KeralaNEWS

‘ജാത്യാല്‍ ഉള്ളത് തൂത്താല്‍ പോകുമോ…’ കെ. സുധാകരനെതിരെ കടുത്ത ആക്ഷേപവുമായി റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാര്‍

കേരള രാഷ്ട്രീയത്തിലെ സമുന്നതനായ രാഷ്ട്രീയ നേതാവിനെതിരെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വംശീയമായ മുന്‍വിധിയോടെയുള്ള ചോദ്യം ചോദിച്ചതിനെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളാണ് പല കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നത്. അതില്‍ പ്രധാനമായത് കൊടിക്കുന്നില്‍ സുരേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ്. അതു ചുവടെ:

‘ഒരു പക്ഷേ ലോക ചരിത്രത്തില്‍ തന്നെ ഇത്രയും റേസിസ്റ്റ് ആയ ചോദ്യം ഒരു ടീ.വി ഷോയ്ക്കിടെ നേരിടേണ്ടി വന്ന മറ്റൊരു നേതാവ് ഉണ്ടാകില്ല. സി.പി.എം നേതാക്കന്മാര്‍ എന്തെങ്കിലും മൊഴിഞ്ഞാല്‍ ഉത്തരത്തിലിരുന്ന് പല്ലി ചിലയ്ക്കുന്നത് പോലെ പ്രതികരിക്കുന്ന സാംസ്‌കാരിക നായകരുടെ നാവ് ഇപ്പോള്‍ എവിടെയെന്ന് ചോദിക്കുന്നില്ല. ജാതീയതയും സ്തീ വിരുദ്ധതയും ജനാധിപത്യ ധ്വംസനവും കോണ്‍ഗ്രസുകാര്‍ക്ക് നേരെയാവുമ്പോള്‍ ‘ചത്തത് പോലെ കിടന്നേക്കാം’ എന്ന് സാംസ്‌കാരിക പ്രമുഖര്‍ എ.കെ.ജി സെന്ററില്‍ എഴുതി കൊടുത്തിട്ടുണ്ടോ…?
ശരിയാണ്, കെ സുധാകരന്‍ എന്ന കെ.പി.സി.സി പ്രസിഡന്റ് ഭാഷയിലും ഭാവത്തിലും കുറച്ചൊക്കെ അഗ്രസീവാണ്. അതിന് അദ്ദേഹത്തിന്റെ കീഴാള ജാതി അല്ല കാരണം. മറിച്ച് ജാതിക്കോട്ടകള്‍ കൂടിയായ നിങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളിലെ അനുഭവങ്ങളാണ്. വധശ്രമങ്ങളെ അടക്കം പ്രതിരോധിച്ചും കൂടപ്പിറപ്പുകളുടെ ചോര കണ്ടിട്ടും തളര്‍ന്നു പിന്‍മാറാതെ പാര്‍ട്ടി ഗ്രാമങ്ങളില്‍ കൊണ്ടും കൊടുത്തും ജനാധിപത്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും തറക്കല്ലിട്ടത് കെ. സുധാകരന്‍ ആണെങ്കില്‍, മൂവര്‍ണ്ണ കൊടി പിടിച്ച് അന്തസ്സോടെ നിവര്‍ന്ന് നില്‍ക്കാന്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നത് കെ.സുധാകരന്‍ ആണെങ്കില്‍ അദ്ദേഹത്തിന് അല്‍പ്പം അഹങ്കരിക്കാനുള്ള വകുപ്പൊക്കെയുണ്ട്.

ഒഴിഞ്ഞു കിടക്കുന്ന ഏതെങ്കിലും കസേര കണ്ടിട്ടാണ് നികേഷൊക്കെ മാടമ്പിത്തരവുമായി സുധാകരന്റെ നെഞ്ചത്തോട്ട് കേറാന്‍ തുനിയുന്നതെങ്കില്‍ കെ. എസ്, ആ ചാനല്‍ ചര്‍ച്ചയില്‍ ഓര്‍മിപ്പിച്ചത് മാത്രമേ പറയാനുള്ളു. അധികാരത്തിന്റെ വെള്ളിക്കാശുകള്‍ കണ്ട് കണ്ണുമഞ്ഞളിക്കുമ്പോള്‍ സ്വന്തം പിതാവിന്റെ ഓര്‍മ്മകള്‍ എങ്കിലും നികേഷ് മറന്നു പോകരുത്.നികേഷിനോട് മാപ്പ് പറയാന്‍ ഞാന്‍ ആവശ്യപ്പെടുന്നില്ല. മനസാക്ഷി ഉള്ളവര്‍ക്കുള്ളതാണ് മാപ്പും തിരുത്തലുമൊക്കെ. അത്തരമൊരു ബാധ്യത ഇല്ലെന്ന് കൂടിയാണ് നികേഷ് ഇന്നലെ മലയാളികള്‍ക്ക് മുന്നില്‍ വിളിച്ചു പറഞ്ഞത്…’

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker