KeralaNEWS

ദിലീപിനെ ക്രൈം ബ്രാഞ്ച് തിങ്കളാഴ്ച ചോദ്യം ചെയ്യും, ഫോണിലെ ദൃശ്യങ്ങൾ മായിച്ചു കളഞ്ഞ സൈബർ വിദഗ്ധൻ സായ് ശങ്കറിനെയും ഉടൻ ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. തിങ്കളാഴ്ചയാണു ചോദ്യംചെയ്യൽ. ആദ്യം വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നൽകിയത്. എന്നാൽ, ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

കേരളത്തിന് പുറത്തേക്ക് പോകാന്‍ നേരത്തേ നിശ്ചയിച്ചതിനാലാണ് മറ്റന്നാള്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ദിലീപ് അറിയിച്ചത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് തയ്യാറെടുക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യല്‍.

കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയായിരുന്നു. അന്വേഷണത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സിനിമാ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
അതേ സമയം ദിലീപിൻ്റെ ഫോണിലെ ദൃശ്യങ്ങൾ മായിച്ചു കളഞ്ഞ സൈബർ വിദഗ്ധ്ൻ സായ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി

സ്വകാര്യ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ മുന്‍‌കൂര്‍ ജാമ്യ ഹാര്‍ജി ഈ ഘട്ടത്തില്‍ നിലനില്‍ക്കില്ലന്ന് കോടതി നിരീക്ഷിച്ചു. സായ് ശങ്കറിനെ ഇതുവരെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. സാക്ഷിയായാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ മൊഴി നല്‍കാന്‍ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു സായ് ശങ്കർ ആവശ്യപ്പെട്ടത്.
അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.
ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള നീക്കം.

ദിലീപിന്റെ ഫോണിൽ ചില ദൃശ്യങ്ങൾ കണ്ടെന്നും ദിലീപും അഭിഭാഷകരും നിർദേശിച്ച പ്രകാരം അതു നശിപ്പിച്ചെന്നും മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് സായ് ശങ്കർ നൽകിയ ഹർജിയിൽ, നോട്ടിസ് നൽകാതെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തരുതെന്ന് നേരത്തെ ഹൈക്കോടതിയുടെ നിർശിച്ചിരുന്നു.

ദിലീപിനും അഭിഭാഷകനായ ബി.രാമൻ പിള്ളയ്ക്കുമെതിരെ മൊഴി നൽകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ.എസ്.പി ബൈജു പൗലോസും തൃശൂർ ക്രൈംബ്രാഞ്ച് എസ്‌.പി സുദർശനും തന്നെയും ഭാര്യയെയും പീഡിപ്പിക്കുകയാണെന്നാണു ഹർജിക്കാരന്റെ ആരോപണം.

സൈബർ ഫൊറൻസിക് രംഗത്തു വൈദഗ്ധ്യമുള്ള തന്നെ ബൈജു പൗലോസുമായുള്ള ശത്രുതയുടെ പേരിൽ ഇതിനു മുൻപ് രണ്ടു കേസുകളിൽ വ്യാജമായി പ്രതി ചേർത്തെന്നും ഹർജിയിൽ ആരോപിക്കുന്നു. 2015 ഒക്ടോബറിൽ വ്യാജ കേസിൽ കുടുക്കി കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ആദ്യ ഭാര്യ ജീവനൊടുക്കി. ജാമ്യത്തിലിറങ്ങിയശേഷം മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെന്നും ഹർജിയിൽ പറയുന്നു.

2020 ൽ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു വ്യാജമായി പ്രതി ചേർക്കാൻ ശ്രമമുണ്ടായി. ഈ കേസിൽ മുൻകൂർ ജാമ്യം ഹൈക്കോടതിയിൽനിന്നു ലഭിച്ചു. അഡ്വ. രാമൻ പിള്ളയുടെ ഓഫിസിൽ നിന്നാണു ഹാജരായത്. അദ്ദേഹത്തിന്റെ ഓഫിസിൽ വച്ചാണ് ദിലീപിനെ കണ്ടത്. ദിലീപ് ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തിന്റെ ഫോണിൽ നിന്നു ഫോട്ടോകൾ പെൻഡ്രൈവിലാക്കി നൽകിയിരുന്നു. എന്നാൽ ഫോണിലെ ഉള്ളടക്കത്തിൽ ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും സായ് ശങ്കർ പറയുന്നു.

Back to top button
error: