KeralaNEWS

ഐഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട കേസില്‍ സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. നേരത്തെ ഐഷ സുല്‍ത്താനയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു.

14 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ കവരത്തി പോലീസ് ഐഷയെ വിട്ടയച്ചത്. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്നും തനിക്ക് കൊച്ചിയിലേക്ക് തിരികെ പോകാമെന്നും രണ്ട് ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തുമെന്നും ഐഷ സുല്‍ത്താന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, ചോദ്യം ചെയ്യലിന് ദ്വീപിലെത്തിയ ഐഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈകോടതിയെ അറിയിച്ചു. ജൂണ്‍ 19ന് ദ്വീപിലെത്തിയ ഐഷക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ മാത്രമാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പഞ്ചായത്ത് അംഗങ്ങളുടെ യോഗത്തില്‍ പങ്കെടുക്കുകയും കോവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നുമാണ് ആരോപണം. ഇക്കാര്യം വിശദീകരിച്ചു കൊണ്ടുള്ള രേഖകള്‍ ഭരണകൂടം ഹൈകോടതിയില്‍ സമര്‍പ്പിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ഈ മാസം ഏഴിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ ‘ബയോവെപണ്‍’ എന്ന പരാമര്‍ശം നടത്തിയെന്നതിന്റെ പേരിലാണ് ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. എന്നാല്‍, രാജ്യത്തെയല്ല, അഡ്മിനിസ്‌ട്രേറ്ററെ ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയതെന്നാണ് ആയിഷ വിശദീകരിച്ചത്. വാചകത്തിന്റെ ഘടന മാറിപ്പോയപ്പോള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും ആയിഷ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker