KeralaNEWS

വൈദ്യുതോല്പാദന മേഖല സ്വയം പര്യാപ്തമാക്കുന്നതിനായി ബദല്‍ ഉല്പാദന രീതികള്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി

 

കേരളത്തിലെ വൈദ്യുതോല്പാദന മേഖല സ്വയം പര്യാപ്തമാക്കുന്നതിനായി ബദല്‍ ഉല്പാദന രീതികള്‍ കണ്ടെത്തി പ്രാവര്‍ത്തികമാക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചു. 193.5 മെഗാവാട്ട് ശേഷിയുള്ള, നിര്‍മ്മാണം പുരോഗമിക്കുന്ന 10 ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളില്‍ സൌരോര്‍ജ്ജ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ഉപയോഗത്തിന് കൂടാതെ അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് അവര്‍ക്ക് വരുമാനം ലഭിക്കുന്ന തരത്തില്‍ പി എം കുസും മുഖേനയുള്ള സൌരോര്‍ജ്ജ പദ്ധതി നടപ്പാക്കണം.

കര്‍ഷകരുടെ തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ അവര്‍ക്ക് വരുമാനം ഉറപ്പു വരുത്തികൊണ്ട് സൌരോര്‍ജ്ജം ഉല്പാദിപ്പിക്കണം. അതിനുള്ള കുസുംപദ്ധതി ഊര്‍ജ്ജിതമാക്കണം. വൈദ്യുതി ഭവനില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുളള യോഗത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുളള ഉദ്യോഗസ്ഥന്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പങ്കെടുത്തത്.

കാറ്റില്‍ നിന്നുളള വൈദ്യുതി ഉല്പാദനം ത്വരിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച മന്ത്രി ഇതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിന്റ് എനര്‍ജി റിപ്പോര്‍ട്ടിന്റെ സഹായം തേടാവുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ആദിവാസികളുടെ ഭുമിയില്‍ അവര്‍ക്ക് നിശ്ചിത വരുമാനം സ്ഥിരമായി ലഭിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് അട്ടപ്പാടി ഉള്‍പ്പെടെയുളള പ്രദേശത്ത് കാറ്റില്‍ നിന്നുളള വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് മന്ത്രി .കെ.കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചു.

കെ.എസ്.ഇ.ബി-യുടെ സെക്ഷന്‍ തലം മുതല്‍ ആധുനികവല്‍ക്കരണത്തിനായി പ്രത്യേക ശ്രദ്ധ നല്‍കണം. ലാഭനഷ്ട കണക്കുകള്‍ ആഴത്തില്‍ പഠിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പ്രസരണവിതരണ നഷ്ടം ഇനിയും കുറയ്ക്കുവാന്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഏരിയല്‍ ബഞ്ച്ഡ് കേബിള്‍, കവചിതലൈന്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്നും അത് അപകടം കുറയ്ക്കുവാന്‍ ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ലൈന്‍ പൊട്ടി വീഴുന്നത് തടയുന്നതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. സ്‌പെയ്‌സറുകള്‍ കൂടുതല്‍ ഉപയോഗിക്കുവാനും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. വെളളപ്പൊക്ക നിയന്ത്രണത്തിനായി ദൂരവ്യാപകമായ കാഴ്ചപ്പാടോടു കൂടിയുളള സംവിധാനത്തിന് രൂപം കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച മന്ത്രി മലമ്പുഴയില്‍ നിലവിലുളള വൈദ്യുതോല്പാദന പദ്ധതിയ്ക്കു പുറമേ വലതുഭാഗത്ത് ഒരു പദ്ധതി കൂടി തുടങ്ങുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടു.

വൈദ്യുതി വാഹനങ്ങള്‍ക്കായുളള ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ഇതിനായി പൊതുമേഖലയോടൊപ്പം സ്വകാര്യമേഖലയുടെ, പ്രത്യേകിച്ചും ഹൈവേ സൈഡുകളിലുളള ഹോട്ടലുകളുമായും സഹകരിക്കാനുളള സാധ്യതകള്‍ പരിശോധിക്കണമെന്നും മന്ത്രി ശ്രീ.കെ.കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. വ്യക്തമായ ലക്ഷ്യബോധത്തോടു കൂടി പ്രവര്‍ത്തിക്കുന്ന മികച്ച മനുഷ്യവിഭവശേഷി സ്വന്തമായുളള കെ.എസ്.ഇ.ബി-യ്ക്ക് സാമൂഹ്യ നന്മയ്ക്കായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഊര്‍ജ്ജവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് പറഞ്ഞു.കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ.എന്‍.എസ്.പിളള കെ.എസ്.ഇ.ബി-യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കെ.എസ്.ഇ.ബി ഡയറക്ടര്‍മാര്‍, കെ.എസ്.ഇ.ബി-യിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വൈദ്യുതി ഉല്‍പ്പാദനമേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള അവലോകനയോഗം നാളെ നടത്തുന്നതാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker