HealthLIFE

നാരങ്ങായ്ക്ക് ഔഷധ ഗുണങ്ങൾ ഏറെ… : എബ്രഹാം വർഗീസ്

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനമായ ജീവകം-സി ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷ്യവിഭവമാണ് നാരങ്ങ. ജീവകം-സി ക്കുപുറമേ ബി കോംപ്ലക്സ് ജീവകങ്ങളും ഫ്ലളോവിനോയിടുകളും നാരങ്ങയിൽ ധാരാളം അടങ്ങിയിരിക്കുന്നു. നാരങ്ങാനീര് ഉപയോഗത്തിലൂടെ, ശബ്ദം അടയുന്ന അവസ്ഥയും പനിയും ഫലപ്രദമായി നേരിടാം എന്ന് കണ്ടെത്തിയിട്ടുണ്ട്.

ടോൺസിലൈറ്റിസിന് നാരങ്ങ നീര് പുരട്ടുന്നത് ഗുണകരമാണ്. നാരങ്ങാനീര് വെള്ളത്തിൽ തേൻ കലർത്തി കുടിക്കുന്നത് ജലദോഷം മാറാൻ മികച്ചതാണെന്ന് നാട്ടുവൈദ്യത്തിൽ പറയുന്നു. അങ്ങനെ അങ്ങനെ അനേകം ഗുണങ്ങളുള്ള, നാരകം കൃഷിചെയ്യാൻ പക്ഷേ മലയാളിക്ക് ഇന്നും മടിയാണ്. നാരകം നട്ടിടം മുടിയുമെന്ന പഴഞ്ചൊല്ലിൽ വിശ്വസിക്കുന്ന അനേകം പേരുണ്ട് ഇന്നും നമ്മുടെ നാട്ടിൽ. എങ്കിലും പുതുതലമുറയിലെ പലരും നാരക കൃഷിക്ക് മുന്നിട്ടിറങ്ങുകയും അതിൽനിന്ന് വൻ ലാഭം കൊയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്തില്ലെങ്കിലും തങ്ങളുടെ ആവശ്യത്തിനു വേണ്ടിയുള്ള നാരങ്ങയെങ്കിലും കിട്ടുവാൻ വീട്ടിൽ എല്ലാവരും ഒന്നോ രണ്ടോ നാരകമെങ്കിലും നട്ടുപിടിപ്പിക്കുക തന്നെ വേണം.

പ്രധാനമായും കേരളത്തിൽ കണ്ടുവരുന്ന നാരകങ്ങളാണ് കറി നാരകം, ചെറുനാരകം, മധുര നാരകം, ഒടിച്ചുകുത്തി നാരകം, ബബ്ലൂസ്, മുസംബി തുടങ്ങിയവ. എന്നാൽ നാരകം നട്ട് കാലങ്ങൾക്കു ശേഷവും അതിൽനിന്ന് വിളവ് ലഭിക്കുന്നില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.
അല്പം പരിചരണം ഉണ്ടെങ്കിൽ ഏതു കായ്ക്കാത്ത നാരകവും കായ്ക്കും. നല്ല വളക്കൂറുള്ള മണ്ണും സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലവും തിരഞ്ഞെടുക്കൽ ആണ് അതിൽ ഏറ്റവും പ്രധാനം. വലിയ മുതൽ മുടക്ക് ഒന്നും ഇല്ലാതെ ഈ കൃഷിരീതിയിൽ നിന്ന് കായ്ഫലം നമുക്ക് ലഭ്യമാക്കാം. അതിനൊരു പൊടിക്കൈ പറയാം:

നാരകം വയ്ക്കുമ്പോൾ തന്നെ അടിവളമായി ചാണകം ചേർത്തിരിക്കണം. ചാണകം മാത്രം ചേർത്തുകൊണ്ട് ഒരിക്കലും നിങ്ങൾ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. നൈട്രജൻ ഫോസ്ഫറസ് തുടങ്ങിയവ നല്ല രീതിയിൽ നാരകത്തിന് ലഭിച്ചാൽ മാത്രമേ അത് നല്ല വിളവ് തരൂ. ഒരിക്കലും നാരകം മറ്റു ചെടികൾക്കിടയിൽ ഇടവിളയായി കൃഷി ചെയ്യരുത്. നല്ല സൂര്യപ്രകാശം ഇതിന് വേണമെന്നത് ഏറ്റവും പ്രധാനമാണ്. അമിത കീടനാശിനി പ്രയോഗം ആവശ്യമില്ല. വേനൽക്കാലത്ത് തടം കോരി രണ്ടുതവണയെങ്കിലും നനയ്ക്കാൻ ശ്രദ്ധിക്കണം. അമിത നന നരകത്തിന് വേണ്ട. അതുപോലെതന്നെ കായ്ഫലം ലഭിച്ചതിനുശേഷം പ്രൂണിങ് അഥവാ കൊമ്പുകോതൽ നാരകത്തിൽ പ്രധാനമാണ്. ആരോഗ്യമില്ലാത്ത തണ്ടുകളും നാരങ്ങ ഉണ്ടായ ഞെട്ടുകളും കളയണം. പുതിയ തണ്ടിൽ നിന്നേ നാരങ്ങ ഉണ്ടാവുകയുള്ളൂ. എല്ലുപൊടി, പൊട്ടാഷ് എന്നിവയുടെ ഉപയോഗം നാരകത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്താൻ മികച്ചതാണ്. നല്ല രീതിയിൽ ഇതിന്റെ വേരോട്ടം സാധ്യമാക്കുവാൻ ചെടിക്കു ചുറ്റുമുള്ള മണ്ണ് നന്നായി ആഴത്തിൽ ഇളക്കി കൊടുക്കുകയും വേണം.

ചിത്രശലഭവും പുഴുക്കളുടെ ആക്രമണവുമാണ് ഇതിൽ പ്രധാനമായും കണ്ടുവരുന്നത്. ഇത് തടയുവാൻ വെപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിച്ചാൽ മതി. ഇലകൾ ചുരുണ്ടു പോകാതിരിക്കുന്നതിനും ഈ മിശ്രിതം ഫലപ്രദമാണ്. ഇനി നിങ്ങളുടെ വീട്ടിൽ നിൽക്കുന്ന നാരകം കായ്ക്കുന്നില്ലെങ്കിൽ താഴെ പറയുന്ന വളപ്രയോഗം ചെയ്തു നോക്കുക. അതിൻ്റെ ഫലം നിങ്ങൾക്ക് തന്നെ കണ്ടറിയാവുന്നതാണ്.

 

ഈ മിശ്രിതം തയ്യാറാക്കുവാൻ പ്രധാനമായും വേണ്ടത് ചാരവും ചാണകവും എല്ലുപൊടിയും ആണ്. ഒരു കപ്പ് പച്ചച്ചാണകവും ഒരു കപ്പ് ചാരവും അരക്കപ്പ് എല്ലുപൊടിയും ഒരു ബക്കറ്റിലേക്ക് എടുക്കുക. അതിലേക്ക് രണ്ടര കപ്പ് വെള്ളവും ഒഴിച്ചു ചേർത്ത് നന്നായി ഇളക്കുക. ചെറിയ നാരകത്തിന് ആണെങ്കിൽ നാല് ലിറ്റർ വെള്ളവും കൂടി ഇതിലേക്ക് ഒഴിച്ചു ചേർക്കുക. അതിനുശേഷം നരകത്തിൻറെ ചുറ്റുമുള്ള മണ്ണ് നന്നായി ഇളക്കി തടം കോരുക. ഈ തടത്തിലേക്ക് നിങ്ങൾ തയ്യാറാക്കിയ മിശ്രിതം ഒഴിച്ചുകൊടുത്തു മേൽ മണ്ണിട്ട് മൂടുക. അതിനുശേഷം മുകൾഭാഗം അല്പം നനച്ചു കൊടുക്കുക കൂടി ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് വഴി നാരകത്തിൽ നിന്ന് നല്ല കായ്ഫലം ലഭിക്കും. എല്ലാത്തരം നാരകത്തിലും ഈ പ്രയോഗം ചെയ്യാം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker