EnvironmentLIFE

മടി കളഞ്ഞെഴുന്നേൽക്കൂ.. വീട്ടിൽ ഒരു തോട്ടമൊരുക്കാം: ഏബ്രഹാം വറുഗീസ്

സമാനതകളില്ലാത്ത ദുരന്തമാണ് മനുഷ്യന് കൊവിഡ് -19 സമ്മാനിച്ചത്. എന്നാൽ കൊവിഡ് പകർന്ന അലസത വെടിഞ്ഞ് നമുക്ക് ഉയർത്തെഴുന്നേൽക്കാം. പുതിയ ഒരു ചുവടവയ്പിനായി ഒത്തു ചേരാം. സ്വന്തമായി ചെറിയൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാം. വെറുതെ പറയുന്നതല്ല, കഴിഞ്ഞ വർഷം കേരളത്തിലെ പച്ചക്കറി ഉത്പാദനം 14.93 ലക്ഷം ടൺ ആയിരുന്നു! അതിനു മുമ്പുള്ള വർഷങ്ങളിൽ അത് വെറും ആറുലക്ഷം ടണ്ണിനു താഴെ മാത്രവും. എന്താ,മലയാളി മടി കളഞ്ഞ് സട കുടഞ്ഞ് എഴുന്നേറ്റു എന്നത് സത്യമല്ലേ..?

ഈ നേട്ടമുണ്ടാക്കാൻ ആവേശത്തോടെ മുന്നിൽ നിന്നത് കൃഷി മന്ത്രി വി.എസ് സുനിൽകുമാറായിരുന്നു. അദ്ദേഹത്തിൻ്റെ നിർദേശപ്രകാരം കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കൃഷിവകുപ്പ് ഓരോ വീടുകളിലും പച്ചക്കറി വിത്തുകൾ സൗജന്യമായി എത്തിച്ചു നൽകി. ആളുകൾക്കു പ്രചോദനം പകർന്നു. അതിൻ്റെ ഫലമാണ് 14.93 ലക്ഷം ടൺ പച്ചക്കറി…! ഉത്പാദന സംസ്ഥാനം എന്നതിൽ നിന്ന് ഉപഭോഗ സംസ്ഥാനം എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഒരു സംസ്ഥാനമാണ് നമ്മുടേത്. കൃഷിയൊക്കെ നമ്മൾ എന്നേ മറന്നു പോയി. അന്യ സംസ്ഥാനങ്ങളിൽ നിന്നും രണ്ടോ മൂന്നോ ദിവസം ചരക്കുലോറികൾ എത്തിയില്ലെങ്കിൽ പട്ടിണിയിലാകുമായിരുന്ന നാം അവിടെ നിന്നുമാണ് ഈ ഉയർച്ച കൈവരിച്ചത്…!

എന്നാൽ ഇതുകൊണ്ട് എല്ലാം നേടി എന്നു കരുതരുത്… എന്തും കാശ് കൊടുത്തു വാങ്ങാമെന്ന് കരുതിയിരുന്ന മലയാളിയുടെ ആ അഹന്തയുടെ മുഖമടച്ചായിരുന്നു കൊവിഡ്-19 പ്രഹരിച്ചത്. അതിനാൽ ചില കാര്യങ്ങളിൽ കൂടി നമുക്ക് അൽപ്പം ശ്രദ്ധ വയ്ക്കാം. കേരളീയരുടെ പ്രിയപ്പെട്ട ആഹാരം അരിയാണ്. അതിനാൽ അരിയുത്പാദനം വർധിപ്പിക്കാനുള്ള പോംവഴികളാണ് ഇനിയും നാം ആലോചിക്കേണ്ടത്. ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിൽ ഇല്ലാതായത് 6.5 ലക്ഷം ഹെക്ടർ നെൽപ്പാടങ്ങളാണ്.

കേരളത്തിന്റെ നെല്ലറകളായ കുട്ടനാടിന്റെയും പാലക്കാടിന്റെയുമൊക്കെ അവസ്ഥ ഇന്നെന്താണ്…? പണ്ട് ഭൂപരിഷ്കരണം നടപ്പിലാക്കിയപ്പോൾ കേരളത്തിൽ അത് ഹരിതവിപ്ലവം കൊണ്ടുവരുമെന്നാണ് പലരും കരുതിയത്. ഭൂപരിഷ്കരണം മൂലം രക്ഷപെട്ടവർ ധാരാളമുണ്ടാവാം. എന്നാൽ ഇതിലൂടെ ഭൂമിയുടെ മേലുള്ള അവകാശികളെ കൂട്ടിയതല്ലാതെ ഉള്ള ഭൂമിയിലെ ഉത്പാദനക്ഷമത കൂട്ടുന്ന കാര്യത്തിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. അല്ലെങ്കിൽ ഈ കാര്യത്തിൽ നാം വേണ്ടത്ര ശ്രദ്ധ ചെലുത്തിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭൂപരിഷ്കരണത്തിന്റെ അനന്തരഫലം കൃഷിയിലെ അഭിവൃദ്ധിയായിരുന്നില്ല മറിച്ച് കൃഷിഭൂമി നികത്തിക്കൊണ്ടുള്ള റിയൽഎസ്റ്റേറ്റ് ബിസിനസ്സുകളുടെ ആവിർഭാവത്തിനാണ് വിത്തുപാകിയത്.

ഭൂപരിഷ്കരണം മുതൽ ഇങ്ങോട്ടുള്ള കണക്കെടുത്താൽ ഏതാണ്ട് പത്തുലക്ഷം ഹെക്ടറിനടുത്ത് നെൽപ്പാടങ്ങളാണ് നമുക്കില്ലാതായതെന്ന് മനസ്സിലാക്കാൻ സാധിക്കും. നെൽപ്പാടങ്ങൾ മാത്രമല്ല മറ്റു പല കൃഷിസ്ഥലങ്ങളുടെയും സ്ഥിതി ഇതൊക്കെത്തന്നെയാണ്. എന്നിട്ട് അവിടെ ഏതെങ്കിലും വ്യവസായങ്ങൾ വന്നോ..? ഇല്ല…പകരം ആശുപത്രികൾ വന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ ചേർത്ത അരിയും വിഷമടിച്ച പച്ചക്കറികളും വാങ്ങിക്കഴിച്ച് കേരളം രോഗക്കിടക്കയിൽ ആയപ്പോൾ ആശുപത്രികൾ ഏറെ വേണ്ടി വന്നു. ഇന്ന് കേരളത്തിലുള്ള ഒരേയൊരു വ്യവസായവും അതുതന്നെയാണ്. ആശുപത്രി വ്യവസായം…! നെൽക്കൃഷി പുനരുജ്ജീവിപ്പിക്കുക,കൃഷിയിടങ്ങളുടെ വിസ്തൃതി കൂട്ടുക, കർഷകർക്ക് മെച്ചപ്പെട്ട വിത്തും വളവും ന്യായവിലയിൽ നൽകുക, അവർക്ക് നഷ്ടം വരാത്ത രീതിയിൽ വിളകൾക്ക് താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങൾക്കാായി ഇവിടെയും സർക്കാർ മുൻകൈ എടുക്കേണ്ടതുണ്ട്.

പച്ചക്കറി കൃഷിയോടൊപ്പം തന്നെ നെൽകൃഷിയിലും നമുക്ക് ഏറെ മുന്നേറേണ്ടിയിരിക്കുന്നു. ഇതിനായി ചെയ്യേണ്ടത് തരിശായി കിടക്കുന്ന ഭൂമികളിലെല്ലാം തന്നെ കൃഷിയിറക്കുക എന്നതാണ്. ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെയെല്ലാം പക്കൽ വർഷങ്ങളായി ഒരു ഉപയോഗവും ഇല്ലാതെ കിടക്കുന്ന ധാരാളം ഭൂമി ഉണ്ട്. അതുപോലെ പുറമ്പോക്കുകൾ, പഞ്ചായത്തിന്റെ കൈവശമുള്ള സ്ഥലങ്ങൾ, ഇവിടെയെല്ലാം നമുക്ക് കൃഷിയിറക്കാവുന്നതേയുള്ളൂ.
രണ്ടു സെന്റ് ഭൂമി ഉള്ളവർക്കുപോലും താങ്ങളുടെ ആവശ്യത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കാൻ സാധിക്കും. വീട്ടുമുറ്റത്തോ ടെറസിലോ ചാക്കിലോ ഗ്രോബാഗുകളിലോ.. അങ്ങനെ എന്തൊക്കെ മാർഗ്ഗങ്ങൾ!

സ്വന്തം ആവശ്യത്തിനുള്ള ആഹാരസാധനങ്ങളെങ്കിലും കൃഷി ചെയ്തുണ്ടാക്കുക എന്നത് ഒരു ചലഞ്ചായി മാറണം. ആവശ്യത്തിന് സ്ഥലമില്ലെങ്കിൽ മുറ്റത്തോ ടെറസിലോ കൃഷി ചെയ്യാവുന്നതേയുള്ളൂ.ഇന്റർലോക്ക് പാകിയ മുറ്റങ്ങളാണങ്കിൽ അത് ഇളക്കി മാറ്റിയിട്ട് അവിടെ കൃഷി തുടങ്ങണം. ആവശ്യത്തിന് ഭൂമി ഉള്ളവരാണങ്കിൽ കുറഞ്ഞത് ഒരു ഏക്കറെങ്കിലും കൃഷിയ്ക്കായി മാറ്റി വയ്ക്കണം. കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർധിത ഉൽപ്പാദനം ഉണ്ടാകുന്നില്ല എന്നതാണ് നമ്മുടെ ഏറ്റവും വലിയ കോട്ടം. അതും മാറണം. സർക്കാരിന്റെ ഇടപെടൽ ഈ കാര്യത്തിലും വളരെ അത്യാവശ്യമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker