KeralaNEWS

കെ. സുരേന്ദ്രൻ ഡൽഹിയിലിരുന്ന് മന്ത്രി വി. മുരളീധരനൊപ്പം പുതിയ യുദ്ധതന്ത്രങ്ങൾ മെനയുന്നു

രണ്ടും കല്പിച്ചാണ് കെ. സുരേന്ദ്രൻ. വിജയലക്ഷ്യത്തോടെ അവസാന നിമിഷം വരെ പൊരുതുക. അതല്ലാതെ വഴിമധ്യേ പരാജിതനായി രാജിവച്ച് തോറ്റോടാൻ ഒരുക്കമല്ല അദ്ദേഹം. അതു കൊണ്ടു തന്നെ പോരാട്ട തന്ത്രങ്ങൾ വിഫലമാകുമ്പോഴും ആയുധങ്ങൾ ബൂമറാംഗ് പോലെ തിരികെ വന്ന് സ്വന്തം മുഖത്ത് പതിക്കുമ്പോഴും സുരേന്ദ്രനു കുലുക്കമില്ല. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ, കേൾക്കുന്നതെല്ലാം കെട്ടുകഥയാണെന്നും താനിപ്പോഴും ഹരിശ്ചന്ദ്രനാണെന്നും ആവർത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.

“ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിൽ ചില പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ എത്തിയതാണ് ഞാൻ. അതല്ലാതെ വിവാദങ്ങൾക്കു വിശദീകരണം തേടി കേന്ദ്ര നേതൃത്വം വിളിപ്പിച്ചതാണ് എന്ന പ്രചരണം പൂർണമായും നുണയാണ്…” സുരേന്ദ്രൻ ആണയിട്ടു പറയുന്നു. പക്ഷേ വിവാദങ്ങളുടെ നാലാമാലകളിൽ കുരുങ്ങി ലക്ഷ്യബോധം നഷ്ടപ്പെട്ട കെ. സുരേന്ദ്രൻ ഡൽഹിയിൽ, മന്ത്രി വി. മുരളീധരൻ്റെ വീട്ടിലിരുന്ന് പുതിയ തന്ത്രങ്ങൾ മെനയുകയാണ്. അടുത്ത രണ്ട് ദിവസം കൂടി ഡൽഹിയിൽ തങ്ങുന്ന സുരേന്ദ്രൻ ഉയർന്ന നേതാക്കന്മാരുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. എന്നാൽ ഇതിനിടെ സി.കെ ജാനുവിന് താൻ പണം നൽകിയെന്ന ആരോപണം കണ്ണൂരിൽ സി.പി.എം നേതാവ് പി. ജയരാജനും പ്രസീതയും ചേർന്നുള്ള ഗൂഢാലോചനയാണെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പ് പരാജയം, പണമിടപാട് വിവാദം എന്നീ വിഷയങ്ങളെച്ചൊല്ലി ബി.ജെ.പി ആരോപണങ്ങളിൽ മുങ്ങി നിൽക്കുമ്പോഴാണ് സംസ്ഥാന അധ്യക്ഷൻ്റെ ഈ ഡൽഹിയി യാത്ര. വിവാദ വിഷയങ്ങളിൽ കേന്ദ്ര നേതൃത്വം വിവിധതലങ്ങളിൽ അന്വേഷണം നടത്തിവരികയാണ്. ഇക്കാര്യത്തിൽ ഔദ്യോഗിക വിഭാഗത്തിന്റെ വിശദീകരണം നൽകാനാണ് സുരേന്ദ്രൻ ഡൽഹിയിൽ എത്തിയിരിക്കുന്നതെന്നാണ് സൂചന. കേന്ദ്രത്തിൽ വി. മുരളീധരന് – കെ. സുരേന്ദ്രൻ പക്ഷത്തോട് അനുഭാവം കാട്ടുന്ന നേതാക്കളെ നേരിൽ കണ്ട് വിശദീകരിക്കാനാണ് ശ്രമം. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് മുംബൈയിലായതിനാൽ ഇന്നലെയും അദ്ദേഹത്തെ കാണാനായില്ല. കേന്ദ്രമന്ത്രി വി. മുരളീധരനും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.

വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നും ഡൽഹിയിലേക്കുള്ള തന്റെ വരവിന് ഇത്തരം വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും സുരേന്ദ്രൻ ആവർത്തിച്ചു പറയുന്നു. സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണം സി.പി.എം ഗൂഢാലോചനയാണ്. സി.പി.എം നേതാവ് പി. ജയരാജനും പ്രസീതയും കണ്ണൂരിൽ വെച്ച് കണ്ടതിന് വ്യക്തമായ തെളിവ് തന്റെ കൈയിലുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു. ജാനുവിന് പണം കൊടുത്തതതായി പ്രസീത കണ്ടിട്ടില്ല. പണം തന്നതായി ജാനുവും പറഞ്ഞിട്ടില്ല. അപ്പോൾ വെറുതെ ഒരു കേസ് സൃഷ്ടിക്കുകയാണ്. എൻ.ഡി.എയുടെ ഘടകക്ഷി നേതാവായ ജാനുവിന് താമസിക്കാൻ ബി.ജെ.പി മുറി എടുത്തുകൊടുത്തതിൽ എന്ത് തെറ്റാണുള്ളതെന്നും അതിൽ എന്ത് വാർത്താ പ്രാധാന്യമാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.

സി.പി.എം ഉയർത്തുന്ന പണവിവാദത്തെ മുട്ടിൽ മരംമുറി കേസ് ഉയർത്തി പ്രതിരോധിക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര വനം മന്ത്രാലയത്തെ ഇടപെടീക്കാനാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ്റെ അടുത്ത ശ്രമം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker