KeralaNEWS

‘മുട്ടിൽ മരംമുറി’ കത്തുന്നു; ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും അങ്കത്തട്ടിൽ

ഉത്തരവ് നടപ്പാക്കുന്നതില്‍‌ വീഴ്ച വന്നെന്ന് മുഖ്യമന്ത്രി. തേക്കും ഈട്ടിയും മുറിച്ചെങ്കില്‍ തെറ്റെന്ന് കാനം പട്ടയഭൂമിയിലെ മരം മുറിക്കാം എന്ന ഉത്തരവ് പിൻവലിക്കേണ്ടന്ന് ജോസ് കെ.മാണി

“സർക്കാർ ഉത്തരവിന്റെ ഉദ്ദേശം വ്യക്തമായിരുന്നെങ്കിലും ചിലർ തെറ്റായി വ്യാഖ്യാനിച്ച് മരം വല്ലാതെ മുറിച്ചു മാറ്റി. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. കർഷകരുടെ പ്രശ്നം സർക്കാർ ആലോചിച്ച് നടപടിയെടുക്കും…” മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

”സർക്കാർ 2017ൽ എടുത്ത നിലപാടിന്റെ തുടർച്ചയായാണ് ഉത്തരവിറക്കിയത്. ഇടുക്കിയിലാണ് പ്രശ്നം വ്യാപകമായത്. നിരവധിയോഗം നടന്നു, എല്ലാ രാഷ്ട്രീയ കക്ഷികളും ബന്ധപ്പെട്ടു. പട്ടയഭൂമിയിൽ താമസക്കാർ നട്ട മരവും തനിയെ വളർന്ന മരവുമുണ്ട്. ആ മരം മുറിക്കാൻ അവകാശം വേണമെന്നായിരുന്നു ആവശ്യം.എന്നാൽ ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ചയും പ്രയാസവും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ വിശദീകരണം നൽകിയത്. വിശദീകരണത്തിൽ പോരായ്മ ഉണ്ടായി. നിയമ വകുപ്പ് അതു ചൂണ്ടിക്കാട്ടിയപ്പോൾ ഉത്തരവ് പിൻവലിച്ചു… ” മുഖ്യമന്ത്രി വിശദീകരിച്ചു.

മരം മുറി വിവാദം ആരോ സൃഷ്ടിച്ച പുകമറയെന്ന് ബിനോയ് വിശ്വവും സര്‍ക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് റവന്യു മന്ത്രിയും മാധ്യമപ്രർത്തകരോടു പറഞ്ഞു.’മുട്ടില്‍ മരം മുറിക്കേസില്‍ സര്‍ക്കാരിന് ഒന്നും ഭയക്കാനില്ല. സര്‍ക്കാരിന്റെ ഒരു കഷ്ണം തടി പോലും നഷ്ടമായിട്ടില്ല. അതിന് അനുവദിക്കുകയും ഇല്ല…” റവന്യു മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.

പാര്‍ട്ടി നിലപാട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറയുമെന്നും മന്ത്രി പറഞ്ഞു.
കർഷകരുടെ അവകാശങ്ങൾ പൂർണമായും ഉറപ്പാക്കണമെന്നും പട്ടയഭൂമിയിലെ മരം മുറിയുമായി ബന്ധപ്പെട്ട ഉത്തരവ് പിൻവലിക്കേണ്ട ആവശ്യം ഇല്ലെന്നും ജോസ് കെ.മാണി കോട്ടയത്തു പ്രതികരിച്ചു. ഉത്തരവില്‍ തെറ്റില്ലെന്നും തേക്കും ഈട്ടിയും മുറിച്ചെങ്കില്‍ അതു തെറ്റാണെന്നുമാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കോഴിക്കോട് പറഞ്ഞത്.

“മരം മറുക്കാനുള്ള ഉത്തരവ് കർഷകർക്ക് വേണ്ടിയായിരുന്നു. എന്നാൽ അതിൽ നിന്നും തേക്കും ഈട്ടിയും ഇതിന്റെ മറവിൽ മുറിച്ചെങ്കിൽ തെറ്റാണ്. കൃഷിക്കാർ നട്ട മരം മുറിക്കാൻ അപേക്ഷ നൽകിയിരുന്നു. നിരവധി അപേക്ഷകൾ വന്നു. അത് അവരുടെ അവകാശമാണെന്ന് കണ്ടാണ് ഉത്തരവിറക്കിയത്. സർക്കാരിന്റെ ഉത്തരവിൽ തെറ്റില്ല. കർഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. എന്നാൽ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കണം.”
കാനം വിശദീകരിച്ചു.

ഇതിനിടെ മുട്ടില്‍ മരം മുറിക്കേസില്‍ രാഷ്ട്രീയ -മാധ്യമ വേട്ട നടക്കുന്നുവെന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലായിരുന്നു പരാമര്‍ശം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടു കോടതി നിര്‍ദേശം നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker