LIFEMovie

‘നായാട്ട്’ വീണ്ടും ദളിതന്റെ നെഞ്ചത്തോ…? പ്രവീൺ ഇറവങ്കര

“തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമപുസ്തകത്തിൽ മാത്രമാണ് നിരോധിതമായത്. സ്വകാര്യതകളിൽ ദളിതനെ ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിന്റെ സുഖം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ജാതിവരേണ്യഹൃദയങ്ങൾ കലാകാലങ്ങളായി ആസ്വദിച്ചു വരുന്നു. അത് പിന്നീട് ദളിതനോടുളള അകാരണവും അതിശക്തവുമായ ഒരുതരം വിരോധമായി രൂപപ്പെടുന്നു. പള്ളിക്കൂടത്തിൽ ഗ്രാന്റ് വാങ്ങി പഠിക്കുന്ന ദളിത് സന്തതിയിൽ ഉന്നമുറപ്പിക്കുന്ന ആ അജ്ഞാത കാലുഷ്യം പിന്നീട് സർക്കാർ ആഫീസുകളിലെ ദളിത് ജീവനക്കാരിലേക്കും ദളിതരിൽ നിന്ന് ഉയർന്നുവന്ന ഉന്നത ബ്യൂറോക്രാറ്റുകളിലേക്കും രാഷ്ട്രപതിയിലേക്കും വരെ പടരും…!”

ഞാൻ അടുത്ത കാലത്ത് കണ്ട ഏറ്റവും കുഴപ്പം പിടിച്ച സിനിമയാണ് നായാട്ട്. മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനമികവിനെക്കുറിച്ചോ തിരക്കഥാവൈഭവത്തെക്കുറിച്ചോ എതിരഭിപ്രായമില്ല. മതിപ്പാണു താനും. പക്ഷേ അതൊന്നും ആ സിനിമ ഉയർത്തിപ്പിടിക്കുന്ന കൊടിയടയാളത്തെ വിമർശിക്കാതിരിക്കാനുളള കാരണങ്ങളല്ല. നായാട്ട് പക്കാ ദളിത് വിരുദ്ധ സിനിമയാണ്. നാട്ടുഭാഷയിൽ പറഞ്ഞാൻ മുട്ടായിക്കടലാസിൽ പൊതിഞ്ഞ വിഷഗുളിക…! ആരെന്തൊക്കെ വേദാന്തം പറഞ്ഞാലും ഇന്ത്യയുടെ പൊതു സമൂഹത്തിന്റെ സവർണ്ണനയനങ്ങളിൽ ദളിതൻ എന്നും അവഹേളിതൻ തന്നെയാണ്.

 

തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിയമപുസ്തകത്തിൽ മാത്രമാണ് നിരോധിതമായത്. സ്വകാര്യതകളിൽ ദളിതനെ ആക്ഷേപിക്കുകയും അവഗണിക്കുകയും ചെയ്യുന്നതിന്റെ സുഖം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ജാതിവരേണ്യഹൃദയങ്ങൾ കലാകാലങ്ങളായി ആസ്വദിച്ചു വരുന്നു. അത് പിന്നീട് ദളിതനോടുളള അകാരണവും അതിശക്തവുമായ ഒരുതരം വിരോധമായി രൂപപ്പെടുന്നു. പള്ളിക്കൂടത്തിൽ ഗ്രാന്റ് വാങ്ങി പഠിക്കുന്ന ദളിത് സന്തതിയിൽ ഉന്നമുറപ്പിക്കുന്ന ആ അജ്ഞാത കാലുഷ്യം പിന്നീട് സർക്കാർ ആഫീസുകളിലെ ദളിത് ജീവനക്കാരിലേക്കും ദളിതരിൽ നിന്ന് ഉയർന്നുവന്ന ഉന്നത ബ്യൂറോക്രാറ്റുകളിലേക്കും രാഷ്ട്രപതിയിലേക്കും വരെ പടരും…! നവോത്ഥാനത്തിന്റെ നാട്ടുവെട്ടത്തിൽ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും അയ്യൻകാളിയും സഹോദരനയ്യപ്പനും ചരിത്രത്തിൽ പേരില്ലാത്ത അനേകരും ചേർന്ന് തുടച്ചുനീക്കിയ ജാതിസ്പർദ്ധകൾ കാലമധികം കഴിയും മുമ്പ്, മഴമണ്ണിൽ മുത്തങ്ങ മുളയ്ക്കും പോലെ തിരിച്ചു കിളിർത്തു. ഇക്കുറി കിളിർപ്പിലധികവും മേൽമണ്ണിനുള്ളിലായതുകൊണ്ട് പ്രത്യക്ഷദർശനം അത്ര എളുപ്പമല്ലെന്നു മാത്രം! നായാട്ടിനെക്കുറിച്ചാണല്ലോ പറയുന്നത്.

ആര്യസമൂഹ പൊതുബോധയിടങ്ങളിൽ അന്നുമിന്നുമെന്നും കത്തി നിൽക്കുന്ന ആ ദളിത് വിരുദ്ധത തന്നെയാണ് ഈ ചിത്രത്തിന്റെയും രഹസ്യകാതൽ അഥവാ ഗൂഢഅജണ്ട. വില്ലൻ പതിവുപോലെ കറുത്തവൻ തന്നെയാണ്. പക്ഷേ ഇക്കുറി അവനെക്കൊണ്ട് കുറച്ചുകൂടി പരസ്യമായി പൊതുമുതലിൽ അഥവാ സ്റ്റേഷൻ മതിലിൽ മുറുക്കിതുപ്പിക്കുകയും ചീത്തവിളിപ്പിക്കു കയും സ്ത്രീപീഡകനും മദ്യപനും സാമൂഹ്യവിരുദ്ധനുമായി ചിത്രീകരിച്ച് വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അപഹാസ്യ പ്രതിനായകപരിവേഷിതനായി മാറ്റിനിർത്തുന്നു! പലായനം ചെയ്യുന്ന പൊലീസുകാരിൽ ഒടുക്കം ആത്മഹത്യയിൽ അഭയം തേടുന്നതും ഒരു ദളിതനാണെന്നു പറഞ്ഞുവെയ്കുന്നതിൽ സിനിമ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ നായാട്ടുകളും ഒടുക്കം ചെന്നുനിൽക്കുന്നത് ഒരിടത്താണ്. ഇരയെയും വേട്ടക്കാരനെയുമെല്ലാം ഒന്നാക്കിമാറ്റി പാർശ്വവത്കരിക്കപ്പെടുന്ന കറുത്ത ഒരിടത്ത്! ഇങ്ങനെ കാലത്തെ അപനിർമ്മിക്കുക വഴി അറിഞ്ഞോ അറിയാതെയോ പൊതുബോധസരണിയിൽ ദളിതൻ വീണ്ടും ശത്രുപക്ഷത്താവുന്നു.

മുമ്പ് ഞാൻ ഒരു ഡിവോഷണൽ ചാനലിന്റെ കണ്ടെന്റ്&പ്രോഗ്രാം ഹെഡ് എന്ന മോഹിത പദവിയിലിരിക്കുന്ന കാലത്ത് അതിഗംഭീരമായി പാടുന്ന ഒരു കറുത്ത ദളിത്പെണ്ണ് സ്റ്റൂഡിയോയിൽ വരുമായിരുന്നു. അവൾ പാടിയ സുന്ദരഗാനങ്ങളൊക്കെയും പക്ഷേ പിന്നീട് മറ്റൊരു വെളുത്ത ഉന്നതകുലജാതപ്പെണ്ണിനെക്കൊണ്ടുവന്ന് ചുണ്ടനക്കി അതേ സ്റ്റൂഡിയോയിൽ ഷൂട്ട് ചെയ്താണ് സംപ്രേക്ഷണം ചെയ്തത്. കുയിലിന്റെ പാട്ടും മയിലിന്റെ ചുണ്ടും! മാനേജ്മെന്റിന്റെ ഈ പ്രവർത്തിയോട് ആദ്യമൊന്നും എനിക്ക് യോജിക്കാനാവില്ല.

പക്ഷേ ചാനൽ ആരെങ്കിലും കാണണമെങ്കിൽ ഈ കറുത്തപെണ്ണിനെ ഒഴിവാക്കി അവിടെ വെളുത്ത സുന്ദരിയെ തന്നെ പ്രതിഷ്ഠിക്കണമെന്ന് വർണ്ണഗവേഷണത്തിൽ ബിരുദം നേടിയ മാർക്കെറ്റിങ്ങുകാർ തെളിവുനിരത്തി ശഠിച്ചപ്പോൾ ഞാൻ നിശബ്ദനായി.
അങ്ങനെ എത്രയോകാലം ആ കറുത്തവൾ പാടിയ വെളുത്ത പാട്ടുകൾ സംഗീതത്തിന്റെ എ.ബി.സി.ഡി അറിയാത്ത ഒരു വെളളച്ചി ചുണ്ടനക്കി വിശ്വാസികളെ പറ്റിച്ചു.

അന്വേഷിച്ചാൽ ഇത്തരം അറിയാക്കഥകളോടെ ഒരു ഹിമാലയം തന്നെയുണ്ടാവും! സിനിമയിൽ, സാഹിത്യത്തിൽ, രാഷ്ട്രീയത്തിൽ… മനുഷ്യനുളളിടത്തൊക്കെ…! ആ എരിതീയിലേക്കാണ് നായാട്ടുവക ഈ എണ്ണപകരൽ…! ഏതുതരം സിനിമയും ചെയ്യാൻ ആർക്കും അവകാശമുണ്ട്. ആ സിനിമ ഉയർത്തിപ്പിടിക്കുന്ന കലയുടെ രാഷ്ട്രീയമെന്തെന്ന് തീരുമാനിക്കാനുള്ള പൂർണ്ണസ്വാതന്ത്ര്യം ചലച്ചിത്രകാരനുമുണ്ട്. സത്യങ്ങളും അപ്രിയസത്യങ്ങളും വിളിച്ചുപറയാം. പക്ഷേ അത് സത്യങ്ങളാവണമെന്നു മാത്രം…! തിരക്കഥാകൃത്തും സംസ്ഥാന അവാർഡ് ജേതാവുമാണ് ലേഖകൻ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker