IndiaNEWS

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് വൈകിട്ട് ; സഹകരണ മന്ത്രാലയം രൂപീകരിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനസംഘന ഇന്ന് വൈകിട്ട് ആറിന്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും പരിഗണന ലഭിച്ചേക്കും. കേരളത്തില്‍നിന്നുള്ള വി.മുരളീധരന് സ്വതന്ത്ര ചുമതല ലഭിക്കുമെന്നാണ് സൂചന.

81 അംഗങ്ങളെ വരെ ഉള്‍പ്പെടുത്താവുന്ന മന്ത്രിസഭയില്‍ നിലവില്‍ 53 മന്ത്രിമാരാണ് ഉള്ളത്. പ്രകടനം തൃപ്തികരമല്ലാത്തവരെ മാറ്റാനും ഒരു മന്ത്രി തന്നെ കൂടുതല്‍ വകുപ്പുകള്‍ വഹിക്കുന്നത് കുറയ്ക്കാനുമാണ് തീരുമാനം. വി.മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയേക്കും. വിദേശകാര്യം നിലനിര്‍ത്തും. തിരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കുന്ന യുപിയില്‍ നിന്ന് ആറ് മന്ത്രിമാര്‍വരെ ഉണ്ടായേക്കാം.

വരുണ്‍ ഗാന്ധി, റാം ശങ്കര്‍ കത്താരിയ, അനില്‍ ജെയിന്‍, റീത്ത ബഹുഗുണ ജോഷി എന്നീ പേരുകള്‍ക്കാണ് സാധ്യത. ഉത്തരാഖണ്ഡില്‍നിന്ന് അജയ് ഭട്ട്, അനില്‍ ബലൂനി എന്നീ പേരുകളാണ് പരിഗണിക്കുന്നത്. എല്‍ജെപി, ജെഡിയു, അപ്നാദള്‍ എന്നീ സഖ്യകക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച റാം വിലാസ് പാസ്വാനു പകരം ആരെത്തുമെന്നതില്‍ എല്‍ജെപിയില്‍ തര്‍ക്കം തുടരുകയാണ്. മകനായ ചിരാഗ് പാസ്വാനും ബന്ധുവായ പശുപതി കുമാര്‍ പരസും തമ്മിലാണ് തര്‍ക്കം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചു.
‘സഹകരണത്തിലൂടെ സമൃദ്ധി’ എന്നതായിരിക്കും മന്ത്രാലയത്തിന്റെ കാഴ്ചപ്പാട്. നീക്കത്തെ ചരിത്രപരം എന്നു കേന്ദ്രം വിശേഷിപ്പിച്ചു. ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ സഹകരണ മേഖലയ്ക്കു കൂടുതല്‍ കൈത്താങ്ങ് നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ മന്ത്രാലയം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker