KeralaNEWS

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചന; പി.എസ്.ജയപ്രകാശിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേര്‍ത്ത മുന്‍ ഐബി ഉദ്യോഗസ്ഥന്‍ പി.എസ്.ജയപ്രകാശിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജയപ്രകാശ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജൂലൈ ഒന്നു വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. ഡപ്യൂട്ടി സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫിസറായിരിക്കെ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ജയപ്രകാശിനെതിരെ സിബിഐ ചുമത്തിയത്. കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

അതേസമയം, കേസിലെ നാലാംപ്രതിയായ അന്നത്തെ അന്വേഷണ തലവനായിരുന്ന ഐ.ജി സിബി മാത്യൂസിന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.അന്വേഷണത്തില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് സിബിഐ കടന്നേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് പ്രതിപട്ടികയിലുളള ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ജാമ്യാപേക്ഷയ്ക്കായി ശ്രമിച്ചത്.

ഡല്‍ഹിയിലെ പ്രത്യേക യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതിനാല്‍ പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥരെ സിബിഐ വിളിപ്പിച്ചേക്കും. തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടിയേക്കുമെന്നാണ് സൂചന.

ഇന്നലെയാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സി.ബി.ഐ. എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. കേരള പോലീസ്, ഐബി ഉദ്യോഗസ്ഥരടക്കം 18 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും പ്രതികളില്‍ ഉള്‍പ്പെടുന്നു. അന്നത്തെ പേട്ട സിഐ ആയിരുന്ന എസ്. വിജയന്‍ ഒന്നാം പ്രതിയും പേട്ട എസ്.ഐ. ആയിരുന്ന തമ്പി എസ്. ദുര്‍ഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി.ആര്‍. രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂ നാലാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്.

കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ. അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസത്തില്‍ സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നമ്പി നാരായണന്‍ അടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നേരത്തെ, കേസ് അന്വേഷിച്ച സി.ബി.ഐ. നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനേ തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ. ആവശ്യപ്പെടുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker