KeralaNEWS

മലപ്പുറത്തിന് ഇന്ന് 52 വയസ്സ്

മലപ്പുറം ജില്ലയ്ക്ക് ഇന്ന് 52 വയസ്സ് തികയുന്നു. കോഴിക്കോട് ജില്ലയിലെ ഏറനാട്, തിരൂർ താലൂക്കുകളുടെയും പാലക്കാട് ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകളുടെയും പ്രദേശങ്ങൾ ചേർത്തുകൊണ്ട് 1969 ജൂൺ 16 ന് മലപ്പുറം ജില്ല നിലവിൽ വന്നു. പടിഞ്ഞാറ് അറബിക്കടൽ, കിഴക്കും തെക്കും പാലക്കാട്, തൃശൂർ ജില്ലകൾ. വടക്ക് കോഴിക്കോട് എന്നിവ അതിർത്തികൾ.

കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. ജില്ലയുടെ ആസ്ഥാനം മലപ്പുറം നഗരമാണ്. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണിത്. 2011ലെ സെൻസസ് പ്രകാരം 41,10,956 പേർ അധിവസിക്കുന്നു. 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 80 ശതമാനം ജനങ്ങളും ഗൾഫ്‌ രാജ്യങ്ങളെ ആശ്രയിച്ച് കഴിയുന്നു. കേരളത്തിൽ ജനസംഖ്യ കൊണ്ട് ആദ്യ സ്ഥാനത്തും വിസ്തൃതി കൊണ്ട് മൂന്നാം സ്ഥാനത്തുമാണ് മലപ്പുറം.

മലനാടും ഇടനാടും തീരപ്രദേശവും കായലും തെങ്ങിൻതോപ്പുകളും നിറഞ്ഞ ഈ ജില്ലയിലാണ് മലബാർ സ്പെഷൽ പോലീസിന്റെ ആസ്ഥാനവും കോട്ടക്കൽ ആര്യ വൈദ്യശാലയും കടലുണ്ടി പക്ഷി സങ്കേതവും കരിമ്പുഴ വന്യജീവി സങ്കേതവും നെടുങ്കയം മഴക്കാടും അമരമ്പലം സംരക്ഷിത വനമേഖലയും ആഢ്യൻപാറ വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്.

മനോഹരമായ കുന്നിൻചെരിവുകൾ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളുടെ പൊതു സവിശേഷതയാണ്. ജില്ലയുടെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ നീലഗിരി പർവത നിരകളാണ്. കാലിക്കറ്റ് സർ‌വ്വകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല, അലീഗഡ് മുസ്ലിം യൂണിവേഴ്സിറ്റി ഓഫ് കാമ്പസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) എന്നിവ മലപ്പുറം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

മലപ്പുറത്തെ, ഭാരതപ്പുഴയോരത്തുള്ള തിരുനാവായ, തൃപ്രങ്ങോട്, പൊന്നാനി മുതലായ പ്രദേശങ്ങൾക്ക് പുരാതന മധ്യകാല കേരള ചരിത്രത്തിൽ സവിശേഷമായ സ്ഥാനമാണുള്ളത്. തിരുനാവായയിലെ മാമാങ്കം മധ്യ കാല കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണയിച്ചിരുന്നു. ചരിത്ര പ്രാധാന്യമേറിയ ഏറനാട്, വള്ളുവനാട്, വെട്ടത്തുനാട്, എന്നീ പ്രദേശങ്ങളെ സംയോജിപ്പിച്ചു കൊണ്ടാണ് മലപ്പുറം ജില്ല രൂപമെടുക്കുന്നത്.

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനും, അദ്ദേഹത്തിന്റെ സമകാലികരായ പൂന്താനം നമ്പൂതിരി, മേൽപത്തൂർ നാരായണ ഭട്ടതിരി എന്നിവരും മലപ്പുറത്തിന്റെ വളക്കൂറുള്ള മണ്ണിൽ വളർന്നവരാണ്. മലയാള സാഹിത്യത്തിന് ശിലപാകിയ ഉറൂബ്, ഇടശ്ശേരി, മുതലായ ഒട്ടേറെപ്പേർ മലപ്പുറം ജില്ലയിലാണ് ജനിച്ചു വളർന്നത്. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും മലയാളത്തിലെ ആധുനിക കവിത്രയത്തിലെ പ്രധാനിയുമായ വള്ളത്തോൾ നാരായണ മേനോന്റെ സ്വദേശം ഈ ജില്ലയിലെ തിരൂർപ്പുഴയോരത്തെമംഗലം ആയിരുന്നു. മാപ്പിളപ്പാട്ട് എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലേക്കു വരുന്ന രണ്ടു കവികൾ, മോയിൻകുട്ടി വൈദ്യരും പുലിക്കോട്ടിൽ ഹൈദരും, ഏറനാടൻ മണ്ണിൽ ജനിച്ചുവളർന്നവരാണ്. അറബിമലയാളം എന്ന സങ്കര ഭാഷയുടെ ഉത്ഭവം ഈ ജില്ലയിലെ പൊന്നാനിയിലാണ്. കഥകളിയെ വീണ്ടെടുത്ത വള്ളത്തോളും മോഹിനിയാട്ടത്തെ വീണ്ടെടുത്ത കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയും മലപ്പുറത്തിന് ചാരുതയേകുന്നു.

എം.ടി വാസുദേവൻ നായർ, അക്കിത്തം അച്യുതൻ നമ്പൂതിരി, നാലപ്പാട്ട് നാരായണ മേനോൻ, ബാലാമണിയമ്മ, കമലാ സുരയ്യ എന്നിവർ പഴയ പൊന്നാനി താലൂക്കിൽ ജനിച്ചവരാണ്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടും വിശ്വപ്രസിദ്ധമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരും മത സൗഹാർദത്തിന് പേരുകേട്ട ഈ ജില്ലക്കാരാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker