HealthLIFE

കോവിഡ് വാക്സിന്‍ സ്ലോട്ട് കിട്ടാനുള്ള എളുപ്പ വഴികള്‍…

കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആഴ്ചകളായിട്ടും വാക്സിനേഷനുളള സ്ലോട്ട് കിട്ടാതെ വിഷമിക്കുകയാണോ നിങ്ങള്‍…? സ്ലോട്ട് ലഭിക്കാന്‍ ചില എളുപ്പ വഴികളുണ്ട്. അത് മനസിലാക്കിയാല്‍ ഇനി കാത്തിരിക്കേണ്ടി വരില്ല. ഇതില്‍ ഏറ്റവും പ്രധാനം സ്ലോട്ടുകള്‍ ഏത് സമയത്താണ് കൊവിന്‍ (cowin.gov.in) വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുക എന്നറിയുകയാണ്. ഓരോ ജില്ലകളിലും ഇതിനായി പ്രത്യേകം സമയം ക്രമീകരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലും തിരുവനന്തപുരം ജില്ലയിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വാക്സിന്‍ സ്ലോട്ടുകള്‍ കൊവിന്‍ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്നത്.

ഓരോ ജില്ലയിലെയും വാക്സിന്‍ സ്ലോട്ടുകള്‍ ലഭിക്കുന്ന സമയം അതാത് ജില്ലാ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ നിന്നോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളില്‍ നിന്നോ അറിയാന്‍ സാധിക്കും. സമയം മനസിലാക്കിയാല്‍ ഏറ്റവും വേ​ഗം ആ സമയത്ത് ലാപ്ടോപ്പിലോ, ഡെസ്ക്ടോപ്പ് വഴിയോ ബുക്ക് ചെയ്യുക. സ്ലോട്ടുകള്‍ വന്ന ഉടന്‍ തന്നെ തീര്‍ന്നുപോകുകയാണ് പതിവ്. അതുകൊണ്ട് മൊബൈലിനെക്കാള്‍ സെക്കന്‍ഡുകള്‍ക്ക് മുന്‍പെ സ്ലോട്ടുകള്‍ കാണിക്കുന്ന ഡെസ്ക്ടോപ്പുകളാണ് കൂടുതല്‍ ഉപകാരപ്രദമാകുക. കൂടാതെ ഒറ്റയടിക്ക് ഏഴു ദിവസത്തെ സ്ലോട്ടും കംപ്യൂട്ടറിലൂടെ കാണാം. മൊബൈലില്‍ ഓരോ ദിവസത്തെ സ്ലോട്ടും പ്രത്യേകമായി എടുക്കണം.

കൃത്യമായി ഈ സമയം മനസിലാക്കി അതിന് മൂന്ന് മിനിറ്റ് എങ്കിലും നേരത്തെ കൊവിന്‍ വെബ്സൈറ്റില്‍ ലോ​ഗിന്‍ ചെയ്ത് കാത്തിരിക്കുകയും ഇടയ്ക്കിടെ സെര്‍ച്ച്‌ ബട്ടണ്‍ ഉപയോ​ഗിച്ച്‌ തിരയുകയും ചെയ്യുക. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ ലഭ്യമാകുന്ന സെന്ററുകളും സമയമവുമാണ് അന്നേരം അറിയാന്‍ കഴിയുക. സ്വകാര്യ ആശുപത്രികളിലെ സ്ലോട്ടുകള്‍ ഈ സമയത്ത് നോക്കിയാല്‍ കിട്ടണമെന്നില്ല. പിന്‍കോഡ് നല്‍കി സ്ലോട്ട് തപ്പുന്നതിലും നല്ലത് ജില്ലാ അടിസ്ഥാനത്തില്‍ നോക്കുന്നതായിരിക്കും. കാരണം പിന്‍കോഡില്‍ അതാത് സ്ഥലത്തെ വാക്സിനേഷന്‍ സെന്ററുകള്‍ മാത്രമേ കാണുകയുളളൂ. ജില്ല നല്‍കി നോക്കിയാല്‍ പിന്‍കോഡിന് വെളിയിലുളള മറ്റ് സ്ഥലത്തെ സ്ലോട്ടുകള്‍ കാണാം. നമ്മുടെ സമീപ പ്രദേശം അല്ലെങ്കിലും വാക്സിന്‍ ലഭിക്കാനുളള കൂടുതല്‍ സാധ്യത ജില്ലാ തലത്തിലുളള തിരച്ചിലിലാണ്.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന്‍ എടുക്കാന്‍ താത്പര്യം ഇല്ലാത്തവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാവുന്നതാണ്. സ്വകാര്യ ആശുപത്രികളുടെ സ്ലോട്ട് അപ്ഡേഷന്‍ അലര്‍ട്ട് ടെലിഗ്രാം ആപ്പില്‍ തത്സമയം ലഭിക്കും. under45.in, above45.in എന്നിവ വഴിയോ പേടിഎം വഴിയോ ഇത്തരം സേവനങ്ങള്‍ ലഭിക്കുന്നതാണ്. ആശുപത്രികള്‍ സ്ലോട്ട് അപ്ഡേറ്റ് ചെയ്താല്‍ പരമാവധി പത്ത് സെക്കന്‍ഡിനുളളില്‍ ടെലി​ഗ്രാമില്‍ മെസേജായി വരും. കൂടാതെ സ്വകാര്യ ആശുപത്രികള്‍ അവരുടെ ഫേസ്ബുക്ക് പേജുകള്‍ വഴിയും സ്ലോട്ടുകള്‍ ലഭിക്കുന്ന സമയം അറിയിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker