IndiaNEWS

യു.പി സര്‍ക്കാരിൻ്റെ ഭരണവീഴ്ചകളിൽ തുറന്നടിച്ച് ഇരുനൂറിലേറെ മുന്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ

ഇപ്പോൾ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാനം കൈവിട്ടു പോകും. ജനാധിപത്യത്തിന്റെ തകർച്ചയ്ക്കു തന്നെ അതു കാരണമാകും

ന്യൂഡൽഹി: ഇന്ത്യയിലെ രാമരാജ്യമെന്ന് ബി.ജെ.പി- സംഘപരിവാർ അച്ചുതണ്ട് വാഴ്ത്തുന്ന ഉത്തർപ്രദേശ് സർക്കാരിൻ്റെ ഭരണപരാജയങ്ങൾ ദേശിയ തലത്തിൽ ചർച്ചയാകുന്നു.
കേന്ദ്രത്തിലെ മുൻ ഉന്നത ഉദ്യോഗസ്ഥർ, മുൻ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഓഫീസർമാർ, മുൻ ജഡ്ജിമാർ തുടങ്ങി 200ലധികം പ്രമുഖർ യു.പി സർക്കാറിന് വീഴ്ചകൾ അക്കമിട്ടു നിരത്തിക്കൊണ്ട് സർക്കാരിന് തുറന്ന കത്തയച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് കൈവിട്ട ഭരണമാണെന്നും നിയമ വാഴ്ചയുടെ നഗ്നമായ ലംഘനങ്ങളാണ് നടക്കുന്നതെന്നും കത്തിൽ ആരോപിക്കുന്നു.
കത്തിൽ ഒപ്പു വെച്ചിരിക്കുന്ന ഇരുന്നൂറിലധികം പേരും അവരവരുടെ പ്രവർത്തന രംഗത്ത് മികവ് തെളിയിച്ച പ്രഗത്ഭരാണ്.

സർക്കാരിനെതിരെയുള്ള വിയോജിപ്പുകളെ നേരിടാൻ ജനങ്ങളെ ക്രിമിനൽ കേസുകളിൽ കുടുക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു.      ന്യൂനപക്ഷങ്ങൾക്കെതിരായി പരിവർത്തന വിരുദ്ധ നിയമങ്ങൾ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാരിന് പറ്റിയ വീഴ്ചകളും പ്രത്യേകം പരാമർശിക്കുന്നുണ്ട്.
യോഗി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് മുസ്ലിങ്ങൾക്കെതിരെയുള്ള പക്ഷപാതപരമായ പ്രതികാര പ്രവർത്തനങ്ങൾ വർധിച്ചു വരികയാണെന്നും കത്തിൽ ആരോപിക്കുന്നു. ഹാഥ്റസിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ അറസ്റ്റും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.        ഏഴു മാസത്തോളമായി കാപ്പൻ ജയിലഴിക്കുള്ളിലാണ്.

സർക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് ഭരണകൂടം സ്വീകരിച്ചു വരുന്നത്. സംസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിടുകയാണ് പോലീസ്. പലരേയും നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുന്നു.

ജുഡീഷ്യൽ കൊലപാതങ്ങൾ അവസാനിപ്പിക്കണം. ഗോരക്ഷയുടെ പേരിൽ ദേശീയ സുരക്ഷാ നിയമം ദുരുപയോഗം ചെയ്തു. ലൗ ജിഹാദ് വിഷയത്തിൽ പ്രതികാരലാക്കോടെ മുസ്ലിങ്ങളെ ഉന്നംവെക്കുന്നു. സംസ്ഥാനത്ത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുകളും പോലീസും ഉൾപ്പെടെ ഭരണത്തിന്റെ എല്ലാ ഭാഗങ്ങളും കൈവിട്ട രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാനം കൈവിട്ടു പോകും. ജനാധിപത്യത്തിന്റെ തകർച്ചയ്ക്കു തന്നെ അതു കാരണമാകും.
കോവിഡ് പ്രതിസന്ധി കാര്യക്ഷമമായിത്തന്നെ കൈകാര്യം ചെയ്തില്ലെങ്കിൽ സംസ്ഥാനം വൻ ദുരന്തം നേരിടേണ്ടി വരുമെന്നും കത്തിൽ ചൂണ്ടി കാണിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker