KeralaNEWS

സുരേന്ദ്രനെതിരെ വാളെടുത്ത് ശോഭാ-കൃഷ്ണദാസ് പക്ഷം

കേരളത്തിൽ ബി.ജെ.പി പ്രതിസന്ധിയിലാണെന്നും ഈ സാഹചര്യത്തിൽ കെ.സുരേന്ദ്രനെ സംരക്ഷിക്കാനാകില്ലെന്നും ഉറച്ച നിലപാടുമായി ശോഭ സുരേന്ദ്രനും പി.കെ കൃഷ്ണദാസും രംഗത്ത്. കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും എതിരെ പാർട്ടി കേന്ദ്ര നേതൃത്വത്തെ തങ്ങളുടെ നിലപാട് അറിയിച്ചു കഴിഞ്ഞു ഇവർ. മുരളീധരനും സുരേന്ദ്രനും ബി.ജെ.പിയെ കുടുംബസ്വത്താക്കുകയാണ്. പാർട്ടിയെ സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കും. മുരളീധരനു വേണ്ടിയും സുരേന്ദ്രന് വേണ്ടിയും നിൽക്കാനാകില്ലെന്നും നേതാക്കൾ നിലപാടെടുക്കുന്നു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പിയുടെ പ്രതിഛായക്ക് വലിയ കോട്ടമുണ്ടാക്കിയ സംഭവങ്ങളാണ് കൊടകര കുഴപ്പണ വിവാദവും മഞ്ചേശ്വരത്ത് കോഴ നൽകിയതും.വിവാദങ്ങളിൽ പ്രധാനമന്ത്രി തന്നെ അതൃപ്തി അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വം പരാജയമെന്നാണ് കേന്ദ്ര നേതാക്കളുടെ വിലയിരുത്തൽ. ഇതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍, ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഉല്ലാസ് ബാബുവിനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു.

ഇതിനിടെ കൊടകരയും മഞ്ചേശ്വരവും ആയുധമാക്കി പാര്‍ട്ടിയെ തകര്‍ക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുകയാണ് ന്നാരോപിച്ച് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് നേതാക്കളെ ജയിലിലടയ്ക്കാനാണ് ശ്രമമെന്നാണ് ബി.ജെ.പി ആരോപണം. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍, അഡ്വ.പി സുധീര്‍, എസ്.സുരേഷ്, വി.വി രാജേഷ് എന്നിവരാണ്, രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി, പരാതി നല്‍കിയത്.

കൊടകര കുഴല്‍പ്പണ കേസില്‍ രണ്ടാം അന്വേഷണ സംഘത്തെ നിയോഗിച്ചത്, കേസന്വേഷണം ബി.ജെ.പിക്കെതിരെ വഴിതിരിച്ചു വിടാനാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിക്ക് കേസില്‍ യാതൊരു ബന്ധവുമില്ല. കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോഴ വാങ്ങിയെങ്കില്‍, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker