KeralaNEWS

പച്ചിലയിൽ നിന്ന് പെട്രോൾ;രാമർ പിള്ള എന്ന ഭൂലോക ഉഡായിപ്പിനെപ്പറ്റി കൂടുതൽ അറിയാം

രിമ്പിൻ പാടങ്ങളും , പരുത്തിച്ചെടികളും നിറഞ്ഞ തമിഴ്നാട്ടിലെ ഇതര കാർഷിക ഗ്രാമങ്ങളെപ്പോലെയായിരുന്നു 1996 ഡിസംബർ വരെ രാജപാളയത്തിനടുത്തുള്ള ഇടയംകുളം.ചുറ്റുവട്ടത്തിനു പുറത്തേക്ക് ആ നാടിനെ പറ്റി അറിഞ്ഞിരുന്നവർ കുറവ്.എന്നാൽ 25 വർഷം മുൻപ് പച്ചിലപെട്രോളുമായി രാമർ പിള്ള പ്രത്യക്ഷപ്പെട്ടതോടെ പിള്ളയ്ക്കൊപ്പം ഇരുന്ന് എഴുന്നേറ്റതു പോലെ ഇടയംകുളവും വളർന്നു. തട്ടിപ്പിന് 2016ൽ രാമർ അകത്താകും വരെ ആ നില മാറ്റമില്ലാതെ തുടർന്നു.
 ശാസ്ത്രത്തിന് പിടികിട്ടാത്ത കണ്ടെത്തലുമായി രാമറും അയാളുടെ പച്ചില പെട്രോളും ‘നിന്നു കത്തിയ’ ആ കാലം തുടങ്ങിയത് കാൽ നൂറ്റാണ്ട് മു‍ൻപ് 1996 ഡിസംബറിൽ.ഇന്നത്തെ പെട്രോൾ വിലയ്ക്ക് അഞ്ചു ലീറ്റർ പെട്രോൾ കിട്ടിയിരുന്ന സമയത്ത്… ‘കണ്ടുപിടിത്തങ്ങളുടെ’ ചരിത്രത്തിൽ സമാനതകളില്ലാതെ വികസിച്ച രാമർപെട്രോൾ കഥാചരിതം ഇങ്ങനെ..
പച്ചവെള്ളത്തിൽ ചെറുനാരങ്ങാനീരും , അപൂർവമായൊരിനം പച്ചിലയുമിട്ട് തിളപ്പിച്ച് അരമണിക്കൂർ കഴിഞ്ഞാൽ ഒന്നാന്തരം പെട്രോൾ ലഭിക്കുമെന്ന വാദവുമായിട്ടായിരുന്നു ഇടത്തെ കവിളിൽ സാമാന്യത്തിലധികം വലുപ്പം വരുന്ന മറുകുള്ള രാമർപിള്ള 1996 ഡിസംബറിൽ രംഗത്ത് എത്തിയത്. ഇടയംകുളത്തെ കോൺക്രീറ്റ് വീടിന്റെ ഭൂഗർഭ അറിയിലെ രഹസ്യമുറി‍യിൽ ഒരു സ്റ്റൗവും , ഇരുമ്പു കുഴലും മാത്രം ഉപയോഗിച്ചാണ് പച്ചില പെട്രോൾ ഉണ്ടാക്കുന്നതെന്ന് എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച രാമർ പറഞ്ഞു പരത്തിയതോടെ ബിബിസി അടമുള്ള മാധ്യമങ്ങൾ ഇടയകുളത്തേക്ക് കുതിച്ചു.അതോടെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായി പച്ചില പെട്രോൾ വിശേഷിപ്പിക്കപ്പെട്ടു.
സാദാ പെട്രോളിന് ലീറ്ററിനു ഇരുപതു രൂപയിലേറെ വിലയുണ്ടായിരുന്ന ആ കാലത്ത് ലീറ്ററിനു രണ്ടു രൂപാ നിരക്കിൽ പച്ചില പെട്രോൾ നൽകാൻ തയാറാണെന്ന് രാമർ അറിയിച്ചതോടെ കണ്ടുപിടിത്തത്തിന്റെ മൈലേജ് വീണ്ടും ഉയർന്നു.രാമർ പെട്രോൾ നിർമിതിക്കായി പച്ചവെള്ളത്തിനൊപ്പം ചേർക്കുന്ന അദ്ഭുതസസ്യത്തിന്റെ ഇലയെ സംബന്ധിച്ച് തുടർ വാർത്തകൾ പ്രത്യക്ഷപ്പെട്ടു.മേക്ക് തുടർച്ചിമലയിലാണ് അദ്ഭുത സസ്യം ഉള്ളതെന്ന് വാർത്തയുമായി തമിഴ്മാസിക നക്കീരൻ വന്നതോടെ മറ്റു മാധ്യമങ്ങളും മലനിരകളിലേക്ക് കണ്ണുനട്ടു.
എന്നാൽ നക്കീരൻ ഒഴികെ മറ്റാരുമായും ചെമ്പക്കക്കാട്ടിലൂടെ വളർത്തച്ഛനൊപ്പം അദ്ഭുത സസ്യത്തിന്റെ ഇല തിരഞ്ഞ് മേക്ക് തുടർച്ചിമലയിലേക്ക് നടത്തുന്ന രാത്രിയാത്രയെക്കുറിച്ച് വിട്ടു പറയാനോ , ചിത്രങ്ങൾ പങ്കുവയ്ക്കാനോ രാമർ തയ്യാറായില്ല. നക്കീരനാവട്ടെ രാമറിന്റെ യാത്രയുടെ പുതിയ ചിത്രങ്ങൾ ഓരോ ലക്കത്തിലും നൽകി വായനക്കാരെ ഞെട്ടിച്ചു.രാമർ തന്റെ കണ്ടുപിടിത്തം പുറം ലോകത്തെ അറിയിക്കുന്ന സമയത്ത് തമിഴ്നാടിന്റെ ഭരണം ജയലളിതയുടെ നേതൃത്വത്തിലായിരുന്നു. മന്ത്രിമാരുടെയും , മാധ്യമപ്രവർത്തകരുടെയും മുന്നിൽ രാമർ അദ്‌ഭുതവിദ്യ അവതരിപ്പിച്ചെങ്കിലും ഇതിനേക്കാൾ വലിയ ഉഡായിപ്പ് കണ്ടിട്ടുള്ള ജയ അത് അത്ര കാര്യമായി പരിഗണിച്ചില്ല.
ജയയ്‌ക്കു ശേഷം അധികാരത്തിലേറിയ എം. കരുണാനിധി, കണ്ടുപിടുത്തത്തിന് പേറ്റന്റ് നേടാൻ സഹായിക്കാമെന്നു പ്രഖ്യാപിച്ചതോടെയാണു രാമറിന്റെ നല്ല കാലം തെളിഞ്ഞത്.വ്യാവസായിക ഉൽപാദനം തുടങ്ങാൻ അനുമതിയും കരുണാനിധി നൽകി.ഇതോടെ രാമർ പെട്രോൾ വിപണിയിലെത്തി. രാമറിന്റെ കയ്യിൽ നിന്ന് ‘ഇന്ധന’ നിർമാണത്തിന്റെ  രഹസ്യവിദ്യ  കൈവശപ്പെടുത്താനും ചിലർ  ശ്രമിച്ചു. കള്ളക്കളിയിൽ  വള്ളപ്പാടുകൾക്കു മുന്നിലായിരുന്ന രാമർ ഈ നീക്കങ്ങളെ അപ്പപ്പോൾ തന്നെ മാധ്യമങ്ങളോടു വിവരിച്ചു.സംഗതി കാര്യമായതോടെ രാമറിന്റെ വീടിനും ‘ഗവേഷണ ശാലയ്‌ക്കും’ സർക്കാർ ചെലവിൽ സുരക്ഷ ഏർപ്പെടുത്തി.
അതിനകം രാമർ പെട്രോൾ വിപണിയിൽ വൻ ഡിമാൻഡ് നേടിക്കഴിഞ്ഞിരുന്നു. ഉപയോഗിച്ചവർക്കെല്ലാം പൂർണ തൃപ്‌തി.പത്തു ലീറ്റർ വെള്ളത്തിൽ രാമർ കണ്ടുപിടിച്ച പച്ചിലച്ചെടിയും , ചേരുവകളും ചേർത്താൽ ഏഴു ലിറ്റർ പെട്രോൾ ലഭിക്കും.ബാക്കി മൂന്നു ലിറ്ററിൽ ഡീസലും , മണ്ണെണ്ണയും ഉത്‌പാദിപ്പിക്കാം.പക്ഷേ, ശാസ്‌ത്രലോകം രാമറിന്റെ കണ്ടുപിടിത്തത്തെ വകവച്ചില്ല. തങ്ങൾക്കു മുന്നിൽ നിർമാണ രീതി അവതരിപ്പിക്കാൻ ക്ഷണിച്ചപ്പോൾ രാമർ പിടികൊടുത്തതുമില്ല. പ്രധാനമന്ത്രിക്കു മുന്നിൽ പ്രകടനം കാഴ്‌ചവയ്‌ക്കാൻ ഇതിനിടെ രാമറിനു ക്ഷണം കിട്ടിയെങ്കിലും ഡൽഹിയിലെത്തേണ്ടതിനു തലേന്നാൾ രാമറിനെ ഏതോ ഗൂഢ സംഘം തട്ടിക്കൊണ്ടു പോയി.ഇത് തട്ടിപ്പിന്റെ മറ്റൊരേടാണെന്ന വൈകാതെ വാർത്ത പ്രചരിച്ചു.
രാമറിന്റെ പെട്രോൾ തട്ടിപ്പാണെന്നു വാർത്ത പരന്നതോടെ ‘ഹെർബൽ ഫ്യുവൽ’ എന്ന പുതിയ പേരിലായി പെട്രോൾ വിൽപന.താൻ വിൽക്കുന്നതു പെട്രോളല്ല, സ്വയം സൃഷ്‌ടിച്ചെടുത്ത പുതിയ ഒരു ഇന്ധനമാണെന്നു വാദിച്ച് കേസിൽനിന്ന് രക്ഷപെടുകയായിരുന്നു രാമറിന്റെ തന്ത്രം.വീണ്ടും വിമർശനമുയർന്നപ്പോൾ ‘രാമർ തമിൾ ദേവി ഹെർബൽ ഫ്യുവൽ’ എന്നു വീണ്ടും ഉത്‌പന്നത്തിന്റെ പേരു മാറ്റി.
എണ്ണ ശുദ്ധീകരണ ശാലകളിലെയും , വിതരണ ഏജൻസികളിലെയും ചിലരുമായി ചേർന്നു നടത്തിയ ഗൂഢാലോചനയിലൂടെ ബെൻസീൻ, ടൊളുവിൻ എന്നീ പെട്രോളിയം ഉത്‌പന്നങ്ങൾ സംഘടിപ്പിച്ചെടുത്തായിരുന്നു രാമറിന്റെ പെട്രോൾ നിർമാണമെന്ന് പിന്നീടു തെളിഞ്ഞു.പച്ചില പെട്രോളിന്റെ പേരിൽ തട്ടിപ്പു നടത്തിയെന്ന കേസിൽ രാമർപിള്ളയും , ഭാര്യയുമടക്കം അഞ്ചു പേർക്ക് 2016ൽ എഗ്മൂർ അഡീഷണൽ ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേട്ട് മൂന്നുവർഷം കഠിനതടവ് വിധിച്ചു.രാമർ അകത്തായതോടെ ഒരു പതിറ്റാണ്ട് നിറഞ്ഞോടിയ പച്ചില പെട്രോൾ കഥയ്ക്കും കൊടിയിറങ്ങി.

Back to top button
error: