KeralaNEWS

ഗ്രൂപ്പുകള്‍ പഴം കഥയാകുന്നു….കോണ്‍ഗ്രസില്‍ ഇത് പുതുയുഗത്തിന്റെ കാലമോ? നവമാറ്റത്തിന് ചുക്കാന്‍ പിടിക്കാന്‍ പുതിയ നേതൃത്വങ്ങള്‍

പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും വര്‍ക്കിംങ്ങ് പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തതില്‍ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറാകാതിരുന്ന ഹൈക്കമാന്റ് ഡിസിസി അധ്യക്ഷന്മാരുടെയും വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും തെരഞ്ഞെടുപ്പിലും ഗ്രൂപ്പുകളെ അവഗണിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ നേതാക്കള്‍ ഗ്രൂപ്പുകളുമായി അകലുന്ന പ്രവണതയും വര്‍ധിക്കുന്നു.സംസ്ഥാനത്ത് കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പായിരുന്ന എ വിഭാഗത്തില്‍ ശക്തമായ ഭിന്നത തുടരുകയാണ്. ഗ്രൂപ്പിലെ ശക്തരായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടി സിദ്ദിഖ്, ഷാഫി പറമ്പില്‍ എന്നിവര്‍ ഗ്രൂപ്പ് വിട്ടുകഴിഞ്ഞ അവസ്ഥയിലാണ്.മറ്റൊരു മുതിര്‍ന്ന നേതാവ് പിസി വിഷ്ണുനാഥ് പരസ്യമായി ഗ്രൂപ്പിനോട് അകല്‍ച്ച പ്രകടിപ്പിക്കുന്നില്ലെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഗ്രൂപ്പ് നീക്കങ്ങളില്‍ ഭാഗഭാക്കായിട്ടില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ ഗ്രൂപ്പുമായി പൂര്‍ണമായി തന്നെ അകന്നു കഴിഞ്ഞു.

കെസി ജോസഫും എംഎം ഹസനും കൂട്ടരും മാത്രമാണ് എയില്‍ അവശേഷിക്കുന്നത്. ബെന്നി ബഹനാന്‍ എയുമായി അടുക്കാന്‍ അടുത്തിടെ കിണഞ്ഞു ശ്രമിക്കുകയും ചില ഗ്രൂപ്പുയോഗങ്ങളില്‍ കയറിക്കൂടുകയും ചെയ്‌തെങ്കിലും ഗ്രൂപ്പില്‍ നിന്നും തീരുമാനങ്ങള്‍ ചോര്‍ന്നത് ബെന്നിക്ക് തിരിച്ചടിയായി. ഇനി ഗ്രൂപ്പുകളില്‍ ഏതില്‍ എത്തിയാലും ബെന്നിയെ ആരും വിശ്വസ്തരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നുമില്ല.ഗൂപ്പുകളെ അവഗണിച്ചും ഹൈക്കമാന്റ് വര്‍ക്കിംങ്ങ് പ്രസിഡന്റാക്കിയതോടെ ടി സിദ്ദിഖ് ഇനി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകില്ല. മാത്രമല്ല പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പുകളില്‍ സിദ്ദിഖ് ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കൊപ്പമായിരുന്നില്ല.ഐ വിഭാഗത്തിലും ഇതുതന്നെയാണ് സ്ഥിതി. ഗ്രൂപ്പ് നെടുകെ പിളര്‍ന്നാണ് വിഡി സതീശന്‍ പ്രതിപക്ഷ നേതാവായും കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായും മാറിയത്. കെ മുരളീധരനും തീവ്ര ഗ്രൂപ്പ് നീക്കങ്ങള്‍ക്കെതിരാണ്.

യുവ നേതാക്കളായ റോജി എം ജോണ്‍, ഹൈബി ഈഡന്‍, എല്‍ഡോസ് കുന്നപ്പള്ളി എന്നിവര്‍ നിലവില്‍ ഐ ഗ്രൂപ്പിലിന്നെന്നതാണ് സ്ഥിതി. സിആര്‍ മഹേഷ് പ്രത്യക്ഷത്തില്‍ ഗ്രൂപ്പിന് പുറത്തല്ലെങ്കിലും ഗ്രൂപ്പ് തീവ്ര നിലപാടുകളിലേയ്ക്ക് കടന്നാല്‍ ഒപ്പമുണ്ടാകില്ലെന്നുറപ്പാണ്.

ഐ ഗ്രൂപ്പില്‍ ശക്തമായി നിലകൊള്ളുന്നത് എംഎല്‍എമാരില്‍ അന്‍വര്‍ സാദത്തും ടിജെ വിനോദുമാണ്. കരുക്കള്‍ നീക്കാന്‍ ജോസഫ് വാഴയ്ക്കന്‍, ശൂരനാട് രാജശേഖരന്‍, ജ്യോതികുമാര്‍ ചാമക്കാല പോലുള്ളവരുമുണ്ട്. കെഎസ് ശബരീനാഥനും ഇനി സജീവ ഗ്രൂപ്പു നീക്കങ്ങളുടെ ഭാഗമാകാന്‍ നില്‍ക്കില്ല. ഫലത്തില്‍ 2 എംഎല്‍എമാരൊഴികെ ജനകീയ നേതാക്കളാരും ഐ ഗ്രൂപ്പിലും സജീവമല്ല.സ്ഥാനമാനങ്ങള്‍ക്കായി ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കാണാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വരെ ഗ്രൂപ്പ് നേതാക്കളുടെ തിരക്കുണ്ടായിരുന്നെങ്കിലും കെപിസിസി പ്രസിഡന്റിനെയും വര്‍ക്കിംങ്ങ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചതോടെ നേതാക്കളോരോന്നായി ഗ്രൂപ്പ് മാനേജര്‍മാരില്‍ നിന്നും അകലാന്‍ തുടങ്ങി.

ഇനി ഗ്രൂപ്പിനെ ആശ്രയിച്ചതുകൊണ്ട് കാര്യമില്ല, കഴിവ് തെളിയിക്കാതെ ഒന്നും ആകാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം അവരും മനസിലാക്കി തുടങ്ങിയിരിക്കുന്നു. ഡിസിസി പ്രസിഡന്റുമാരുടെ നിയമനം കൂടി കഴിഞ്ഞാല്‍ ഫലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് ചരമഗീതം പാടിയാല്‍ മതിയെന്നതാണ് നിലവിലെ സ്ഥിതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker