Kerala

ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂര നിലംപൊത്തി; പണിമുടക്കായതിനാല്‍ ‘പണി’കിട്ടാതെ രക്ഷപ്പെട്ടു

പോത്തന്‍കോട്: തിരുവനന്തപുരം പോത്തന്‍കോട്ട് ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗമാണ് നിലംപൊത്തിയത്. പണിമുടക്ക് ആയിരുന്നതിനാല്‍ ജീവനക്കാര്‍ ജോലിക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

കെട്ടിടം കുറച്ചുകാലമായി അപകടാവസ്ഥയിലായിരുന്നു എന്നാണ് വിവരം. ഇത് കണക്കിലെടുത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഒരു വിഭാഗം ജീവനക്കാരെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയും ചെയ്തിരുന്നു. കുറച്ചുപേരെ മാറ്റിയിരുന്നെങ്കിലും ദൈനംദിന കാര്യങ്ങള്‍ക്കായി ഓഫീസിലേക്ക് ജീവനക്കാര്‍ ഇവിടേക്ക് എത്താറുണ്ടായിരുന്നു.

എന്നാല്‍ ഇന്നലെ പണിമുടക്ക് ആയിരുന്നതിനാല്‍ ആരും എത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണപ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. 1955-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കെട്ടിടമാണ് ഇതെന്നാണ് സൂചന. 67 കൊല്ലത്തെ പഴക്കമുണ്ട്.

 

Back to top button
error: