LIFEOpinion

നായ്ക്കമ്പറമ്പിലച്ചന്, രോഗങ്ങൾ പ്രാർത്ഥിച്ചുമാറ്റുന്ന അങ്ങ് എന്തിന് കോവിഡിനെ ഭയന്ന് ആശുപത്രിയിൽ അഭയം പ്രാപിച്ചു…?

കേരളത്തിൽ ഏറ്റവുമധികം ആരാധകരും അനുയായികളുമുള്ള ധ്യാനഗുരുവാണ് ഫാ. മാത്യു നായ്ക്കാമ്പറമ്പിൽ. പോട്ട ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ സ്ഥാപകനായ നായ്ക്കമ്പറമ്പിലച്ചൻ അത്ഭുത രോഗശാന്തിശുഷ്രൂഷയുടേയും ശത ലക്ഷങ്ങളെ മാസ്മരിക ലോകത്തിലേക്കു നയിക്കുന്ന കരിസ്മാറ്റിക് ധ്യാനത്തിൻ്റെയും ഉപജ്ഞാതാവാണ്. മരുന്നോ വൈദ്യശാസ്ത്രത്തിൻ്റെ പിൻബലമോ ഇല്ലാതെ തൻ്റെ അനുഗ്രഹം കൊണ്ടും പ്രാർത്ഥന കൊണ്ടും രോഗങ്ങൾക്കു ശാശ്വതശമനമുണ്ടാകുമെന്നാണ് അദ്ദേഹം ഈ കാലമത്രയും പ്രസംഗിക്കുകയും പ്രരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നത്. പക്ഷേ അടുത്തിടെ കോവിഡ് ബാധിച്ച ഫാ.നായ്ക്കാമ്പറമ്പിൽ ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ സഹായത്തോടെയാണ് ജീവിതത്തിലേക്കു തിരിച്ചു വന്നത്. ഈ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു കുറിപ്പാണ് ചുവടെ:

ഒടുവിൽ നായ്ക്കമ്പറമ്പിലച്ചൻ
കോവിഡിനെ തോൽപ്പിച്ചു തിരിച്ചു വന്നു.
അച്ചൻ ഹോസ്പിറ്റലിലായിരുന്നപ്പോൾ അദ്ദേഹം മരിച്ചു എന്ന വാർത്തകൾ വരെ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. ഏതോ കുരുട്ടു ബുദ്ധികളുടെ വൈകൃതമായി അതിനെ തള്ളിക്കളയാം. ആരുടേയും മരണം നാം ആഗ്രഹിക്കരുത്. അച്ചന് ഇനിയും ഒരുപാട് വർഷങ്ങൾ ജീവിക്കാൻ സാധ്യമാകട്ടെ എന്നാശംസിക്കുന്നു.

എന്നാൽ ഈ ആശുപത്രിവാസത്തിന്റെ വെളിച്ചത്തിൽ അച്ചൻ ഒരാത്മപരിശോധന നടത്തണം എന്നാണ് എനിക്ക് അച്ചനോട് പറയാനുള്ളത്. അച്ചന്റെ ജീവിതത്തിൽ ഇതിന് മുൻപും അച്ചൻ ആശുപത്രിയിൽ ചികിത്സ നേടിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അച്ചന്റെ ഇത്തവണത്തെ ആശുപത്രിവാസം പഴയതുപോലല്ല. അങ്ങ് നിപ്പയെ വിലക്കിയ വാർത്തകൾ ജനങ്ങൾ മറന്നിട്ടില്ല. കൂടാതെ പതിനായിരക്കണക്കിന് ജനങ്ങളുടെ വിവിധ അസുഖങ്ങൾ പ്രാർത്ഥിച്ചുമാറ്റിയ അങ്ങ് കൊറോണയുടെ ഒരു ചെറിയ സിംമ്റ്റം വന്നപ്പോഴേക്കും ആശുപത്രിയിൽ പോയത് ഇതുവരെയുള്ള അങ്ങയുടെ അത്ഭുത രോഗശാന്തി ശുഷ്രൂഷകളെ അപ്പാടെ അവഹേളികളായിപ്പോയില്ലേ എന്നൊരു സംശയം.
അങ്ങയെ മറ്റുള്ളവർ കൊണ്ടു പോയതാണെന്ന് അങ്ങ് പറയുന്നത് ഒരു മുൻ‌കൂർ ജാമ്യമെടുക്കൽ മാത്രമാണ്. പ്രാർത്ഥനകൊണ്ട് കാര്യമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോയില്ലെങ്കിൽ അങ്ങയുടെ ജീവൻ നഷ്ടപ്പെട്ടേക്കാം എന്നും അവർക്ക് ബോധ്യമുണ്ടായിരുന്നതുകൊണ്ടാണല്ലോ അവർ കൊണ്ടുപോയത്. അതുകൊണ്ടുതന്നെയാണല്ലോ അങ്ങ് പോയതും. പക്ഷേ എന്ത് വന്നാലും അങ്ങ് പോകാൻ പാടില്ലായിരുന്നു അച്ചാ. ഇക്കണ്ട കാലം അങ്ങയെ വിശ്വസിച്ച വിശ്വാസികളോട് ചെയ്ത ഒരു കൊടും ചതിയായിപ്പോയച്ചോ ഇത്.
ഒടുവിൽ സ്വന്തം കാര്യം വന്നപ്പോൾ ദൈവത്തെ വിട്ട് മരുന്നിൽ അഭയം തേടി അല്ലേ…? മരുന്ന് കഴിച്ചാലേ അസുഖങ്ങൾ മാറൂ എന്ന് പണ്ടും അങ്ങേക്കറിയാമായിരുന്നു. എന്നിട്ടും പതിറ്റാണ്ടുകളായി അങ്ങ് ദൈവത്തിന്റെ പേരിൽ ആളുകളെ അന്ധവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടേയിരുന്നു. വിശ്വാസം ഒരു പരിധി വരെ നല്ലതാണ്.ആ വിശ്വാസം വിശ്വാസിക്ക് ഒരാത്മബലം നൽകും എന്നുറപ്പ്. നമ്മുടെയൊക്കെ പൂർവ്വ പിതാക്കന്മാർ ഒരു കരിസ്മാറ്റിക് ധ്യാനവും കൂടിയിരുന്നില്ലെങ്കിലും അവരൊക്കെ ദൈവം ആഗ്രഹിച്ച പോലാണ് ജീവിച്ചു മരിച്ചത്. അധരസ്തുതി മാത്രം കൊണ്ട് ദൈവപ്രീതി നേടി സ്വർഗ്ഗരാജ്യത്തേക്ക് നയിക്കുന്ന അങ്ങയുടെ കരിസ്മാറ്റിക് പ്രസ്ഥാനം വിയർപ്പൊഴുക്കാതെ ജീവിക്കാനും ധനസമ്പാദനത്തിനും വേണ്ടി മാത്രമുള്ള ഒരു പ്രസ്ഥാനം മാത്രമായിരുന്നു എന്ന് ഇനിയെങ്കിലും ജനങ്ങളോട് ഏറ്റ് പറയുക. എന്നിട്ട് ആ ഡേവിഡ് ചിറമേൽ അച്ചനൊക്കെ ചെയ്യുന്നപോലെ ജനങ്ങളുടെ ഇടയിലേക്കിറങ്ങിവന്നു പ്രവർത്തിക്കുക.

ഫ്രാങ്കോയെ യേശുക്രിസ്തുവായി കണ്ട അങ്ങയുടെ എല്ലാ ഉഡായിപ്പുകളും ജനങ്ങളെ പറ്റിക്കലായിരുന്നുവെന്ന് സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാകുമെങ്കിലും മസ്തിഷ്ക പ്രക്ഷാളനമേറ്റ ഒരു വിഭാഗം ഇന്നും എന്നും അങ്ങേക്കൊപ്പം കാണും എന്നുള്ളതുകൊണ്ട് അങ്ങ് ഇപ്പണി നിർത്തുമെന്നൊന്നും ഞാൻ വിചാരിക്കുന്നില്ല. ഉളുപ്പ് എന്നൊന്ന് അങ്ങേക്കില്ലെന്ന് പലപ്പോഴും അങ്ങ് തെളിയിച്ചിട്ടിട്ടുള്ളതിനാൽ കൂടുതൽ പ്രതീക്ഷിക്കുന്നുമില്ല.

അല്ലാ, അങ്ങയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല . എളുപ്പത്തിൽ സ്വർഗ്ഗരാജ്യം നേടാൻ കുറുക്കുവഴി തേടുന്നവർ ഉള്ളിടത്തോളം കാലം അങ്ങയുടെ കലാപരിപാടികൾ അഭംഗുരം തുടരും എന്നുറപ്പാണ്… തുടരട്ടെ.

(കാര്യം ഇത്തിരി ക്രൂരമാണെങ്കിലും കൊറോണയോട് ഒരു മതിപ്പ് തോന്നുന്നത് ഇത്തരം വാർത്തകൾ കേൾക്കുമ്പോഴും കാണുമ്പോഴുമൊക്കെയാണ്. എന്തെല്ലാം സങ്കല്പങ്ങളാണവൻ പൊളിച്ചടക്കി കയ്യിൽ തന്നത്.)

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker