KeralaNEWS

10 ലക്ഷത്തിനു പിന്നാലെ 25 ലക്ഷം കൂടി ജാനുവിനു നൽകി: ഞെട്ടിക്കുന്ന തെളിവുകളുമായി പ്രസീത അഴീക്കോട്

ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയത്

കണ്ണൂർ: സി.കെ ജാനുവിന് 10 ലക്ഷം രൂപ നൽകിയതിനു പുറമേ 25 ലക്ഷം കൂടി ബി.ജെ.പി നൽകിയെന്ന് ജെ.ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്.
ഇതു സംബസിച്ച തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. ജാനുവിന് 25 ലക്ഷം കൊടുക്കാൻ ബി.ജെ.പി സംഘടനാ സെക്രട്ടറി എം. ഗണേഷിനോട് പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫോണിൽ പ്രസീതയുമായിസംസാരിക്കുന്ന ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
എൻ.ഡി.എ സ്ഥാനാർഥിയാകാൻ ജാനുവിന് കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് അഴീക്കോട്ടെ വീട്ടിലെത്തി പ്രസീതയുടെ മൊഴിയെടുത്തത്.

‘ഗണേഷ് വിളിച്ചിട്ട് സി.കെ ജാനു തിരിച്ചുവിളിച്ചില്ലേ’ എന്ന് ചോദിച്ച് തുടങ്ങുന്ന കെ. സുരേന്ദ്രന്റെ ശബ്ദരേഖയാണ് പുറത്തു വന്നത്.
“ഞാൻ ഇന്നലെതന്നെ വിളിച്ച് അത് ഏർപ്പാടാക്കിയിരുന്നു. 25 തരാൻ പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ ആവശ്യത്തിന്. അത് മനസ്സിലായല്ലോ. നിങ്ങളുടെ പാർട്ടിയുടെ ആവശ്യത്തിനുവേണ്ടി 25 തരാൻ ഗണേശ്ജിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അതു തരും. ബാക്കികാര്യങ്ങൾ അവിടത്തെ മണ്ഡലം പാർട്ടിക്കാരാണ് ചെയ്യുന്നത്. നിങ്ങളുടെ പാർട്ടിക്കാരുടെ കാര്യങ്ങൾ ശ്രദ്ധിക്കുക. സി.കെ ജാനുവിനോട് തിരിച്ചുവിളിക്കാൻ പറയൂ. ഗണേശ്ജി ആരാണെന്ന് മനസ്സിലായില്ലേ. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയാണ് അദ്ദേഹം…”
ഇങ്ങനെയാണ് ഫോൺ സംഭാഷണം അവസാനിക്കുന്നത്.
പണം എത്ര ചോദിച്ചാലും തരാൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും സി.കെ ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും പ്രസീത അഴീക്കോട് വെളിപ്പെടുത്തി.
ബി.ജെ.പി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്നും പ്രസീത അന്വേഷണ സംഘത്തിന് മൊഴിനൽകി. കെ.സുരേന്ദ്രനുമായുള്ള ഫോൺസംഭാഷണത്തിന് തൊട്ടടുത്ത ദിവസമാണ് പണം എത്തിയതെന്നും അവർ പറഞ്ഞു.
പ്രശാന്ത് മലയവയൽ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതിൽ മുകളിൽ ചെറുപഴവുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്, സ്ഥാനാർഥിക്ക് കൊടുക്കാനാണെന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. അതിൽ നിന്നൊരു ചെറുപഴം ചോദിച്ചപ്പോൾ സ്ഥാനാർഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി.

“തന്റെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റൊരു കക്ഷിക്കും പങ്കില്ല. ദളിത് ആദിവാസികളുടെ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആർജ്ജവം ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ സമൂഹം ഞങ്ങൾക്കൊപ്പമുണ്ട്. എൻ.ഡി.എയുമായി പാർട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. അടുത്ത ദിവസം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സി.കെ.ജാനു ഞങ്ങൾക്ക് പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. ഒറ്റയ്ക്കാണ് എന്റെ പോരാട്ടം, ഇതിന്റെ പേരിൽ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. എന്തു സംഭവിച്ചാലും നിലപാട് മാറ്റില്ല… ”
പ്രസീത നിലപാടു വ്യക്തമാക്കി.

”പാർട്ടിയുമായി ധാരണയുണ്ടാക്കുമ്പോൾ കെ.സുരേന്ദ്രൻ ചില വാക്കുകൾ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു സി.കെ ജാനു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ചർച്ചയിൽ അത് ചുരുക്കി രണ്ട് സീറ്റാക്കി. സുൽത്താൻ ബത്തേരിയും ബാലുശ്ശേരിയും. അവിടങ്ങളിൽ പ്രവർത്തനം തുടങ്ങാനും പറഞ്ഞു. എന്നാൽ ബാലുശ്ശേരി പിന്നീട് എടുത്തുമാറ്റി. ഇതേ കുറിച്ച് സുരേന്ദ്രനെ വിളച്ച് ആരാഞ്ഞപ്പോൾ, ബാലുശ്ശേരി തരാൻ പറ്റില്ല. അവിടെ ചില പ്രശ്നങ്ങളുണ്ട്, സുൽത്താൻബത്തേരിയിൽ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും പറഞ്ഞു. എല്ലാ പാർട്ടി സന്നാഹങ്ങളും ഈ മണ്ഡലത്തിൽ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാൽ ഇതിനു വിരുദ്ധമായി കടുത്ത എതിർപ്പാണ് ബത്തേരിയിൽ നേരിട്ടത്.

സി.കെ.ജാനുവിന് ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ വോട്ട് ഗണ്യമായി കുറഞ്ഞു താമര ചിഹ്നത്തിൽ മത്സരിച്ചപ്പോൾ. വോട്ട് കുറഞ്ഞത് സംബന്ധിച്ച് വിലയിരുത്താൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ സി.കെ.ജാനു ദേഷ്യപ്പെടുകയാണുണ്ടായത്. വോട്ട് മറിച്ച ആളുമായി സി.കെ ജാനു കൂടുതൽ സൗഹൃദത്തിലായ കാഴ്ചയും കണ്ടു. കേരളത്തിൽ വോട്ട് കുറഞ്ഞതിൽ സന്തോഷിക്കുന്ന ഏക സ്ഥാനാർഥി സി.കെ ജാനുവാണ്.

എത്ര വേണമെങ്കിലും പണം തരാൻ ബിജെപി തയ്യാറാണ്. എത്രയാണ് വേണ്ടതെന്ന് നിങ്ങൾ പറഞ്ഞോളൂവെന്ന് സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അവർക്കൊപ്പം നിന്നാൽ കൂടുതൽ പണം കിട്ടും. അതുകൊണ്ട് പൈസ കിട്ടാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല. കെ.സുരേന്ദ്രനുമായി സംസാരിക്കാൻ പാർട്ടി എന്നെയാണ് ഏൽപ്പിച്ചത്…”
പ്രസീത വെളിപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker