KeralaNEWS

വനിതാ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിൽ വിഷാദരോഗം;വിഷാദരോഗത്തെപ്പറ്റി കൂടുതൽ അറിയാം

രോഗിയുടെ വ്യക്തിപരവും ,തൊഴിൽപരവും സാമൂഹികവുമായ ജീവിതത്തെ വിഷാദരോഗം എത്രത്തോളം  ബാധിച്ചുവെന്നത് മറ്റാർക്കും പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കില്ല.അതുതന്നെയാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ന്യൂനതയും
തിരുവല്ല: രണ്ടു ദിവസം മുമ്പ് കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത വനിതാ ഡോക്ടർ വിഷാദരോഗത്തിന് അടിമയായിരുന്നു എന്ന് ബന്ധുക്കൾ.തിരുവല്ല കോയിപ്പുറം പുല്ലാട് കുളത്തുമ്മാട്ടക്കല്‍ ബെതേസ്ദോ വീട്ടില്‍ ജോര്‍ജ് എബ്രഹാമിന്റെ മകള്‍ ഡോ.രേഷ്മ ആന്‍ എബ്രഹാം (27) ആണ് മരിച്ചത്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറായ രേഷ്മ ചേരാനല്ലൂരില്‍  താമസിക്കുന്ന ഫ്ളാറ്റിന്റെ 14-ാം നിലയില്‍ നിന്നാണ് ചാടി ജീവനൊടുക്കിയത്.
 വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.താഴേക്ക് ചാടിയ ഡോക്ടര്‍ ഒന്നാംനിലയിലാണ് പതിച്ചത്.സംഭവം കണ്ടവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇവരെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ ഇവര്‍ കസേരയിട്ട് കയറി താഴേക്ക്  ചാടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു.ഇവര്‍ കുറച്ചു നാളായി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഡോ.രേഷ്മ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ജോലിക്ക് ചേര്‍ന്നത്.ശനിയാഴ്ച പതിവ് പോലെ ജോലിക്കെത്തുകയും സഹപ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.അവിവാഹിതയാണ്.മരണത്തില്‍ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ് വ്യക്തമാക്കി.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

എന്താണ് വിഷാദരോഗം?

അസുഖം മനസ്സിലാക്കാതെ ചികിത്സ നിഷേധിക്കപ്പെടുന്നവരാണ് വിഷാദരോഗികളിൽ ഏറെയും.ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച് ലോകമെമ്പാടും വൈകല്യവും, അനാരോഗ്യവുമുണ്ടാക്കുന്നതിൽ മുൻപന്തിയിലാണ് വിഷാദരോഗം.അകാരണവും, നീണ്ടു നിൽക്കുന്നതുമായ വിഷാദമാണ് വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണം. മാനദണ്ഡങ്ങളനുസരിച്ച് കൃത്യമായി പറഞ്ഞാൽ രണ്ടാഴ്ച്ചയിൽ കൂടുതൽ നീണ്ടു നിൽക്കുന്ന അകാരണമായ വിഷാദം. ഇതിനോടൊപ്പം തന്നെ പതിവു കാര്യങ്ങളിലുള്ള താൽപര്യക്കുറവ്, അകാരണമായ ക്ഷീണം തുടങ്ങിയവയും പ്രധാന ലക്ഷണങ്ങളാണ്.താഴെ പറയുന്നവയാണ് മറ്റു ലക്ഷണങ്ങൾ
  • ഉറക്കക്കുറവ്: ഇടക്കിടെ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരുക, ഉറങ്ങാൻ തുടങ്ങാൻ ബുദ്ധിമുട്ടുണ്ടാവുക, പതിവിലും നേരത്തെ ഉണരുക എന്നിവ. വിശപ്പില്ലായ്മയും, അകാരണമായി ഭാരം കുറയലും.
  • ഏകാഗ്രതയില്ലായ്മ, ജോലിയോടും മുൻപ് ആസ്വദിച്ചിരുന്ന കാര്യങ്ങളോടും ഉള്ള താത്പര്യക്കുറവ്
  • എത്ര സന്തോഷകരമായ അവസ്ഥയിൽ പോലും സന്തോഷമില്ലാതിരിക്കൽ, വികാരങ്ങൾ മരവിച്ച പോലെയുള്ള തോന്നൽ
  • ലൈംഗികതയോടുള്ള വിരക്തി, മരണത്തെക്കുറിച്ചും, ആത്മഹത്യയെ കുറിച്ചും ചിന്തിക്കുക.എങ്ങനെയെങ്കിലും മരിച്ചു കിട്ടിയാൽ മതി എന്നതു മുതൽ ആത്മഹത്യ ആസൂത്രണം ചെയ്യുന്നതു വരെ ഉണ്ടാവാം
  • അകാരണമായ കുറ്റബോധം, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നശിക്കൽ,ആരുമില്ല എന്ന തോന്നൽ, സ്വയം മതിപ്പില്ലായ്മ, താൻ ഒന്നിനും കൊള്ളില്ല എന്ന തോന്നൽ,
  • തീവ്രമായ വിഷാദമുള്ളവരിൽ ചിലപ്പോൾ അകാരണമായ ഭയം, സംശയം, പിറുപിറുക്കൽ….എന്നിവ ഉണ്ടാകാം
 രോഗിയുടെ വ്യക്തിപരവും ,തൊഴിൽപരവും സാമൂഹികവുമായ ജീവിതത്തെ വിഷാദരോഗം എത്രത്തോളം  ബാധിച്ചുവെന്നത് മറ്റാർക്കും പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കില്ല എന്നതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ ന്യൂനത. വൈകുന്തോറും ഈ പ്രശ്നങ്ങളെല്ലാം കൂടാനാണ് സാധ്യത.മാത്രമല്ല ആത്മഹത്യാ പ്രവണതയും ഉണ്ടാകാം. ചുരുക്കിപ്പറഞ്ഞാൽ ശരിയായി ചികിത്സിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഒരു രോഗമാണിത്. 
മരുന്നുകളും സൈക്കോതെറാപ്പി എന്ന ചികിത്സാരീതിയുമാണ് ഇതിന്റെ പ്രധാന ചികിത്സ.ഇത് എങ്ങനെ വേണം, എത്രത്തോളം വേണമെന്നൊക്കെ തീരുമാനിക്കേണ്ടത് വിദഗ്ധരാണ്. സൈക്യാട്രിസ്റ്റ് , സൈക്കോളജിസ്റ്റ് ,സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരുടെ ടീം ആണ് ഏതൊരു മനോരോഗവും ചികിത്സിക്കുന്നതിന് വേണ്ടത്.
കൃത്യമായ ചികിത്സയിലൂടെ നിയന്ത്രണ വിധേയമാക്കാവുന്ന രോഗമാണിത്.ഓരോ രോഗവും ചികിത്സിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്.അതു പോലെ തന്നെയാണ് വിഷാദ രോഗവും.അവ ഡോക്ടറുടെ ഉപദേശമനുസരിച്ച് പാലിക്കുക എന്ന ഉത്തരവാദിത്തം രോഗിയുടേതും ബന്ധുക്കളുടേതുമാണ്. സ്വയം ചികിത്സക്കു മുതിരാതിരിക്കുക. സംശയങ്ങൾ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക.വൈകിയാൽ നഷ്ടമാവുന്നത് പ്രിയപ്പെട്ടവരുടെ ജീവൻ തന്നെയാവാം.

Back to top button
error: