World

ചൂട് കൂടുമ്പോള്‍ കാറിന് തീപിടിക്കാതിരിക്കാന്‍ ചെയ്യേണ്ടത്; പ്രത്യേത നിര്‍ദേശവുമായി അബുദാബി പോലീസ്

അബുദാബി: യു.എ.ഇയില്‍ ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരേ ജാഗ്രത വേണമെന്ന് അധികൃതര്‍. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് അബുദാബി പോലീസും സിവില്‍ ഡിഫന്‍സും ആവശ്യപ്പെട്ടു. ഇത്തരം തീപിടുത്തങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത് സുരക്ഷയുടെ കാര്യത്തിലുള്ള അശ്രദ്ധ കൊണ്ടാണെന്നും പോലീസ് അറിയിച്ചു.

വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ സൂക്ഷിച്ച ശേഷം വാഹനം ലോക്ക് ചെയ്ത് പോകുന്നത് തീപിടിക്കാനുള്ള ഒന്നാമത്തെ കാരണമാണ്. വാഹനത്തിന് യോജിച്ചതല്ലാത്ത ഇന്ധന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും തീപിടിക്കാന്‍ കാണമാവും. വാഹനങ്ങള്‍ക്ക് കൃത്യമായ ഇടവേളകളില്‍ യോഗ്യരായ മെക്കാനിക്കുകളുടെയോ സര്‍വീസ് സെന്ററുകളുടെയോ സഹായത്തോടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കണമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് പബ്ലിക് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ സലീം അല്‍ ഹബഷി പറഞ്ഞു.

അംഗീകൃതമല്ലാത്ത ടെക്‌നീഷ്യന്മാര്‍ വാഹനം റിപ്പെയര്‍ ചെയ്യുമ്പോള്‍ പലപ്പോഴും മറ്റൊരു തകരാറ് വന്നുപെടുകയാവും ചെയ്യുന്നത്. അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിക്കാന്‍ ഫസ്റ്റ് എയ്ഡ് സാമഗ്രികളും ഒരു അഗ്‌നിശമന ഉപകരണവും വാഹനത്തില്‍ സൂക്ഷിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ തീപിടിക്കാന്‍ പ്രധാനമായും അഞ്ച് കാരണങ്ങളാണുള്ളതെന്ന് അബുദാബി പോലീസ് ഫൊറന്‍സിക് എവിഡന്‍സ് വിഭാഗം തലവന്‍ മേജര്‍ ഡോ. ആദില്‍ അല്‍ സഖ്‌രി പറഞ്ഞു.

ചൂട് കൂടുമ്പോള്‍ കാറിന് തീപിടിക്കാതിരിക്കാന്‍ ചെയ്യേണ്ടത്

  • വാഹനത്തിന് യോജിക്കാത്ത തരത്തിലുള്ള അഡിറ്റീവുകള്‍ ഉപയോഗിക്കുക.
  • തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ വാഹനങ്ങളില്‍ സൂക്ഷിക്കുക.
  • വാഹനത്തിന്റെ ഇലക്ട്രിക്കല്‍ സംവിധാനവുമായി യോജിക്കാത്ത ഒറിജിനല്‍ അല്ലാത്ത ഇന്ധനങ്ങള്‍, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ ഉപയോഗം.
  • വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഡിസ്‌കണക്ട് ചെയ്യാതിരിക്കല്‍.
  • അംഗീകൃതമല്ലാത്ത ടെക്‌നീഷ്യന്മാരെ ഉപയോഗിച്ച് വാഹനത്തില്‍ മറ്റ് ഉപകരണങ്ങള്‍ ഘടിപ്പിക്കുക.

Back to top button
error: