റു കത്തി, പച്ച വേഷങ്ങളേയും)
പക്ഷെ
എവിടെ നമ്മുടെ അജിതേടത്തി,
ഒരു ജീവിതം മുഴുവൻ പൊരുതിയ പ്രിയപ്പെട്ട സാറടീച്ചർ…?

പുകാസയുടെ മൗനം മനസ്സിലാക്കാവുന്നതേയുള്ളു.
ഡോ. ബെറ്റിമോൾ മാത്യു ചോദിച്ചതുപോലെ
എവിടെ കോൺഗ്രസ്സിന്റെ
സാംസ്കാരിക പരിഷകൾ…?
എവിടെ യു.ഡി.എഫ് കാലത്തെ
സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ…?
സംഗീത നാടക അക്കാദമി ചെയർമാൻ, സൂര്യ കൃഷ്ണമൂർത്തി…? വെളിച്ചത്തിലില്ല എന്നതുപോകട്ടെ ഷേഡിലെങ്കിലും ഈ വിദ്വാനെ കാണാൻ കഴിയുന്നില്ലല്ലോ?
ഏതോ ഒരു സാബു ചെറിയാൻ കെ.എസ്.എഫ്.ഡി.സിയിലോ മറ്റോ..?
മറ്റു സാംസ്കാരിക സ്ഥാപനങ്ങളിൽ
കുത്തിനിറച്ചവർ…?

ഇപ്പോൾപോലും പ്രതികരിക്കാനാവുന്നില്ലെങ്കിൽ ഭരണം കിട്ടുമ്പോൾ ഓടിക്കൂടാനല്ലാതെ പിന്നെ
എന്തിന് കൊള്ളാം നിങ്ങളെയൊക്കെ…?
(ഒരു തിരണ്ടിവാലടി അത്യാവശ്യം. പക്ഷെ, കൊള്ളേണ്ടത് ഇവർക്കല്ല; ഇവരെ സ്വീകരിച്ചിരുത്തിയ മാന്യദേഹങ്ങൾക്ക്)

ഇതിൽ രണ്ടിലും പെടാത്ത,
രാഷ്ട്രീയം എന്നത് മഹാപാപമായി കരുതുന്ന പ്യൂരിറ്റേറിയൻസ് എവിടെ…? ഷണ്ഡീകരിക്കപ്പെട്ട, വരിയുടക്കപ്പെട്ട
ആ സാംസ്കാരിക നേതൃത്വമെവിടെ…?
ഞാൻ ലജ്ജിക്കുന്നു; കർമ്മംകൊണ്ട് ഞാനും നിങ്ങളിൽ ഒരാളാണെന്നതിൽ.

സാമൂഹ്യമാദ്ധ്യമത്തെ പിടിച്ചുകുലുക്കിയ
ആ വരികൾ കാണാത്ത സുഹൃത്തുക്കൾക്കായി താഴെ
എടുത്തു ചേർക്കട്ടെ:

കൊല്ലാതെ വിടാമായിരുന്നില്ലേ..?

“അവനെ കൊണ്ടോവല്ലേ സാറേ… ഞാനൊന്നു കണ്ടോട്ടെ.”
പീഡനകേസിലെ പ്രതിയെ വൻ സുരക്ഷയിൽ കോടതിയിൽ കൊണ്ടുവന്നു തിരികെ കൊണ്ട് പോകാൻ ഇറങ്ങുമ്പോഴായിരുന്നു ആ നിലവിളി…
എല്ലാ നോട്ടവും അങ്ങോട്ടായി.
ചാനൽ ക്യാമറകളും…

“അമ്മയാണ്…”
ആരോ പറഞ്ഞു…
ആ കുഞ്ഞിന്റെ അമ്മ. ഭ്രാന്തിയെപ്പോലെ ഒരമ്മ….
ആൾകൂട്ടത്തെ വകഞ്ഞു മാറ്റി നേർക്കുനേർ വന്നു അമ്മ…
അവനെ നോക്കി, അഗ്നിപടരുന്ന ആ നോട്ടത്തിൽ അവൻ മുഖം കുനിച്ചു.

“…കൊല്ലാതെ വിടാമായിരുന്നില്ലേ..? മുലപ്പാലിന്റെ മണം മാറാത്ത ഒരു കുഞ്ഞാവയായിരുന്നില്ലേ അവൾ ‘അണ്ണാ’ ന്ന് വിളിച്ചു ഓടി വന്നത് നീ അവൾക്ക് സ്വന്തം അണ്ണനെപോലെ
അന്യനല്ലാതിരുന്നതിനാലല്ലേ…
നീ കൊടുത്ത നിറമുള്ള നാരങ്ങ മിഠായികൾ, നിന്റെ കാമവിഷം പുരട്ടിയാണിട്ടു കൊടുത്തതെന്നാ കുഞ്ഞു അറിഞ്ഞില്ലല്ലോ…”

(പ്രതിയെ സംരക്ഷിക്കാൻ തിടുക്കം കൂട്ടിയ പോലീസ് കാരോട്)
“കൊണ്ട് പോകല്ലേ സാറേ… ഇവനോടൊന്നു ചോദിച്ചു തീരട്ടെ…”

“ഞാൻ അവളുടെ അമ്മയാടാ…
പറയെടാ… എന്റെ മോള് ഒരുപാട് കരഞ്ഞോ.. കരഞ്ഞുകാണും … അവൾക്കൊരു കുഞ്ഞുമുറിവു പറ്റുമ്പോഴേക്കും വല്യ സങ്കടായിരുന്നു.
പിന്നെ ഞാൻ മരുന്ന് വച്ചു ഊതി ഊതി കൊടുത്തു വേണം ഉറക്കാൻ.
എനിക്കറിയാം ന്റെ മോൾ ഒരുപാട് കരഞ്ഞു കാണും…

നീയാ മൂന്നു വയസ്സുകാരിയുടെ പച്ചയിറച്ചി കടിച്ചു കീറുമ്പോൾ അതിനെന്താണെന്നു പോലുമറിയാതെ പിടഞ്ഞു കാണില്ലേ….. . എന്നിട്ട് എന്തു സുഖമാണ് നേടിയത്..?

നിന്റെ ഈ കരുത്തുള്ള കൈകൊണ്ട് ഒന്നു മുറുക്കിപിടിക്കുവാൻ പോലും ഇല്ലല്ലോടാ അവൾ, എന്റെ കുഞ്ഞ്… എന്നിട്ടും ഇവരൊക്കെ പറയുന്നു നീ എല്ലാംകഴിഞ്ഞു കെട്ടിതൂക്കിയപ്പോൾ എന്റെ കുഞ്ഞ് വീണ്ടും കണ്ണുതുറന്നൂന്ന്…
അപ്പോഴെങ്കിലും വിടാമായിരുന്നില്ലേ ദുഷ്ടാ എന്റെ പൊന്നുമോളെ.

അവൾക്ക് ഇരുട്ടിനെ വല്യ പേടിയായിരുന്നു…
നീ കണ്ണുപൊത്തിയപ്പോൾ അവൾ പേടിച്ചുകാണും ല്ലേ…? അമ്മേ എന്ന് വിളിച്ചു കരഞ്ഞു കാണും ല്ലേ…?
ഒരു കുഞ്ഞു കാറ്റിൽ ഉമ്മറത്തെ മണ്ണെണ്ണവിളക്ക് കെടുമ്പോഴേ അമ്മേന്ന് വിളിച്ചു ഓടിവരുന്ന വളായിരുന്നു എന്റെ കുഞ്ഞുമോൾ.

നിനക്ക് വിഷൻ ചീറ്റാൻ ഒരു ശരീരം മാത്രം മതിയായിരുന്നു എങ്കിൽ…
ദുഷ്ടാ ഈ അമ്മ അഴിച്ചിട്ട് തന്നേനെ ഒരു ശരീരം.
അര പട്ടിണി കിടന്ന് ഉണങ്ങിയാലും പൊരിവെയിലത്ത് കരിഞ്ഞാലും ആ
ആ കുരുന്നിന്റെ ശരീരത്തെക്കാൾ
നിനക്ക് ഇതു മതിയാകുമായിരുന്നു. എനിക്ക് എന്റെ കൊച്ചിനെ ജീവനോടെ തിരിച്ചു കിട്ടിയേനെ…

….കൊല്ലാതിരിക്കാമായിരുന്നു… ഈ കുരുന്നുകളെ കൊല്ലാതിരിക്കാൻ ഞങ്ങൾ അമ്മമാർ ഇനിയും ഈ ഉണങ്ങിയ മുലഞെട്ടുകൾ തുറന്നു തന്നേനെ….
ഒരുപക്ഷേ നിന്റെ അമ്മയും ഈ അമ്മമാരുടെ കൂടെ കൂടിയേനെ.
നിനക്ക് ഇത്തിരി പച്ചമാംസം മതിയായിരുന്നില്ലേ…
ഈ ജീവൻ വേണമായിരുന്നോ…
പ്രാരാബ്ധത്തിൽ ഉണങ്ങിയതെങ്കിലും ഈ മുലയിൽ ഇനിയും പാലുണ്ട്…
എന്റെ കുഞ്ഞാവ കുടിച്ചു തീരാത്തത്…
അവളിൽ നീ എന്ത് കാമമാണ് കണ്ടതും തീർത്തതും…
അവളെ ചേർത്ത് പിടിച്ചപ്പോൾ….
ആ ചുണ്ടുകളിൽ മുലപ്പാൽ ആയിരുന്നില്ലേ… പണിക്കു പോകാനുള്ള തിരക്കിൽ, തീരാത്ത വിശപ്പിൽ,
ഞാൻ അന്ന് മുലപ്പാലിന്റെ മണത്തിൽ നീ എന്ത് കാമക്രിയ ആണ് ചെയ്തത്..?
പെറ്റ് വയറിന്റെ വേദന നിനക്കറിയില്ല;
നിന്നെ രക്ഷിക്കാൻ പണം പറ്റി കൂടിയിരിക്കുന്നവർക്കും.

എടാ എന്റെ മോളു ഒരിക്കൽ കൂടി കണ്ണുതുറന്നത്…
ആ പിടച്ചിലിനിടയിലും ‘കുഞ്ഞോളെന്ന്’ വിളിച്ചോണ്ട് അവളുടെ അമ്മ വരുന്നുണ്ടോ എന്നറിയാനായിരിക്കും. ഞാൻ പൊരിവെയിലത്തു അരിക്ക് വഴി തേടുമ്പോൾ, എന്റെ മോള് ചോര ചിതറി,
ഒറ്റ പിടച്ചിലിൽ തീരാതെ പിന്നെയുംകാത്തിരിക്കുകയായിരുന്നു…

ഒരുത്തനുമുണ്ടായില്ലല്ലോ…..
നേർച്ച പെട്ടീല് തുരുമ്പിച്ച നാണയം പോലും ഇടാത്തോണ്ടാവും…
ഒരു ദൈവോം ണ്ടായില്ല ന്റെ കൊച്ചിന്റെ പെടച്ചില് കാണാൻ…
ചില്ലറ പൈസ എങ്കിലും ണ്ടായിരുന്നെങ്കിൽ ഞാൻ എന്റെ മോൾക്ക്‌ റെസ്ക് എങ്കിലും വാങ്ങി കൊടുത്തേനെ,
അപ്പൊ നിന്റെ നാരങ്ങ മിട്ടായി കണ്ടു
ഓടി വരില്ലായിരുന്നു…

‘അമ്മേ’ ന്നല്ലാതെ അവൾക്കു വിളിക്കാൻ വാക്കുകൾ പോലും ഉറച്ചിരുന്നില്ലല്ലോ

എല്ലാരും പറയുന്നു ആറുവയസ്സുകാരിന്ന്…
എന്റെ മോൾക്ക് മൂന്ന് വയസ്സായിരുന്നു.
നീ… ഈ വിഷകൈ കൊണ്ടവളെ ആദ്യം തൊടുമ്പോൾ…
തുണി തൊട്ടിലിൽ നിന്നും നീ ആ കുരുന്നിനെ…

ഇനി നീ പൊക്കോ…
എനിക്കറിയാം, പണവും പാർട്ടിയും വല്യ വക്കീലന്മാരും നിനക്ക് കൂട്ടുണ്ടല്ലോ…
എനിക്കറിയാം, നിയമം നിന്നെ വെറുതെ വിടും…
എന്റെ മോൾക്ക് കിട്ടാത്ത പ്രായത്തിന്റെ അനുകൂല്യം ഒക്കെ ഈ സാറന്മാര് നിനക്ക് വാങ്ങി തരും…

ന്നാലും… കുടുക്ക് കയർ
ഒഴിവാക്കി നീ തിരിച്ചു വരുന്നത് കാത്ത് ഈ അമ്മ ഉമിത്തീ ഊതി ഊതി കാത്തിരിക്കും…
ഈ കനൽ കെടാതെ സൂക്ഷിച്ചു ആ ചൂടിൽ നിന്നെ ഉരുക്കി ഉരുക്കി ഉരുക്കി ഇല്ലാതാക്കാൻ…
അതിനിടയിൽ എന്റെ കണ്ണടഞ്ഞു പോയാലും, ഇനിയും നൂറു നൂറു അമ്മമാർ ഉണ്ടാകും…
ഈ തീ നെഞ്ചിൽഒളിപ്പിച്ചുവച്ച്…

നിനക്കൊന്നും നേരെ കൈ ഉയർത്താൻ ഉറപ്പില്ലാത്ത ആൺമക്കൾ ഇവിടെ ഇല്ലാത്തിടത്തോളം, ഞങ്ങൾ അമ്മമാർ കാത്തിരിക്കും…
ആ കുരുന്ന് അറിഞ്ഞ ഇരുട്ടും വേദനയും നിനക്ക് ആയിരമിരട്ടി ആയി തിരിച്ചുതരും വരെ.

ജയിലിന്റെ ഉള്ളിൽ നീ മൃഷ്ടാന്നഭോജനം നടത്തുമ്പോൾ ഓർക്കുക…
നിനക്കു മരണവുമായി ആയിരം അമ്മമാർ ചുമരിന് പുറത്തു കാത്തിരിക്കുന്നുവെന്ന്.
… കൊല്ലാതെവിടമായിരുന്നില്ലേ ദുഷ്ട്ടാ…
ഒരു കുഞ്ഞ് വാവയായിരുന്നില്ലേ അവൾ എന്നും. കുഞ്ഞരിമുല്ലപല്ലു കാട്ടി ചിരിച്ചിരുന്ന ഒരു കുഞ്ഞുമോൾ…

*വാൽകഷ്ണം*

പേരില്ലാത്ത കുഞ്ഞുമോളെ മാപ്പ്…
പൊന്നേ നീ പിടഞ്ഞു തീരുമ്പോൾ… ഞങ്ങൾ ഉറക്കമായിരുന്നു…
ഞങ്ങൾ ഭൂഗണ്ടാന്തര, ആഗോള കാര്യങ്ങളിൽ തർക്കിച്ചു കൊണ്ടേയിരിക്കുകയായിരുന്നു…

യു.പിയിലോ ഗുജറാത്തിലോ ആയിരുന്നു അവൾ എങ്കിൽ കേരളം കത്തിയേനെ, കത്തിച്ചേനെ…
കേരളത്തിലെ സാംസ്കാരിക നായ്ക്കൾ കുരയ്ക്കുമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker