KeralaNEWS

മണ്‍സൂണ്‍ പട്രോളിങ്ങിനിടെ തൃശ്ശൂരിൽ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു. ഒരാള്‍ക്ക് പരിക്ക്

തൃശൂർ: രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിങ് നടത്തുന്നതിനിടെ രാജധാനി എക്സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയ ട്രാക്ക്മാന്‍മാരെ പിന്നിലൂടെ വന്ന എന്‍ജിന്‍ ഇടിച്ചിട്ടു. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷ കുമാര്‍(40), ഒല്ലൂര്‍ സ്വദേശി വിനീഷ് (33) എന്നിവരാണ് അപകടത്തിൽ പെട്ടത്. ഹര്‍ഷ കുമാര്‍ തല്‍ക്ഷണം മരിച്ചു. വിനീഷിനെ ഗുരുതരാവസ്ഥയില്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്റെ തെക്കു ഭാഗത്താണ് അപകടം നടന്നത്. മണ്‍സൂണ്‍ കാല രാത്രി പട്രോളിങ് ഡ്യൂട്ടിയിലയായിരുന്നു ഹര്‍ഷനും വിനീഷും. മിഠായി ഗേറ്റ് മുതല്‍ പൂങ്കുന്നം സ്റ്റേഷന്‍ വരെയാണ് ഇരുവരുടെയും ഡ്യൂട്ടി. ഇവര്‍ മിഠായി ഗേറ്റില്‍ നിന്നും വലതുവശത്തെ ട്രാക്കിലൂടെ നടന്നു വരുമ്പോവാണ് സ്റ്റേഷനില്‍ നിന്നും രാജധാനി എക്സ്പ്രസ് ഒല്ലൂര്‍ ഭാഗത്തേക്ക് പുറപ്പെട്ടത്. ഇതുകണ്ട് ഇരുവരും ഇടതുവശത്തെ ട്രാക്കിലേക്ക് മാറിയപ്പോഴാണ് എതിർ ഭാഗത്തു നിന്നും വന്ന എന്‍ജിന്‍ ഇടിച്ചത്.

ഹര്‍ഷന്‍ ഇടതുവശത്തെ പാളത്തിന്റെ നടുക്കാണ് മരിച്ചു കിടന്നത്. വിനീഷ് രണ്ടു പാളങ്ങളുടേയും ഇടക്കുള്ള കുഴിയിലേക്ക് തെറിച്ചു വീണു. എന്‍ജിന്റെ ലോക്കോപൈലറ്റ് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സ്റ്റേഷനില്‍ നിന്നും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും റെയില്‍വേ ജീവനക്കാരും സംഭവസ്ഥലത്ത് പാഞ്ഞെത്തി. ഉടൻ തന്നെ പരിക്കേറ്റ വിനീഷിനെ ആശുപത്രിയിലാക്കി.

പിന്നിലൂടെ എന്‍ജിന്‍ വന്ന വിവരം മഴയുള്ളതിനാല്‍ ഇരുവരും അറിഞ്ഞില്ല. മാത്രമല്ല രാജധാനിയുടെ വെളിച്ചത്തില്‍ പിന്നിലൂടെ വന്ന എന്‍ജിന്റെ വെളിച്ചം ഇരുവരുടേയും ശ്രദ്ധയില്‍ പെട്ടതുമില്ല.

ഇടിയുടെ ആഘാതത്തില്‍ ഹര്‍ഷന്റെ ശരീരം ഛിന്നഭിന്നമായി.
ഏതൊക്കെ തീവണ്ടികള്‍ എപ്പോഴൊക്കെ വരുന്നു എന്നറിയാന്‍ ട്രാക്ക്മാന്‍മാര്‍ക്ക് മറ്റു സംവിധാനങ്ങളൊന്നുമില്ല. ട്രാക്ക് ഡ്യൂട്ടി ചെയ്യുന്നതിനിടെ തീവണ്ടി വന്നാൽ ഓടിമാറുകയേ വഴിയുള്ളൂ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker