CrimeNEWS

കാണാതായ കോവിഡ് രോഗി കൊല്ലപ്പെട്ട നിലയില്‍; ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

ആശുപത്രിയില്‍ നിന്ന് കാണാതായ കോവിഡ് രോഗിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആശുപത്രിയിലെ കരാര്‍ ജീവനക്കാരിയും തിരുവൊട്ടിയൂര്‍ സ്വദേശിയുമായ രതിദേവി(40)യാണ് അറസ്റ്റിലായത്. ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവം.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത(41)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയും ആശുപത്രിയിലെ എട്ടാം നിലയില്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു.

കോവിഡ് ബാധിച്ച് പ്രവേശിപ്പിച്ച സുനിതയെ മെയ് 24 മുതലാണ് കാണാതാകുന്നത്. ആശുപത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് സുനിതയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി പെടുകയായിരുന്നു. കേസ് അന്വേഷിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അപ്പോഴാണ് മെയ് 23ന് പ്രതി രതിദേവി രോഗിയായ സുനിതയെ വീല്‍ചെയറില്‍ കൊണ്ട് പോയത് കണ്ടത്. എന്നാല്‍ താന്‍ സ്‌കാനിങ് യൂണിറ്റിലേക്കാണ് സുനിതയെ കൊണ്ട് പോയതെന്നും ശേഷം മുറിയില്‍ കൊണ്ട് വിട്ടെന്നും രതിദേവി പറഞ്ഞു. എന്നാല്‍ പിന്നീടാണ് കേസിലെ ചുരളഴിഞ്ഞത്.

ആശുപത്രിയിലെ 8-ാം നിലയിലെ എമര്‍ജന്‍സി ബോക്‌സ് റൂമില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായുള്ള പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ഇവിടെ പരിശോധിച്ചപ്പോള്‍ സുനിതയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സംഭവം കൊലപാതകമാണെന്നും തെളിഞ്ഞു. ഇതോടെ പോലീസ് അന്വേഷണം വീണ്ടും രതിദേവിയിലേക്ക് എത്തുകയായിരുന്നു. ഒടുവില്‍ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലിലാണ് രതിദേവി കുറ്റംസമ്മതിച്ചത്.

മെയ് 23ന് സ്‌കാനിങ്ങിനെന്ന് പറഞ്ഞ് സുനിതയെ വീല്‍ചെയറില്‍ കൊണ്ടുപോയി. എന്നാല്‍ എമര്‍ജന്‍സി ലിഫ്റ്റില്‍ കയറിയശേഷം രോഗിയുമായി ഇവര്‍ എട്ടാം നിലയിലേക്കാണ് പോയത്. ഇവിടെവെച്ച് സുനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മരണം ഉറപ്പു വരുത്തിയ ശേഷം മൃതദേഹം കോണിപ്പടിയോട് ചേര്‍ന്ന എമര്‍ജന്‍സി ബോക്‌സ് റൂമില്‍ ഒളിപ്പിച്ചു. പിന്നാലെ സുനിതയുടെ പണവും മൊബൈലും കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. പണത്തിന് അത്യാവശ്യം ഉണ്ടായിരുന്നതിനാലാണ് ഈ കൊല ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
വിധവയായ പ്രതി തിരുവൊട്ടിയൂരില്‍ മകനും മകള്‍ക്കും ഒപ്പമാണ് താമസം. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker