KeralaNEWS

‘സിയാലി’ന്റെ രാജശില്പി പടിയിറങ്ങുമ്പോൾ…

ഒരു തുണ്ട് ഭൂമി പോലുമില്ലാതെ വിമാനത്താവളം പണിയാൻ വന്നവന് 1993-ൽ ജോസ് മാളിയേക്കൽ എന്ന ജർമൻ പ്രവാസി ആദ്യമായി വച്ചുകൊടുത്ത ഭിക്ഷ, 20,000 രൂപ. ആ കാശ് ഇരുകണ്ണുകളിലും മുത്തി ഏറ്റുവാങ്ങിയ വിറപൂണ്ട അതേ കൈകൾ 2018-ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി അവാർഡായ ചാമ്പ്യൻ ഓഫ് ദി എർത്ത് ഏറ്റ് വാങ്ങിയപ്പോൾ വിറച്ചിരിക്കുമോ…? പറയാനാവില്ല… ആർക്കും പറയാനാവില്ല വി.ജെ കുര്യന്റെ മനസ്സ് പോയ വഴികൾ. സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുമ്പോഴും ആർക്കും പിടി കൊടുക്കാതിരുന്ന മനസ്സാണ് അത്.

 

കൊച്ചി രാജാവ് പണിതതും പിന്നീട് നേവി ഏറ്റെടുത്തതുമായ വില്ലിങ്ടൺ ഐലണ്ടിലെ ഒരു കൊച്ചു വിമാനത്താവളം. 1980-ൽ ഗൾഫ് ബൂം വന്നു. പതിനായിരക്കണക്കിന് മലയാളികൾ അവരുടെ നെഞ്ചിടിപ്പും അമർത്തി പിടിച്ചു പറന്നത് ബോംബെയിലെ വിമാനത്താവളത്തിൽ. ട്രാവൽ ഏജൻസികളും ബോംബെയിൽ. ആയിരക്കണക്കിന് ആളുകൾ അവിടെ തട്ടിപ്പുകൾക്ക് ഇരയായി. നൂറുകണക്കിന് ആളുകൾക്ക് ജീവിതം എന്നേക്കുമായി നഷ്ട്ടപ്പെട്ടു. അപ്പോഴാണ് കൊച്ചിയിൽ ഒരു സിവിൽ വിമാനത്താവളം ആവശ്യമായി വന്നത്. നേവിയുടെ വിമാനത്താവളത്തിൽ പണം മുടക്കില്ലെന്ന് എയർപോർട്ട്‌ അതോറിറ്റി.

കേന്ദ്ര മന്ത്രി മാധവറാവുസിന്ധ്യ സ്ഥലം കണ്ടു പിടിക്കാൻ ആവശ്യപ്പെടുന്നു. സർവീസിൽ വന്നിട്ട് കേവലം പത്തു കൊല്ലം മാത്രമായ എറണാകുളം കലക്ടർ വി.ജെ കുര്യനെ ചുമതല ഏൽപ്പിക്കുന്നു മുഖ്യമന്ത്രി കെ കരുണാകരൻ. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയത് സിറ്റിയിൽ നിന്നും ഇരുപത്തിയെട്ട് കിലോമീറ്റർ അകലെയുള്ള നെടുമ്പാശ്ശേരിയിൽ.സ്ഥലം ശരിയായപ്പോൾ എയർ പോർട്ട്‌ അതോറിറ്റി പറയുന്നു, കാശില്ല, ടെക്നിക്കൽ സപ്പോർട്ട് മാത്രം തരാം എന്ന്. എന്ത് ചെയ്യുമെന്ന് ചോദിച്ച മുഖ്യമന്ത്രി കരുണകാരനോട് കുര്യൻ പറഞ്ഞു: ചാരിറ്റബിൾ സൊസൈറ്റി ഉണ്ടാക്കി പണം പിരിക്കാം. സർക്കാരും പ്രവാസികളും പൊതു, സ്വകാര്യ സ്ഥാപനങ്ങളും കച്ചവടക്കാരും പണം തന്നാൽ…

ചുരുക്കത്തിൽ തെണ്ടൽ തന്നെ. കരുണക്കാരന് ഐഡിയ കത്തി. പൊതുജനങ്ങളിൽ നിന്ന് പണം പിരിച്ച് എത്ര സമ്മേളനങ്ങൾ നടത്തിയ ആളാണ്. വിമാനത്താവളം വന്നേ തീരു. കരുണാകരന് അത് പ്രശ്റ്റീജിന്റെ പ്രശ്നമാണ്. ഒട്ടും വൈകാതെ ഒരു ചാരിറ്റബിൾ സൊസൈറ്റി ഉണ്ടാക്കുന്നു. ആളുകളെ കണ്ട് കുര്യൻ പണം പിരിക്കണം. വേണ്ട ശുപാർശകൾ മുഖ്യമന്ത്രി ചെയ്യും. കൊച്ചി മറൈൻ ഡ്രൈവിൽ ജി.സി.ഡി.എ ഒരു കൊച്ചു മുറി ഓഫിസിനായി കൊടുത്തു.

എറണാകുളം ചേംബർ ഓഫ് കോമേഴ്‌സ് മേശയും കസേരയും അലമാരയും നൽകി. കൊച്ചി ചേംബർ ഓഫ് കോമേഴ്‌സ് ഒരു കമ്പ്യൂട്ടറും വ്യാപാരി വ്യവസായി സമിതി ഒരു ഫാക്സ് മെഷീനും കൊടുത്തു. അവിടേക്കാണ് ആദ്യ ഭിക്ഷ,20,000 രൂപയുമായി ജോസ് മാളിയേക്കൽ എന്ന പ്രവാസി കടന്നു ചെല്ലുന്നത്. ബാക്കിയൊക്കെ ചരിത്രം… എയർപോർട്ട് നിർമ്മിക്കാൻ എത്രയെത്ര വിമാനത്താവളങ്ങളിൽ പോയി. ഏതെല്ലാം മാതൃകകൾ കണ്ടു, എന്തെല്ലാം കടമ്പകൾ കടന്നു…. എത്ര കേസുകൾ, സമരങ്ങൾ…..

ഒരു സാധാരണ മനുഷ്യനായിരുന്നുവെങ്കിൽ സമ്മർദ്ദം കൊണ്ട് തല പൊട്ടിത്തെറിച്ച് പോവുമായിരുന്നു എന്നത് തീർച്ച. മുൻപരിചയമില്ലാതെ, മാതൃകകൾ ഇല്ലാതെ, ചീഞ്ഞളിഞ്ഞ മണ്ണിൽ ശൂന്യതയിൽ നിന്ന് കുര്യൻ കേരളത്തിന്റെ അഭിമാന സ്തംഭം പണിതുയർത്തി. പണി തീർന്നപ്പോൾ ലോകബാങ്ക് മുതൽ ഹാവാർഡ് യൂണിവേഴ്സിറ്റി വരെ അതിന്റെ മാതൃക പഠന വിധേയമാക്കി. അതിനെ ചൂണ്ടി ഐക്യരാഷ്ട്ര സഭ ലോകത്തോട് പറഞ്ഞു, ഇതാ ആഗോള താപനത്തിനുള്ള ലോകത്തിന്റെ മറുപടി. അവരോടൊക്കെ കുര്യൻ സംസാരിച്ചു-മാധ്യമങ്ങളെ വിളിച്ച് കൂട്ടാതെ, ഒന്നും കൊട്ടിഘോഷിക്കാതെ…നെടുമ്പശേരി വിമാനത്താവളത്തിന്റെ ചരിത്രം പുസ്തകമാക്കപ്പെടേണ്ടതാണ്.

ഒപ്പം അതിനായി ഹോമിച്ച കുര്യന്റെ ജീവിതവും. കയറി വന്നതുപോലെ തന്നെ ആഘോഷങ്ങളോ അനുമോദനങ്ങളോ ഇല്ലാതെ, കഴിഞ്ഞ ദിവസം ആരും അറിയാതെ സിയാലിന്റെ പടിയിറങ്ങിയിരിക്കയാണ് അതിന്റെ രാജശില്പി…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker