NewsThen Special

കുട്ടികളുടെ പരാതിക്കത്തുകള്‍ക്ക് ലൈവില്‍ മറുപടി നല്‍കി മന്ത്രി റിയാസ്

 

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് പ്രത്യേകമായി മറുപടി നല്‍കിയത് കൗതുകമായി. മന്ത്രിയുടെ ഓഫീസിലേക്ക് കുട്ടികള്‍ അയച്ച പരാതികള്‍ വായിച്ച മന്ത്രി അപ്പോള്‍ തന്നെ കുട്ടികളെ വിളിച്ച് സംസാരിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ലൈവില്‍ വിളിച്ച് പരാതിയില്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു.

ഏറനാട് മണ്ഡലത്തിലെ ചാലിയേര്‍ പഞ്ചായത്തിലെ മുട്ടിയേലില്‍ നിന്നും അനൈഗ പി യു എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആദ്യം വിളിച്ചത്. 2018 ലെ പ്രളയത്തില്‍ ചെട്ട്യാന്‍പാറ ഭാഗത്ത് വലിയ നാശനഷ്ടങ്ങളുണ്ടാവുകയും അതിന് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടിയാണ് ഗതാഗതം നടക്കുന്നതെന്നുമാണ് പരാതിയില്‍ പറഞ്ഞത്. ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയിലേക്കും ടൂറിസം കേന്ദ്രത്തിലേക്കുമുള്ള റോഡ് കൂടിയാണിത്. ചാലിയാര്‍, ചുങ്കത്തറ, പോത്തുകല്‍ എന്നീ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ്. പരാതിവായിച്ച മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ചു. അഞ്ച് കോടി രൂപ റോഡിന് പാസായിട്ടുള്ളതായും എത്രയും വേഗം റോഡ് നിര്‍മ്മാണം തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അനൈഗയോട് പറഞ്ഞു. ആ പ്രദേശത്തേക്ക് വരുമ്പോള്‍ വീട്ടിലേക്ക് വരണമെന്ന് മന്ത്രിയെ ക്ഷണിച്ച ശേഷമാണ് അനൈഗ ഫോണ്‍ വെച്ചത്. ഉറപ്പായും വരുമെന്ന് മന്ത്രിയും പറഞ്ഞു.

കുമ്പളങ്ങി, എം വി രാമന്‍ റോഡിലെ അക്യൂന റോസ് മേരിയെയാണ് രണ്ടാമതായി മന്ത്രി വിളിച്ചത്. എട്ടാംക്ലാസില്‍ പഠിക്കുന്ന അക്യൂന റോഡിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചാണ് മന്ത്രിക്ക് പരാതി നല്‍കിയത്. റോഡിലെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതും അഴുക്കുവെള്ളം നിറഞ്ഞതും കാരണം സ്കൂളില്‍ പോകുന്നതിനുള്ള ബുദ്ധിമുട്ടും നാട്ടുകാരുടെ പ്രയാസവും അക്യൂന പരാതിയില്‍ വിശദീകരിച്ചു. പിഡബ്ല്യുഡി റോഡ് അല്ലാത്തതിനാല്‍ റിംഗ് റോഡ് പരിപാടിയില്‍ വെച്ച് തന്നെ കെ ജെ മാക്സി എംഎല്‍എയെ മന്ത്രി വിളിച്ചു. റോഡ് പ്രവൃത്തി നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും കുട്ടിയെ നേരില്‍ കാണാമെന്നും എംഎല്‍എ മന്ത്രിയോട് പറഞ്ഞു.

കൊല്ലത്തെ ദുര്‍ഗ്ഗ രഞ്ചിത്ത് മഴയത്ത് കളിക്കുന്ന കുട്ടികളുടെ മനോഹരമായ ചിത്രവുമായാണ് പരാതി സമര്‍പ്പിച്ചത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദുര്‍ഗ്ഗ മണ്‍ട്രോ തുരുത്ത് പഞ്ചായത്തിലെ പട്ടംതുരുത്തിലാണ് താമസിക്കുന്നത്. റെയില്‍വെ ട്രാക്ക് ക്രോസ് ചെയ്ത് വേണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പുറത്തേക്ക് പോകാന്‍. സ്കൂളില്‍ പോകുന്നതിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ബാഗും കിറ്റും കുടയുമൊക്കെ പിടിച്ച് ട്രാക്ക് ക്രോസ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നും മഴയുള്ള സമയത്ത് ട്രെയിന്‍ വരുന്ന ശബ്ദം പോലും കേള്‍ക്കാന്‍ പറ്റാതെ അപകടങ്ങള്‍ നടന്നിട്ടുണ്ടെന്നും ദുര്‍ഗ പരാതിയില്‍ പറഞ്ഞു. അടിപ്പാതയോ മേല്‍പ്പാലമോ ആണ് ഇതിന് പരിഹാരമെന്നും റെയില്‍വെ വകുപ്പുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യാമെന്നും മന്ത്രി ദുര്‍ഗ്ഗയോട് പറഞ്ഞു. റെയില്‍വെയുമായി ബന്ധപ്പെട്ടതായത് കൊണ്ട് കുറച്ച് സമയമെടുക്കുമെന്നും മോള്‍ടെ പ്രശ്നം മനസിലാക്കി ഇടപെടുമെന്നും ദുര്‍ഗ്ഗയ്ക്ക് ഉറപ്പുനല്‍കി. അവള്‍ വരച്ച ചിത്രം മന്ത്രി എല്ലാവരെയും കാണിക്കാനായി ലൈവില്‍ ഉയര്‍ത്തിക്കാട്ടി. ഇനിയും ചിത്രം വരയ്ക്കണമെന്ന്പറഞ്ഞ് അഭിനന്ദിച്ച ശേഷമാണ് മന്ത്രി ഫോണ്‍ വെച്ചത്.

മികച്ച പ്രതികരണത്തോടെ മുന്നേറുന്ന റിംഗ് റോഡ് പരിപാടി നടക്കുന്നതിനിടെയാണ് മന്ത്രി കുട്ടികളെ വിളിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker