KeralaNEWS

പത്തനംതിട്ടയിൽ കളക്ടറായി ഡോ.ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റു. കാസര്‍കോട് ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ എസ് അയ്യര്‍ എം.ബി.ബി.എസ് ഡോക്ടറാണ്. 2014 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്

പത്തനംതിട്ട ജില്ലയുടെ 36-ാമത് ജില്ലാ കളക്ടറായി ഡോ. ദിവ്യ എസ്.അയ്യര്‍ ഇന്നലെ ചുമതലയേറ്റു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സ്ത്രീശാക്തീകരണത്തിന്റെ മുഖമുദ്രയായി നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ട. അതുകൊണ്ടു തന്നെ സ്ത്രീ ശാക്തീകരണത്തിനു മുന്‍തൂക്കം നല്‍കും. പൊതുജനസേവനത്തിനായി എല്ലാവര്‍ക്കും ഒരുമിച്ചു നില്‍ക്കാം. ജില്ലയുടെ സമഗ്ര വികസനത്തിനും പാര്‍ശ്വവല്‍കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിനും വയോജനങ്ങളുടെ സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കുമെന്നും ചുമതലയേറ്റ ശേഷം ജില്ലാ കളക്ടര്‍ പറഞ്ഞു.
മാതാപിതാക്കളായ ഭഗവതി അമ്മാള്‍, ശേഷ അയ്യര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ ചുമതലയേറ്റെടുത്തത്. തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ എസ് അയ്യര്‍ എം.ബി.ബി.എസ് ഡോക്ടറാണ്. 2014 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി തിരുവനന്തപുരം ജില്ലയിലും തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായും ചുമതല വഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി, ദേശീയ ആയുഷ്മിഷന്‍ എന്നിവയുടെ മിഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതയായത്.

കാസര്‍കോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ് ഇന്ന് രാവിലെ 10 ന് കാസര്‍കോട് കളക്ടറേറ്റില്‍ ചുമതയേല്‍ക്കും. ജില്ലയിലെ ആദ്യ വനിത കളക്ടറാണ്. 2010 ഐ.എ.എസ് ബാച്ചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റണ്‍വീര്‍ ചന്ദ്. അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സ്റ്റീഫന്‍ എം റോസ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റര്‍ ബിരുദവും ഇന്ദിരാഗാന്ധി നാഷ്ണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് പോളിസിയില്‍ മാസ്റ്റര്‍ ബിരുദവും മുംബൈ യൂണിവേവ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബിരുദവും നേടിയിട്ടുണ്ട്. നിലവില്‍ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ പദവിയില്‍ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, ആസൂത്രണ സാമ്പത്തീകകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടര്‍, ലോട്ടറി വകുപ്പ് ഡയറക്ടര്‍, ഫോര്‍ട്ട് കൊച്ചി സബ്കളക്ടര്‍ എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പരേതനായ റണ്‍വീര്‍ ചന്ദ് ഭണ്ഡാരിയുടെയും സുഷമ്മ ഭണ്ഡാരിയുടെയും മകളാണ്. ഭര്‍ത്താവ്: തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളിയിലെ ന്യൂറല്‍ എന്‍ജിനീയര്‍ നികുഞ്ച് ഭഗത്.
മക്കള്‍: വിഹാന്‍, മിറാള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker