KeralaNEWS

കുപ്രസിദ്ധ മോഷ്ടാവ് ചെറുവത്തൂർ സിദ്ദിഖ് അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവാണ് സിദ്ദിഖ്. കൽപ്പറ്റയിൽ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്

കൽപ്പറ്റ: കേരളത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതിയായ മോഷ്ടാവ് അറസ്റ്റിൽ. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയായ ചെറുവത്തൂർ സിദ്ദിഖിനെ കൽപ്പറ്റ ജെ.എസ്.പി അജിത് കുമാർ ഐ.പി. എസ് ന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം പിടികൂടി.
കൽപ്പറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കൽപ്പറ്റ സി.ഐ പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിൽ ഇയാൾക്കെതിരെ മുപ്പതോളം കളവ് കേസുകളുണ്ട്. ചെറുവത്തൂർ, പയ്യന്നൂർ, തലശ്ശേരി, മാഹി, പയ്യോളി, കൊയിലാണ്ടി, കോഴിക്കോട്, വേങ്ങര, പാലക്കാട് നോർത്ത്, മങ്കര, വാളയാർ, ചിറ്റൂർ, ശ്രീകൃഷണപുരം, തൃശൂർ, കൽപ്പറ്റ, കമ്പളക്കാട്, തുടങ്ങി നിരവധി സ്റ്റേഷനുകളിൽ കേസുകളുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
കേരളത്തിന് അകത്തും പുറത്തുമായി പത്തിലധികം വാറണ്ടുകളുമുണ്ട്. അന്തർ സംസ്ഥാന ലോറിയിൽ ക്ലീനർ ആയി പോയിരുന്ന ഇയാൾ, ലോറിക്കുള്ള ഇന്ധനം ടവറുകളിൽ നിന്നും മോഷ്ടിക്കാറുണ്ടായിരുന്നു. കേരളത്തിൽ നിന്നും വാഹനം മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിയ കേസിലും ഇയാൾ പ്രതിയാണ്.
കാസർഗോഡ് ഒരു സ്കൂളിലെ ലാപ്ടോപ്പും പ്രൊജക്ടറും വീഡിയോ ക്യാമറയും മോഷ്ടിച്ചതും കൊയിലാണ്ടിയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി പൊളിച്ച് പണം കവർന്നതും, കടലിൽ മീൻ പിടിക്കാനുപയോഗിക്കുന്ന വലകളിൽ നിന്നും പിച്ചള ഭാഗങ്ങൾ മോഷ്ടിച്ചതും, പാലക്കാട് മങ്കരയിൽ കാർ മോഷ്ടിച്ചതുമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് സിദ്ധിഖ്.
കൽപ്പറ്റയിലെ മോഷണ കേസിലെ കൂട്ടുപ്രതിയായ മേട്ടുപാളയം സ്വദേശി ശ്രീനിവാസനെ മൂന്നു മാസം മുമ്പേ പിടികൂടിയിരുന്നു. സിദ്ധിഖിന് വേണ്ടി കേരളത്തിലും തമിഴ് നാട്ടിലും കൽപ്പറ്റ പോലീസ് ടീം വലവിരിച്ചിരുന്നു.. ഡൽഹിയിലേക്കുള്ള കണ്ടെയ്നർ ലോറിയിൽ ഇയാൾ സഞ്ചരിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിൽ പിൻതുടർന്നാണ് കോഴിക്കോട് വെച്ച് പോലീസ് സിദ്ധിഖിനെ പിടികൂടുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker