IndiaNEWS

കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനാകാതെ മേഘാലയ സർക്കാർ

ഷില്ലോങ്: കിഴക്കൻ ജെയ്ന്തിയ ഹിൽസ് ജില്ലയിലെ കൽക്കരിഖനിക്കുളളിൽ 12 ദിവസമായി കുടുങ്ങിക്കിടക്കുകയാണ് അഞ്ചു തൊഴിലാളികൾ. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഈ ഖനിക്കുളളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി മേഘാലയ സർക്കാർ നാവികസേനയുടെ സഹായം തേടി.
രക്ഷാപ്രവർത്തനത്തിൽ ഇത്ര ദിവസമായിട്ടും പുരോഗതി ഉണ്ടാകാത്തതിനെ തുടർന്നാണ് മേഘാലയ സർക്കാർ നാവികസേനയുടെ സഹായം തേടിയത്.

ഡൈനാമിറ്റ് സ്ഫോടനത്തെ തുടർന്ന് വെളളപ്പൊക്കമുണ്ടായതോടെയാണ് ഖനിയിൽ തൊഴിലാളികൾ കുടുങ്ങിയത്.
ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനുളള എല്ലാ മാർഗങ്ങളും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി കാൺറാട് സംഗമ പറഞ്ഞു. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നും ജില്ലാ ഭരണകൂടവും എൻ.ഡി.ആർ.എഫ് ഉൾപ്പടെയുളള മറ്റ് ഏജൻസികളും പരിശ്രമിച്ചിട്ടും ഇതുവരെ തൊഴിലാളികളെ രക്ഷിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഫയർ സർവീസ് എന്നിവയിലെ നൂറോളം രക്ഷാപ്രവർത്തകരാണ് രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനാവുന്നില്ലെന്നും ജലനിരപ്പ് കുറയുന്നത് കാത്തിരിക്കുകയാണെന്നും ഇവർ അറിയിച്ചു. ഖനി ഉടമയെ, ദേശീയ ട്രിബ്യൂണലിന്റെ ഉത്തരവ് ലംഘിച്ച് അനധികൃതമായി കൽക്കരി ഖനനം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2014-ലാണ് കൽക്കരി ഖനനത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ അനധികൃതഖനനം പതിവായി നടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് കിഴക്കൻ ജെയ്ന്തിയ ഹിൽസ് ജില്ല.

മേഘാലയയിൽ 560 മില്യൺ ടൺ കല്ക്കരി നിക്ഷേപം ഉളളതായാണ് കണക്കാക്കുന്നത്. അസം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുളള കുടിയേറ്റ തൊഴിലാളികളാണ് ഇത്തരം അനധികൃതഖനികളിൽ ജോലി ചെയ്യുന്നത്. ജനുവരിയിലും അനധികൃതമായി പ്രവർത്തിച്ചിരുന്ന ഖനിയിൽ തൊഴിലാളികൾ കുടുങ്ങിയിരുന്നു. അന്ന് ആറുപേരാണ് മരണപ്പെട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker