Kerala

ദേശീയ പണിമുടക്ക്: കോഴിക്കോട് സമരാനുകൂലികള്‍ ഓട്ടോ തകര്‍ത്തെന്നും ഡ്രൈവറെ മര്‍ദ്ദിച്ചെന്നും പരാതി

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത രണ്ടു ദിവസത്തെ രാജ്യവ്യാപക പണിമുടക്കില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണം. കോഴിക്കോട് നടക്കാവില്‍ ഓട്ടോറിക്ഷയില്‍ കുടുംബവുമായി യാത്ര ചെയ്ത ഓട്ടോ ഡ്രൈവറെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓട്ടോ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി.

പണിമുടക്കായത് കൊണ്ട് കുടുംബവുമായി അമ്പലത്തില്‍ പോയി വരുന്ന വഴിയായിരുന്നു ആക്രമണം. സമരം ആണെന്നറിയില്ലേ? എന്തിനാണ് വണ്ടി ഓടിച്ചത് എന്ന് ചോദിച്ച് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയും ഓട്ടോയുടെ ചില്ല് തകര്‍ക്കുകയുമായിരുന്നുവെന്ന് കസബ സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷം ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഓട്ടോ റിക്ഷയില്‍ ഉണ്ടായിരുന്നു. എന്താണ് സംഭവം എന്ന് പറയാനുള്ള സാഹചര്യം പോലും ആക്രമികള്‍ നല്‍കിയില്ലെന്നും ഓട്ടോയില്‍ നിന്ന് തന്നെ പിടിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തുവെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.

പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറുന്ന കാഴ്ചയാണ്. പലയിടങ്ങളിലും യാത്രക്കാരേയും സ്വകാര്യ വാഹനങ്ങളേയും സമരാനുകൂലികള്‍ തടയുന്നുണ്ട്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തു. ജോലിക്കായി എത്തിയ ജീവനക്കാരെ പലയിടങ്ങളിലും തിരിച്ചയക്കുകയും ചെയ്തു.48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പണിമുടക്ക് ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അവസാനിക്കുക.

അതേസമയം കൊച്ചി ബിപിസിഎല്ലില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ തടഞ്ഞു. കൊച്ചിയില്‍ റിഫൈനറി ഭാഗത്ത് പ്രതിഷേധം ശക്തമാണ്. പോലീസ് ഇടപെട്ടാണ് പലയിടങ്ങളിലും രംഗം ശാന്തമാക്കുന്നത്. ബിപിസിഎല്ലില്‍ ഹൈക്കോടതി പണിമുടക്ക് നിരോധിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ജോലിക്കാര്‍ എത്തിയത്. സമാന രീതിയില്‍ പല ജില്ലകളിലും യാത്രക്കാരെ പിടിച്ചു നിര്‍ത്തി ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു.

 

Back to top button
error: