KeralaNEWS

പടത്തിക്കോര അഥവാ ഗോല്‍ഫിഷ്; ലോകത്തിലെ ഏറ്റവും വിലയേറിയ കടൽ മത്സ്യങ്ങളിൽ ഒന്ന്

റാട്ടുപുഴ കള്ളിക്കാട് സ്വദേശി വിനോദിന്റെ “പൊന്നുതമ്പുരാന്‍” വള്ളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് പൊന്നു തമ്പുരാൻ കനിഞ്ഞ്  പടത്തിക്കോരയെന്ന വിപണിയില്‍ വന്‍വിലയുള്ള മീന്‍ ലഭിച്ചത് കേരളത്തിൽ കഴിഞ്ഞയിടയ്ക്ക് വാർത്തയായിരുന്നു.
 മീന്‍പിടിത്തം കഴിഞ്ഞ് കായംകുളം തുറമുഖത്തേക്കു മടങ്ങുമ്പോഴാണ്  വള്ളത്തിലുണ്ടായിരുന്ന ഗിരീഷും ഗോപനും ചത്തതുപോലെ കിടക്കുന്ന, അത്രയ്ക്ക് പരിചയമില്ലാത്ത ഒരു മീനിനെ കാണുന്നത്.കൗതുകം കൊണ്ട് പെട്ടെന്ന് ചാടിയിറങ്ങി പിടിക്കാന്‍ നോക്കിയപ്പോള്‍ മീന്‍ വഴുതിപ്പോയി.അതോടെ അവർക്ക് വാശിയായി. കുതറി നീന്താന്‍ ശ്രമിച്ച മീനിനെ ഏറെ പണിപ്പെട്ടാണ് ഇവര്‍ വള്ളത്തിലെത്തിച്ചത്. തൂക്കിനോക്കിയപ്പോള്‍ 20 കിലോ ഭാരം.മീന്‍ ഏതെന്നോ വിലവിവരമോ അറിയാതിരുന്ന ഇവര്‍ അപ്പോള്‍ത്തന്നെ ‘കേരളത്തിന്റെ സൈന്യം’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു.ഇങ്ങനെയാണ് പടത്തിക്കോര അഥവാ മെഡിസിനല്‍ കോര എന്നൊക്കെ അറിയപ്പെടുന്ന, വലിയ വില കിട്ടുന്ന മീനാണ് അതെന്ന് അവർ മനസ്സിലാക്കിയത്.തുടര്‍ന്ന് നീണ്ടകരയിലെത്തിച്ച് ലേലം ചെയ്തപ്പോൾ മീനിന് ലഭിച്ചത് അരലക്ഷത്തിലേറെ രൂപ !!
പടത്തിക്കോര (ഗോല്‍ഫിഷ്), അഥവാ മെഡിസിനല്‍ കോര എന്നൊക്കെ അറിയപ്പെടുന്ന മീൻ മുഖ്യമായും  ഔഷധനിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്.അതിനാൽ ഇതിന്റെ മൂല്യവും വളരെ  വലുതാണ്.ഇതിന്റെ മാംസത്തിനും രുചിയുണ്ട്.ഈ മീനില്‍ നിന്നു കിട്ടുന്ന പളുങ്കെന്നു പറയുന്ന വെളുത്ത സ്പോഞ്ച് പോലുള്ള വസ്തു ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയയ്ക്കുള്ള നൂലുണ്ടാക്കാന്‍ ഉപയോഗിക്കുന്നു.
സാധാരണ കടലില്‍ ചത്തതുപോലെ കിടക്കുന്ന ഈ മീൻ സമർത്ഥമായി വഴുതിപ്പോകും.ഏറെ പണിപ്പെട്ടാണ് ഇതിനെ തൊഴിലാളികൾ പിടിക്കുന്നത്. ഇതിന്റെ ലഭ്യതക്കുറവും, ആവശ്യകതയുമാണ് ഇതിന് വലിയ വില കിട്ടാൻ കാരണം.സാധാരണയായി കറുത്ത പുള്ളികളുള്ള ശരീരമാണ് ഈ മത്സ്യങ്ങൾക്കുള്ളത്.പ്രധാനമായും ഇന്തോ-പസഫിക് മേഖലയിൽ കാണപ്പെടുന്ന ഗോൽ മത്സ്യം ലോകത്തിലെ ഏറ്റവും വിലയേറിയ കടൽ മത്സ്യങ്ങളിൽ ഒന്നാണ്.
 അയോഡിൻ, ഒമേഗ-3, ഡിഎച്ച്എ, ഇപിഎ, ഇരുമ്പ്, ടോറിൻ, മഗ്നീഷ്യം, ഫ്ലൂറൈഡ്, സെലിനിയം എന്നീ സമ്പന്നമായ പോഷകങ്ങളാൽ നിറഞ്ഞൊരു മത്സ്യം കൂടിയാണിത്. ഇത്രയും പ്രത്യേകതകളുള്ളതിനാൽ ഈ മത്സ്യത്തെ ‘കടൽ സ്വർണ്ണം’ എന്നും വിളിക്കാറുണ്ട്.

Back to top button
error: