KeralaNEWS

നികേഷിനെ തോലുരിച്ച് കെ.കെ ബാബുരാജ്. പ്രതികരണത്തിലുള്ളത് കോവിലന്‍ ചൂണ്ടിക്കാട്ടിയ പോലുള്ള ‘പക’.

‘ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ’ എന്ന് നികേഷ് കുമാര്‍ കെ.സുധാകരനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച്, ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ.ബാബുരാജ് രംഗത്തു വന്നു.
ഇടതുപക്ഷക്കാരല്ലാത്ത മറ്റാരെങ്കിലുമാണ് ഇത്തരമൊരു പ്രയോഗം നടത്തിയിരുന്നെങ്കില്‍ ഉടന്‍ പ്രതികരിക്കുമായിരുന്ന കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ആരും നികേഷിനെ ചോദ്യം ചെയ്തതായി കണ്ടില്ലെന്ന് ബാബുരാജ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കെ.കെ.ബാബുരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

”റിപ്പോര്‍ട്ടര്‍ ചാനലിന്റെ മേധാവി നികേഷ് കുമാര്‍, കെ .പി .സി .സി പ്രസിഡന്റ് കെ .സുധാകരനുമായി നടത്തിയ സംഭാഷണത്തില്‍ ‘ജാത്യാലുള്ളത് തൂത്താല്‍ പോകുമോ’ എന്ന ചൊല്ലുണ്ടല്ലോ എന്നു പറഞ്ഞതിന്റെ തുടക്കം കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്, അദ്ദേഹം ആ ചൊല്ലിനെ തള്ളിപറയാനാണ് അങ്ങനെ പറഞ്ഞതെന്നാണ്. ബാക്കിഭാഗം കേട്ടപ്പോഴാണ് നികേഷ്‌കുമാര്‍ ആ ചൊല്ലിനെ സാധൂകരിക്കുയാണെന്നു മനസ്സിലായത്.

എന്തുകൊണ്ടാണ് കേരളത്തിലെ ഒരു സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍, വലിയൊരു കമ്മ്യൂണിസ്‌ററ് നേതാവിന്റെ മകന്‍, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തി യാതൊരു സങ്കോചവുമില്ലാതെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ജാതിയെ ഓര്‍മ്മിപ്പിച്ചു കൊണ്ട്; അല്ലെങ്കില്‍ കീഴ്ജാതിക്കാരെ അവമതിക്കാന്‍ കാലങ്ങളായി മേല്‍ജാതിക്കാര്‍ പറയുന്ന ഒരു ചൊല്ലിനെ സ്വാഭാവികമായി തന്നെ ഉപയോഗിക്കുന്നത്..? നികേഷിന്, കെ. സുധാകരന്‍ ചുട്ട മറുപടി കൊടുത്തു എന്നു പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസുകാര്‍ മിക്കവരും ഈ ജാതീയമായ അവഹേളനത്തെ പറ്റി പറയുന്നതേയില്ല. ഇടതുപക്ഷക്കാരല്ലാത്ത മറ്റാരെങ്കിലുമാണ് ഇത്തരമൊരു പ്രയോഗം നടത്തിയിരുന്നെങ്കില്‍ ഉടന്‍ പ്രതികരിക്കുമായിരുന്ന കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ആരും നികേഷിനെ ചോദ്യം ചെയ്തതായി കണ്ടില്ല .

മുമ്പ്, ചെത്തുകാരന്റെ മകനായ പിണറായി വിജയന്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞു ജാതി അധിക്ഷേപം നടത്തിയ ആളാണ് കെ. സുധാകരന്‍. അദ്ദേഹം ഒരു കീഴ് ജാതിക്കാരന്‍ തന്നെയാണെന്നാണ് അറിയുന്നത്. നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അവക്കെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ നികേഷിന്റെ കാര്യത്തില്‍ അങ്ങനെ സംഭവിക്കാത്തത്, കേരളത്തില്‍ സര്‍വ്വശക്തമായ ഇടതുപക്ഷ പൊതുബോധത്തിന്റെ സുരക്ഷ അദ്ദേഹത്തിനു കിട്ടുന്നതു കൊണ്ടാണെന്ന് അനുമാനിക്കാം .

കോവിലന്റെ ‘തട്ടകം’ എന്ന നോവലില്‍ സാമൂഹികമായി വികാസം നേടിയ, പദവി ഉയര്‍ന്ന ഈഴവരോട് ജാതി മേധാവിത്വത്തിന് തോന്നുന്ന വികാരം എന്താണെന്നു സൂചിപ്പിക്കുന്ന ഒരു ഭാഗമുണ്ട്:
‘പനമ്പാട്ട് ശങ്കരന്‍ നായര്‍ പൊക്കളൂര് വാഴുമ്പോള്‍ തെക്കെനടത്തു ചാത്തൂട്ടിക്ക് കുതിരയും സവാരിയും വന്നു . എതിരെ വന്നപ്പോള്‍ ശങ്കരന്‍ നായര്‍ ഒഴിഞ്ഞു നിന്നു. കുശലം പറഞ്ഞു. പകയുടെ പൊരി ശങ്കരന്‍ നായരുടെ വയറ്റില്‍ നീറിക്കിടന്നു ‘.

പിണറായി വിജയനെപ്പറ്റി കെ. സുധാകരന്റെ ജാതി അധിക്ഷേപത്തിലുള്ളത്, ആത്മ ബോധം ഇല്ലായ്മയാണെങ്കില്‍ നികേഷിന്റെ സങ്കോചമില്ലാത്ത പ്രതികരണത്തിലുള്ളത്, കോവിലന്‍ ചൂണ്ടിക്കാട്ടിയ പോലുള്ള ‘പക ‘യുടെ കനലാണെന്നു പറയാവുന്നതാണ്. അത് ചൊല്ലുകളായും, നാട്ടു വാര്‍ത്തനമായും സ്വാഭാവികമായി മാറുന്നു എന്നതാണ് പൊതുബോധത്തിന്റെ സുരക്ഷ.
നികേഷിനെ പോലുള്ളവര്‍ മനസ്സിലാക്കേണ്ട കാര്യം, മനു ധര്‍മ്മം പരിപാലിക്കപ്പെടുന്നത് സംഘ്പരിവാറുകളാല്‍ മാത്രമല്ലെന്നതാണ്. പദവിയില്‍ ഉയര്‍ന്ന കീഴാളരെ പുറകോട്ടു വലിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരും ഇതേ ധര്‍മ്മം അറിഞ്ഞോ അറിയാതെയോ പിന്തുടരുന്നുണ്ട്. യാതൊരു തടസ്സവുമില്ലാതെ, ഇത്തരം മനോഭാവം വെച്ചു പുലര്‍ത്തുന്ന നികേഷ് കുമാറിനെ പോലുള്ളവര്‍ക്കെതിരെ
എല്ലാ ഇടങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്…’

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker