KeralaNEWSSocial Media

കോവിഡ് കാലത്ത് എസ് എം എസ് മറക്കല്ലേ; ഓര്‍മപ്പെടുത്തലുമായി എറണാകുളത്തിന് നന്ദി രേഖപ്പെടുത്തി കലക്ടര്‍ എസ് സുഹാസ്

എറണാകുളം കലക്ട്രേറ്റിന്റെ പടിയിറങ്ങുന്ന കലക്ടര്‍ എസ് സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം കോവിഡ് കാലത്ത് എസ് എം എസ് എല്ലാവരും പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതാണ് പോസ്റ്റ്.

കര്‍ണാടക സ്വദേശിയായ ഞാന്‍ 2013 ല്‍ അസി. കലക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗിക ജീവിതം തുടങ്ങിയപ്പോഴാണ് മലയാളിയായി മാറിയത് എന്ന വാചകത്തോടെയാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റ് ഇതിനോടകം തന്നെ ഒട്ടനവധിപേരാണ് ഷെയര്‍ ചെയ്തത്. വിദ്യാര്‍ഥികളടക്കം ഒരുപാട് പേര്‍ അദ്ദേഹത്തിന് ആശംസ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നുണ്ട്.

കലക്ടറുടെ ഫേസ് ബുക്ക്് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ടവരെ,

കര്‍ണാടക സ്വദേശിയായ ഞാന്‍ മലയാളി ആയി മാറിയത് 2013ല്‍ അസിസ്റ്റന്റ് കലക്ടറായി എറണാകുളത്തുനിന്ന് ഔദ്യോഗികജീവിതം ആരംഭിച്ചപ്പോഴാണ് . അന്നുമുതല്‍ എറണാകുളത്തോടുള്ള എന്റെ സ്‌നേഹത്തിന്റെ പ്രതിഫലനം എന്നോണം ഞാന്‍ ഇവിടെത്തന്നെ സബ് കലക്ടര്‍ ആയി, അതിനു ശേഷം കുറച്ചു നാള്‍ തിരുവന്തപുരത്തു പല വകുപ്പുകളിലായി ജോലി ചെയ്ത ശേഷം ജില്ലാ കലക്ടര്‍ ആയി വയനാട്ടിലും ആലപ്പുഴയിലും ഓരോ വര്‍ഷം, വീണ്ടും നിയോഗം പോലെ എറണാകുളത്തേക്കു നിങ്ങളുടെ കലക്ടര്‍ ആയി. കഴിഞ്ഞ കാലങ്ങളില്‍ ഒക്കെയും നിങ്ങളെ സേവിക്കുവാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയായി ഞാന്‍ കരുതുന്നു.

തിരക്കുകള്‍ മൂലം മറുപടികള്‍ പലപ്പോഴും അയക്കുവാന്‍ സാധിച്ചില്ലെങ്കിലും നിങ്ങള്‍ മുഖപുസ്തകത്തിലൂടെ അറിയിച്ച – ശ്രദ്ധയില്‍ പെടുത്തിയ കാര്യങ്ങളില്‍ പരിഹാരം കാണുവാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
വയനാട്ടുകാര്‍ നല്‍കിയ സ്‌നേഹത്തിന്റെ പരിലാളനയില്‍ നിന്നും തിരക്കിട്ട 2018 വെള്ളപ്പൊക്കം നേരിടാന്‍ തുടങ്ങിയ ആലപ്പുഴയുടെ ദിവസങ്ങളിലേക്കു പെട്ടെന്നാണ് ചുമതല എടുത്തു മാറിയതും ദിവസങ്ങള്‍ കൊണ്ട് ആലപ്പുഴക്കാരുടെ ഒരു കൂടെപ്പിറപ്പായി മാറുവാന്‍ സാധിച്ചതും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

വയനാട്ടില്‍ നിന്നും ആലപ്പുഴയില്‍ നിന്നും ലഭിച്ച അനുഭവ സമ്ബത്തും സ്‌നേഹവുമായി എറണാകുളത്തു 2019 ജൂണ്‍ 20നു ചുമതല ഏറ്റെടുത്തപ്പോള്‍ മുതല്‍ നിങ്ങള്‍ നല്‍കിയ സ്‌നേഹവും, അര്‍പിച്ച വിശ്വാസവും പൂര്‍ണ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് . സര്‍കാര്‍ എന്നില്‍ വിശ്വാസം ഏല്പിച്ചു നല്‍കിയ ചുമതല പൂര്‍ണമനസോടെ ഉത്തരവാദിത്വത്തോടെയും വിശ്വാസത്തോടെയും ഇന്ന് വരെ ചെയ്തിട്ടുണ്ട് , അത് നാളെയും തുടരും.

എന്റെ പ്രവര്‍ത്തനങ്ങളുടെ വിജയം എന്റെ മാത്രം വിജയമായി ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല, മറിച്ചു തോളോട് തോള്‍ ചേര്‍ന്ന് എന്റെ ഒപ്പം പ്രവര്‍ത്തിച്ച ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും
കക്ഷി രാഷ്രീയഭേദമില്ലാതെ പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍ – നന്ദി .

എന്റെ പിന്‍ഗാമി ആയി ഇന്ന് ചുമതല ഏല്‍ക്കുന്ന ജാഫര്‍ മാലികിനും തുടര്‍ന്നും എല്ലാ പിന്തുണയും നല്‍കണമേയെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു.

നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും മറുപടിയായി രണ്ടു വാക്കു മാത്രം ‘നന്ദി ‘, ‘ സ്‌നേഹം ‘. ഇതൊക്കെയാണെങ്കിലും ഒരു കാര്യം മറക്കേണ്ടാ…കൊറോണയില്‍ നിന്നും നാട് പൂര്‍ണമായി മുക്തമാകുന്നതുവരെ,തുടര്‍ന്നും എസ് എം എസ്( Sanitise Mask Social Dtsiance ).

നിങ്ങളുടെ സ്വന്തം

സുഹാസ്

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker