Environment

ബിഷപ്പിന്റെ ”ഏദൻതോട്ടം”

ഭൂമിയിലെ മണ്ണ് ദൈവത്തിന്‍റെ ദാനമാണ്. അതു പാഴായിടുന്നത് പാപമാണ്. മണ്ണില്‍ വിയര്‍പ്പു വീഴ്ത്തുന്ന അധ്വാനം ബലിയര്‍പ്പണം പോലെ പവിത്രമാണെന്ന ദര്‍ശനം സമൂഹത്തിനു പകര്‍ന്നുകൊടുക്കുന്ന വൈദിക ശ്രേഷ്ഠനാണ് സി.എസ്‌.ഐ മധ്യകേരള മഹായിടവക ബിഷപ് റവ. ഡോ. സാബു കെ. ചെറിയാന്‍. വീടിനും നാടിനും വേണ്ടതെല്ലാം നമുക്കു സ്വന്തമായി വിളയിക്കാമെന്നിരിക്കെ എന്തിനു മറ്റിടങ്ങളില്‍ നിന്ന് വിഷമടിച്ച വിഭവങ്ങള്‍ കൊള്ളവില കൊടുത്തു വാങ്ങി ഭക്ഷിക്കണം. ചോദിക്കുക മാത്രമല്ല, വചനശുശ്രൂഷാവഴിയില്‍ കൃഷിയുടെ പാരമ്പര്യ മഹത്വം സ്വന്തം കാര്‍ഷിക വൈവിധ്യം മാതൃകയാക്കി മറ്റുള്ളവർക്ക് പകര്‍ന്നു നല്‍കുക കൂടിയാണ് തിരുമേനി.

ജനുവരിയില്‍ മധ്യകേരള ബിഷപ്പായി ചുമതലയേറ്റശേഷം 180 വര്‍ഷത്തെ പൗരാണിക പാരമ്പര്യമുള്ള അരമനവളപ്പിലും ബേക്കര്‍ കുന്നിലെ അഞ്ചേക്കറിലും കൃഷിയുടെ വിഭവ വിസ്മയം തന്നെ ഒരുക്കിയിരിക്കയാണ് ബിഷപ്പ്. പയര്‍, പാവല്‍, പടവലം, തക്കാളി, കോവല്‍, വാഴ തുടങ്ങി ഇവിടെ വിളയിക്കാത്ത വിളകള്‍ കുറവ്. കാട് വെട്ടിത്തെളിച്ച് ഹരിതാഭമാക്കിയ കൃഷിയിടം ഏദന്‍തോട്ടം പോലെ സമൃദ്ധം. ചാണകവും വേപ്പിന്‍പിണ്ണാക്കും കുമ്മായവും കൂട്ടിക്കിളച്ച മണ്ണില്‍നിന്ന് ദിവസം 25 കിലോ വീതം കുരുത്തോല പയര്‍ വിളവെടുത്തു. മാര്‍ക്കറ്റ് വില നോക്കാതെ കിലോയ്ക്ക് 100 രൂപയ്ക്ക് പയര്‍ വാങ്ങാന്‍ പലയിടങ്ങളിലും നിന്ന് ആവശ്യക്കാര്‍ എത്തിക്കൊണ്ടിരുന്നു. അവിടെ ആറടി നീളത്തില്‍ കായിട്ട പടവലവും നിറയെ വിളവുണ്ടായ പാവലുമൊക്കെ കണ്ണുകുളിര്‍പ്പിക്കുന്ന കാഴ്ചയായി. കിളച്ച് വാരം എടുത്ത് അതിനു മുകളില്‍ മള്‍ച്ചിംഗ് ഷീറ്റിട്ടു മൂടി അടിയില്‍ ജലവിതരണ പൈപ്പുകളും സ്ഥാപിച്ചു.

നാലര പതിറ്റാണ്ടിലെ കൃഷി സമ്മാനിച്ച അനുഭവങ്ങളാണ് തിരുമേനിയുടെ കൈമുതൽ. 1988 മുതല്‍ 96 വരെ ആന്ധ്രാപ്രദേശിലെ വാറംഗിലെ ഗ്രാമത്തില്‍ എട്ടു വര്‍ഷം മിഷനറിയായിരുന്നപ്പോള്‍ അവിടെ പത്തേക്കര്‍ മണ്ണില്‍ നെല്ലും സൂര്യകാന്തിയും എള്ളും മാറി മാറി കൃഷിചെയ്തു. ധാന്യങ്ങള്‍ക്കു പുറമെ തണ്ണിമത്തനും വിളവെടുത്തു. കൃഷിയിടത്തില്‍ അധ്വാനിച്ചു നേടുന്ന വരുമാനവും പ്രേഷിതവേലയ്ക്ക് വിനിയോഗിക്കുകയെന്ന നന്‍മയുടെ പ്രമാണമാണ് മേല്‍പ്പട്ടക്കാരന്റെ കരുതല്‍.

ദിവസം രാവിലെയും വൈകുന്നേരവുമായി അഞ്ചു മിനിറ്റുവീതം നന കൊടുത്തു. വളം ഒരു ചുവടിനു കൃത്യം മൂന്നു ഗ്രാം വീതം ധാരാളമായിരുന്നു. നാലു മാസം കൊണ്ട് പറിച്ചെടുത്തത് 400 കിലോ പയര്‍. രാവിലെ ആറു മുതല്‍ ഒമ്പതു വരെ തോട്ടത്തില്‍ കൃഷിയും കൂടെ വിളവെടുപ്പും. എക്കാലവും രാസകീടനാശിനി പ്രയോഗിക്കാത്ത കൃഷിയേ നടത്താറുള്ളു. മുഞ്ഞശല്യം വന്നപ്പോള്‍ നീറിനെ പയര്‍ പന്തലേക്ക് ഇറക്കിവിട്ടു. പയര്‍ പറിക്കാ നിറങ്ങുമ്പോള്‍ നീറിന്റെ കടി കൊള്ളേണ്ടിവന്നെങ്കിലും മുഞ്ഞ പുറത്തായി. പോളിഹൗസില്‍ വെണ്ടയും പയറും ചീരയും തക്കാളിയും വെള്ളരിയും മുളകും വളര്‍ത്തി വിളവെടുത്തു.

പള്ളിയങ്കണത്തില്‍ കപ്പയും വാഴയും തെങ്ങും പരിപാലിച്ചു. ഇടവിളയായി നട്ട മഞ്ഞളും നല്ല വിളവുതന്നു. ആയിരം ചുവട് കപ്പ നാലഞ്ചു ഘട്ടങ്ങളായി തുകലശേരിയില്‍ കൃഷിചെയ്തിരുന്നു. ഒരു വിളവെടുപ്പ് കഴിയുമ്പോള്‍ അടുത്ത 200 ചുവടു പാകമായി വരുന്ന രീതിയിലായിന്നു നടീല്‍. അപ്പോള്‍ എല്ലാം മാസവും വിളവെടുത്തു വില്‍ക്കാന്‍ കപ്പയുണ്ടാകും. ചില നടീലുകളില്‍ അല്‍പം വിളവു കുറഞ്ഞാലും വില്‍ക്കാന്‍ മാര്‍ക്കറ്റില്ലെന്ന പരിമിതി ഉണ്ടായിരുന്നില്ല. കിട്ടിയ വരുമാനമെല്ലാം സഭയ്ക്ക് മുതല്‍കൂട്ടി. തിരുവല്ല തുകലശേരി സെന്റ് തോമസ് സി.എസ്‌.ഐ പള്ളിയില്‍ വികാരിയായിരിക്കെയാണ് സഭയുടെ അമരക്കാരനായുള്ള നിയോഗം ഒരു ദൈവവിളി പോലെ വന്നു ചേർന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker