ColumnTRENDING

കാനം കടന്നു പോയിട്ട് 39 ആണ്ട്: എബ്രഹാം വർഗീസ്

മലയാളത്തിലെ ജനകീയ വായനയുടെ തമ്പുരാൻ എന്നു വിശേഷിപ്പിക്കാവുന്ന നോവലിസ്റ്റും തിരകഥാകൃത്തുമായിരുന്ന കാനം.ഇ.ജെ വിടപറഞ്ഞിട്ട് മുപ്പത്തിയൊമ്പത് വർഷങ്ങൾ. 1926 ജൂൺ 13-ന് ജനിച്ച കാനം 1982-ലെ മറ്റൊരു ജൂൺ 13-നു തന്നെയാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഒരു നേത്രരോഗവിദഗ്ദ്ധൻ കൂടിയായിരുന്നു കാനം ഇ ജെ എന്നറിയപ്പെടുന്ന ഇ ജെ ഫിലിപ്പ്.

‘ജീവിതം ആരംഭിക്കുന്നു’ എന്ന നോവലോടെ തന്റെ എഴുത്ത് ജീവിതം ആരംഭിച്ച കാനം തുടർന്ന് ധാരാളം നോവലുകളും നാടകങ്ങളും സിനിമകൾക്ക് തിരക്കഥകളും രചിച്ചു. യാമിനി, ആരും അന്യരല്ല, മനസ്സൊരു മഹാസമുദ്രം,അവൾ വിശ്വസ്തയായിരുന്നു ,ഹർഷ ബാഷ്പം തുടങ്ങിയ നിരവധി സിനിമകൾക്ക് ഗാനരചനയും നടത്തിയിട്ടുണ്ട്.

കോട്ടയത്തെ വാഴൂരിനടുത്ത് കാനം എന്ന കുഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തൊട്ടടുത്ത പ്രദേശമായ കങ്ങഴയിൽ നിന്നായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ശേഷം കുറച്ചു നാൾ പട്ടാളത്തിൽ ജോലി ചെയ്തു. അവിടെ നിന്നും തിരികെയെത്തി നേത്രരോഗ സംബന്ധമായ ചികിത്സയിലേക്കും പിന്നീട് അധ്യാപകവൃത്തിയിലേക്കും തിരിയുകയായിരുന്നു.അധ്യാപനം ഒരു തൊഴില്‍ മാത്രമല്ല, പവിത്രമായ ഒരു കര്‍മ്മമാണെന്നു തെളിയിച്ച വ്യക്തിയാണ് അദ്ദേഹം. അധ്യാപകനായിരിക്കുമ്പോഴും തന്റെ രചനകൾ മുടക്കാൻ അദ്ദേഹം തയ്യാറായില്ല. ഈ അരയേക്കർ നിന്റേതാണ്, പമ്പാനദി പാഞ്ഞൊഴുകുന്നു തുടങ്ങിയ നീണ്ട കഥകളിലൂടെയാണ് അദ്ദേഹം പ്രസിദ്ധനാകുന്നത്. തിരുവല്ലയിലെ ‘അമ്മാളുകുട്ടി കൊലക്കേസ്’ ആധാരമാക്കി എഴുതിയ ‘ഭാര്യ’ എന്ന നോവൽ ഏറെ ജനപ്രീതി നേടി. ഉദയ പിന്നീട് അതേ പേരിൽ തന്നെ ഇത് സിനിമയുമാക്കി.

ഏഴു നാടകങ്ങളും രണ്ടു കവിതാ സമാഹരങ്ങളും നൂറിൽപ്പരം നോവലുകളും ഇദ്ദേഹത്തിന്റെതായി പുറത്തു വന്നിട്ടുണ്ട്. ഇതിൽ 23 നോവലുകൾ ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും അദ്ദേഹം തന്നെ തിരക്കഥയും എഴുതി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker