KeralaNEWS

ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരബലാത്സംഗം; പ്രതി മാർട്ടിന്റെ ഒളിത്താവള ദൃശ്യങ്ങൾ പുറത്ത്

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ പ്രധാന പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ ഒളിത്താവള ദൃശ്യങ്ങള്‍ പുറത്ത്. മാര്‍ട്ടിന്‍ കഴിയുന്ന ചതുപ്പ് പ്രദേശത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടൂര്‍ വനത്തിലേക്കാണ് മാര്‍ട്ടിന്‍ കയറി പോയത്. മാര്‍ട്ടിന്റെ വീടിനോട് ചേര്‍ന്ന പ്രദേശമാണിത്. പ്രദേശത്ത് ഇയാള്‍ക്കായുള്ള പരിശോധനകള്‍ നടന്നുവരികയാണ്. ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറ് അടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു

രണ്ടു ദിവസം മുന്‍പ് കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ജൂണ്‍ എട്ടിന് പുലര്‍ച്ചെ നാലരയോടെയാണ് മാര്‍ട്ടിന്‍ ജോസഫും കൂട്ടാളിയും ഫ്‌ളാറ്റില്‍ നിന്നും രക്ഷപ്പെട്ടത്. മാര്‍ട്ടിനൊപ്പം മറ്റൊരു സുഹൃത്തും ഫ്‌ളാറ്റിലെ ലിഫ്റ്റില്‍ നിന്നും പുറത്തിറങ്ങി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.

അതേസമയം, കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിന്റെ മൂന്ന് കൂട്ടാളികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മാര്‍ട്ടിനെ കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ സഹായിച്ച ശ്രീരാഗ്, ജോണ്‍ജോയ്, ധനേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ട്ടിന്‍ ജോസഫ് സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മുണ്ടൂരിലെത്തിയെങ്കിലും ഇയാള്‍ വീട്ടില്‍ ചെന്നിരുന്നില്ല. കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങള്‍ മുണ്ടൂര്‍ മേഖലയില്‍ ക്യാംപ് ചെയ്തു തിരിച്ചലില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല. മാര്‍ട്ടിന്‍ മുന്‍പു കഞ്ചാവു കേസിലടക്കം പ്രതിയാണെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.

വീട്ടുകാരുമായി അത്ര അടുപ്പത്തിലല്ലാത്തതിനാല്‍ മാര്‍ട്ടിന്‍ ഏതാനും വര്‍ഷങ്ങളായി കൊച്ചിയിലാണു താമസം. കൊച്ചിയില്‍ ബിസിനസ് ചെയ്യുകയാണെന്നാണു നാട്ടുകാരെ മാര്‍ട്ടിന്‍ ധരിപ്പിച്ചിരുന്നത്. മാര്‍ട്ടിന്‍ മണിചെയിന്‍ ഇടപാടുകളില്‍ പങ്കാളിയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു. പ്രതിയെ പിടികൂടാന്‍ പോലീസ് ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പരാതി ലഭിച്ച് രണ്ടു മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് നടപടി. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘമാണ്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തായിരുന്നു മാര്‍ട്ടിന്‍ മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ വച്ച് യുവതിയെ ക്രൂരമായ ബലാല്‍സംഗത്തിന് ഇരയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. യുവതിയുടെ ശരീരമാസകലം പൊള്ളിച്ചതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നു. യുവതിക്ക് വധഭീഷണി ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് മറ്റൊരിടത്തേക്ക് അഭയം പ്രാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന് മുമ്പ് യുവാവും യുവതിയും ഒരുമിച്ചായിരുന്നു ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ആദ്യ സമയത്ത് യുവതിയുടെ കൈയ്യില്‍ നിന്ന് കടം വാങ്ങിയ പണം പ്രതി അനാവശ്യമായി ഉപയോഗിച്ചുവെന്നും അതിന്റെ പേരില്‍ തര്‍ക്കം തുടങ്ങി. അതിനിടയിലാണ് പീഡനം നടന്നത്. ആ പീഡനത്തിന് പിന്നാലെ യുവതി സ്വദേശമായ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. മടങ്ങിയപ്പോഴാണ് പ്രതി മാര്‍ട്ടിന്‍ യുവതിയെ വിളിച്ച് തന്റെ കൈയ്യില്‍ നഗ്നചിത്രങ്ങള്‍ ഉണ്ടുവെന്നും താനത് ദുരുപയോഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി വീണ്ടും ഈ ഫ്‌ളാറ്റിലേക്ക് വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഫ്‌ളാറ്റില്‍ വന്നതിന് പിന്നാലെയായിരുന്നു യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. പല തവണ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചു പൊളിക്കുകയും മുളകു പൊടി കലക്കി മുഖത്തൊഴിക്കുകയുമെല്ലാം ചെയ്തത്. ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുകയും മുഖത്ത് മര്‍ദിക്കുകയും പതിവായിരുന്നു എന്നും യുവതി പറയുന്നു.

വീണ്ടും ക്രൂരപീഡനത്തിനും ബലാത്സംഗത്തിനുമൊക്കെ ഇരയാക്കി. അതിന് പിന്നാലെ കഴിഞ്ഞ മാസം മാര്‍ച്ചില്‍ യുവതി ഈ ഫ്‌ളാറ്റില്‍ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 8ന് യുവതി എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ ഏപ്രില്‍ 8 കഴിഞ്ഞ് മെയ് 8ഉം കഴിഞ്ഞ് ജൂണ്‍ 8 ആയിരിക്കുന്നു. 2 മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതി മാര്‍ട്ടിനെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. അതിനിടെ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി അതിനെ തളളിയതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. തൃശ്ശൂര്‍ സ്വദേശിയായ പ്രതി ഇതിന് മുമ്പും അമ്മയേയടക്കം ഉപദ്രവിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. പ്രതിക്കായി അന്വേഷണം ആരംഭിച്ചുവെന്ന് പറയുമ്പോഴും സംഭവം നടന്ന് മൂന്ന് മാസമായിട്ടും പ്രതിയെ പിടികൂടാനാവാത്തത് പോലീസിന്റെ വീഴ്ചയായി കാണുകയാണ്. ഉടനെ പ്രതിയെ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker